പത്തനംതിട്ട: പത്തനംതിട്ട നഗരസഭാ ഭരണം എല്‍ഡിഎഫ് പിടിച്ചത് മതതീവ്രവാദ ശക്തിയായ എസ്ഡിപിഐ പിന്തുണയോടെ വിജയിച്ച കോണ്‍ഗ്രസ് വിമത ആമിന ഹൈദരാലിയെ വൈസ് ചെയര്‍പേഴ്സണ്‍ ആക്കിക്കൊണ്ട്. കോണ്‍ഗ്രസ് വിമതരായി വിജയിച്ച മൂന്നംഗങ്ങളുടെ പിന്തുണയോടെയാണ് എല്‍ഡിഎഫിലെ ടി. സക്കീര്‍ ഹുസൈന് ചെയര്‍മാനായത്. 13 അംഗങ്ങളുടെ പിന്തുണയുണ്ടായിരുന്ന എല്‍ഡിഎഫിന് മൂന്ന് വിമതരുടെ പിന്തുണ കൂടി ലഭിച്ചതോടെ 32 അംഗ കൗണ്‍സിലിലെ അംഗബലം 16 ആയി. യുഡിഎഫ് നിരയില്‍ 13 അംഗങ്ങള്‍ മാത്രമാണുണ്ടായിരുന്നത്.
ധാരണയുടെ അടിസ്ഥാനത്തില്‍ മൂന്ന് എസ്ഡിപിഐ അംഗങ്ങള്‍ വോട്ടെടുപ്പില്‍ നിന്നും വിട്ടു നിന്നതും ശ്രദ്ധേയമായി. കോണ്‍ഗ്രസ് വിമതരായി ജയിച്ച കെ.ആര്. അജിത് കുമാര്‍, ഇന്ദിരാമണിയമ്മ, എസ്ഡിപിഐ പിന്തുണച്ച ആമിന ഹൈദരാലി എന്നിവരുടെ പിന്തുണ ഉറപ്പിക്കാനുള്ള ശ്രമം രണ്ട് മുന്നണികളും നടത്തിയിരുന്നു. സ്വതന്ത്രരായി സത്യപ്രതിജ്ഞ ചെയ്ത ഇവര്‍ എല്‍ഡിഎഫ് പക്ഷത്തു നിലയുറപ്പിക്കാനുള്ള തീരുമാനം ഞായറാഴ്ച രാത്രിയോടെ അന്തിമമായുണ്ടായി. എസ്ഡിപിഐയിലെ മൂന്നംഗങ്ങളും വോട്ടെടുപ്പില്‍ നിന്നു വിട്ടുനിന്നു. ചെയര്മാന് സ്ഥാനത്തേക്കു മത്സരിച്ച സക്കീര്‍ ഹുസൈന് 16 വോട്ടുകളും യുഡിഎഫിലെ എം.സി.ഷെരീഫിന് 13 വോട്ടുകളും ലഭിച്ചു. വൈസ് ചെയര്‍പേഴ്സണ്‍ സ്ഥാനത്തേക്ക് മത്സരിച്ച ആമിന ഹൈദരാലിക്കും 16 വോട്ടുകളാണ് ലഭിച്ചത്. യുഡിഎഫിലെ സിന്ധു അനിലായിരുന്നു എതിരെ മല്‍സരിച്ചത്.
പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് നഗരസഭയില്‍ എല്‍ഡിഎഫ് ഭരണത്തില്‍ തിരികെയെത്തിയത്. എന്നാല്‍ സാമുദായിക സന്തുലിതാവസ്ഥ പാലിക്കാതെ അധികാര പദവികള്‍ നല്കിയ ആദ്യ കൗണ്‍സിലാണ് ഇതെന്നും പരാതി ഉയരുന്നു. ഇതു രണ്ടാംതവണയാണ് സക്കീര്‍ ഹുസൈന് പത്തനംതിട്ടയില്‍ ചെയര്‍മാനാകുന്നത്. 2005 – 10 കാലയളവിലെ കൗണ്‍സിലില്‍ അവസാന മൂന്നുവര്‍ഷം സക്കീര്‍ ഹുസൈനായിരുന്നു ചെയര്മാന്.
സിപിഎം ജില്ലാ കമ്മിറ്റിയംഗമായ അദ്ദേഹം എട്ടാം വാര്‍ഡ് കൗണ്‍സിലറാണ്. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാനായിരുന്ന സക്കീര്‍ സ്ഥാനം രാജിവച്ചാണ് ഇത്തവണ നഗരസഭയിലേക്കു മത്സരിച്ചത്. പത്തനംതിട്ട ബാറിലെ അഭിഭാഷകന് കൂടിയാണ്. ആമിന ഹൈദരാലി കഴിഞ്ഞ കൗണ്‍സിലില്‍ കോണ്‍ഗ്രസ് കൗണ്‍സിലറായിരുന്നു. 21 -ാം വാര്‍ഡില്‍ നിന്നാണ് ഇത്തവണ വിജയിച്ചത്. പത്തനംതിട്ടയില്‍ കൗണ്‍സിലറായിരുന്ന ഭര്‍ത്താവ് ഹൈദരാലിയുടെ വിയോഗത്തേ തുടര്‍ന്നു നടന്ന ഉപതെരഞ്ഞെടുപ്പിലാണ് കഴിഞ്ഞതവണ ആമിന തെരഞ്ഞെടുക്കപ്പെട്ടത്. ഇത്തവണ കോണ്‍ഗ്രസ് സീറ്റ് നിഷേധിച്ചതോടെയാണ് സ്വതന്ത്രയായി മത്സര രംഗത്തെത്തുകയും പിന്നീട് എസ്ഡിപിഐ പിന്തുണ നല്‍കുകയുമായിരുന്നു.
ആമിന ഹൈദരാലിക്ക് എസ്ഡിപിഐ പിന്തുണ ഉണ്ടെന്നത് പരസ്യമായ രഹസ്യമായിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ എസ്ഡിപിഐ ഇത് ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. ജില്ലാ പ്രസിഡന്റ് അന്‍സാരി ഏനാത്ത് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ ആമിന ഹൈദരാലി തങ്ങള്‍ പിന്തുണ നല്കിയ സ്വതന്ത്ര സ്ഥാനാര്‍ഥിയാണെന്നു വ്യക്തമാക്കിയിരുന്നു. സംസ്ഥാനത്തു വിജയികളായ എസ്ഡിപിഐ കൗണ്‍സിലര്‍മാരുടെ പട്ടികയിലും സ്വതന്ത്രയായി ആമിനയുടെ പേരും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആമിനയുടെ പിന്തുണ എല്‍ഡിഎഫിനു നല്‍കാനും വൈസ് ചെയര്‍പേഴ്സണ്‍ സ്ഥാനം സ്വീകരിക്കാനുമുള്ള തീരുമാനത്തിനു പിന്നാലെയാണ് മൂന്ന് എസ്ഡിപിഐ അംഗങ്ങള്‍ വോട്ടെടുപ്പില്‍ നിന്നു വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: