കോവിഡിന്റെ പ്രഹരം വിധിയെന്നു കരുതി സ്വീകരിച്ച് എല്ലാം പൂട്ടിക്കെട്ടി വീട്ടിലിരിക്കണോ അതോ മഹാമാരിയെ സധൈര്യം നേരിട്ട് നിക്ഷേപകരെ കണ്ടെത്തി തന്റെ സ്റ്റാര്‍ട്ടപ്പിനെ തകര്‍ച്ചയില്‍ നിന്ന് രക്ഷിക്കണോയെന്ന ചോദ്യം മനോദിന് മുന്നില്‍ മലപോലെ ഉയര്‍ന്നത് ഫെബ്രുവരിയിലാണ്. കൊറോണ വൈറസ് ലോകത്തെയാകെ കൈപ്പിടിയിലാക്കാലാരംഭിച്ച അനിശ്ചിതത്വം നിറഞ്ഞ കാലത്ത് രണ്ടും കല്‍പ്പിച്ച് മനോദ് ലോകത്തിന്റെ മറുപാതിയിലേക്കൊരു ദീര്‍ഘ സഞ്ചാരം നടത്തി.
മുങ്ങിത്താഴുമെന്ന് ആശങ്കപ്പെട്ടിരുന്നിടത്തേക്ക് ഒഴുകിയെത്തിയത് രണ്ട് ദശലക്ഷം ഡോളറിന്റെ യുഎസ് നിക്ഷേപം. കോവിഡിനെ അവസരമാക്കി മനോദ് മുന്നേറിയപ്പോള്‍ പിറന്നത്, ഡാറ്റ സുരക്ഷയ്ക്കും സ്വകാര്യതയ്ക്കും കൂടി പ്രാമുഖ്യം കൊടുക്കുന്ന, ഫോക്കസ് എന്ന വീഡിയോ സ്ട്രീമിംഗ് ആപ്പ്. ജീവിതത്തിലെ ഓരോ അനിശ്ചിതാവസ്ഥകളെയും അവസരമാക്കിക്കൊണ്ട് ഒരു വ്യാഴവട്ടമായി വിജയപാതയില്‍ മുന്നേറുന്ന മനോദിന്റെ കഥ, മലയാളി സ്റ്റാര്‍ട്ടപ്പ് സംരംഭകര്‍ക്ക് വലിയ പ്രചോദനമാണ്
പത്തനംതിട്ടയിലെ അടൂരാണ് സ്വദേശമെങ്കിലും മനോദിന്റെ കുട്ടിക്കാലവും പഠനവുമെല്ലാം ഒഡീഷയിലായിരുന്നു. അവിടെ മൈനിംഗ് തൊഴിലാളിയായിരുന്ന പിതാവ് റിട്ടയറായി നാട്ടിലേക്ക് മടങ്ങിയ കാലത്ത് ഡെല്‍ഹിയില്‍ ഏവിയേഷന്‍ പഠനവും കഴിഞ്ഞ് മനോദ് ഒരു വിമാനക്കമ്പനിയില്‍ ഫ്ളൈറ്റ് സ്റ്റ്യുവാര്ഡായി കരിയറിന് തുടക്കമിട്ടിരുന്നു. റൂം മേറ്റ്സായ സുഹൃത്തുക്കള്‍ രണ്ടും സോഫ്റ്റ്വെയര് എന്‍ജിനീയര്‍മാര്‍.
സഹമുറിയന്മാരോട് ചോദിച്ചും അവരുടെ പുസ്തകങ്ങള്‍ നോക്കിയും മനോദ് സോഫ്റ്റ്വെയറില് സാമാന്യം പ്രാവീണ്യം നേടിയെടുത്തു. ഇതിനിടെ പിതാവ് നാട്ടില്‍ ആരംഭിച്ച സംരംഭം തകര്‍ന്ന് കുടുംബം സാമ്പത്തിക പ്രതിസന്ധിയിലേക്ക് വീണു. കിടപ്പാടം നഷ്ടപ്പെട്ട് വാടകവീട്ടിലേക്ക് മാറിയ കുടുംബത്തിനെ സംരക്ഷിക്കാന്‍ ജോലി ഉപേക്ഷിച്ച് മനോദ് 2006 ല്‍ നാട്ടിലേക്ക്.
കടങ്ങളെല്ലാം വീട്ടി എങ്ങനെ ജീവിതം തിരികെ പിടിക്കുമെന്നായിരുന്നു പിന്നീടുള്ള ആലോചന. തുഴഞ്ഞ് തീരമണയാന്‍ കൂട്ടുപിടിച്ചത് ആകസ്മികമായി സ്വായത്തമാക്കിയ സോഫ്റ്റ്വെയറിനെയാണ്. വാടക വീട് തൊഴിലിടമാക്കി, വെബ്സൈറ്റുകള്‍ നിര്‍മിക്കാനാരംഭിച്ചു. 2008 ആയപ്പോഴേക്കും ഒരു വെബ് ഡിസൈനിംഗ് ഫ്രീലാന്‍സ് സ്ഥാപനം, മനോദ്.കോം എന്ന പേരില്‍ അടൂരില്‍ ആരംഭിച്ചു. വെബ്സൈറ്റ് ഡിസൈനിംഗ്, ഡൊമെയ്ന്‍ രജിസ്ട്രേഷന് എന്നിവയൊക്കെയായിരുന്നു സേവനങ്ങള്‍. കഠിനാധ്വാനം ഫലം കണ്ടതോടെ വാടകവീട്ടില്‍ നിന്ന് സ്വന്തമായൊരു വീട്ടിലേക്ക് ജീവിതം സുരക്ഷിതമാക്കാനും കടബാധ്യതകള്‍ വീട്ടാനും സാധിച്ചു.
2012 ജനുവരിയില്‍ എറണാകുളത്തെ എളമക്കരയിലേക്ക് സ്ഥാപനത്തെ പറിച്ചുനട്ടു. തൊട്ടടുത്ത വര്‍ഷം ട്രിനിറ്റി മാസ്കട്ട് കണ്‍സള്‍ട്ടന്‍സി സര്‍വീസസ് എന്ന് പേര് മാറ്റിക്കൊണ്ട് കാക്കനാട്ടേക്ക് വളര്‍ന്നു കമ്പനി. ദേശീയ അന്താരാഷ്ട്ര ക്ലയന്റുകള്‍ക്ക് തൃപ്തികരമായ സേവനം നല്‍കിക്കൊണ്ട് വിശ്വാസ്യത നേടിയെടുക്കാന്‍ ഇക്കാലത്ത് സ്റ്റാര്‍ട്ടപ്പിന് സാധിച്ചു. ഒമാനിലെ ഇന്ത്യന്‍ എംബസിയുടെ 76 പേജ് വരുന്ന വെബ്സൈറ്റ് ആറ് പേരടങ്ങുന്ന മനോദിന്റെ ടീം വെറും മൂന്ന് ദിവസം കൊണ്ടാണ് പൂര്‍ത്തിയാക്കിയത്.
സെയില്‍സ് ഫോക്കസ് പിറക്കുന്നു
സേവനങ്ങള്‍ മാത്രം നല്കിയതുകൊണ്ട് ഒരു കമ്പനിയും രക്ഷപെടില്ലെന്നും പ്രൊഡക്റ്റ് അത്യാവശ്യമാണെന്നും അധികം താമസിയാതെ സംരംഭകന് ബോധ്യമായി. ‘2015 അവസാനമായപ്പോഴേക്കും സ്വന്തം പ്രൊഡക്റ്റായ ‘അക്വലെ്രെടസിസ്’ പുറത്തിറക്കി. സെയില്‍സ് ജീവനക്കാരെ ട്രാക്ക് ചെയ്യാനാണ് ഇത് ഉപയോഗിച്ചത്.
പേര് പലര്‍ക്കും ഓര്‍ത്തിരിക്കാന്‍ പറ്റുന്നില്ലെന്ന് കണ്ടപ്പോഴാണ് ബ്രാന്‍ഡിംഗിനെക്കുറിച്ച് പഠിക്കാനാരംഭിച്ചത്. സെയില്‍സ് ഫോക്കസ് എന്ന പേര് വരുന്നത് ഇങ്ങനെയാണ്,’ മനോദ് പറയുന്നു. ഇപ്രകാരം കമ്പനിയുടെ സെയില്‍സ് എക്സിക്യൂട്ടീവുകള്‍ ഉഴപ്പിയപ്പോള്‍ അവരെ നേര്‍വഴി നടത്താന്‍ രൂപീകരിച്ച സെയില്‍സ് ഫോക്കസ് പിന്നീട് ലോകമെങ്ങും ശ്രദ്ധിക്കപ്പെട്ടു. കമ്പനിയുടെ പ്രധാന ഉല്‍പ്പന്നമായി മാറി. യുഎസ് അടക്കം ആറ് രാജ്യങ്ങളിലെ ഡസന്‍ കണക്കിന് സംതൃപ്തരായ ക്ലയന്റുകള്‍ ഇതിന് തെളിവാണ്.
പ്രതിസന്ധിയുടെ നാളുകള്‍
എന്ത് പ്രതികൂല സാഹചര്യമുണ്ടെങ്കിലും ജോലി ചെയ്യുന്നവര്‍ക്ക് മാസത്തിലെ ആദ്യ ആഴ്ച തന്നെ ശമ്പളം കൊടുക്കണമെന്ന് നിര്‍ബന്ധമുള്ള സംരംഭകനാണ് മനോദ്. ഏളമക്കരയിലെ മൂന്ന് ജീവനക്കാരില്‍ നിന്ന് കമ്പനി 55 ജീവനക്കാരിലേക്ക് വളരുകയും ശമ്പള ചെലവ് പ്രതിമാസം 30 ലക്ഷത്തിലേക്ക് ഉയരുകയും ചെയ്തിട്ടും ഈ പതിവ് തെറ്റിയിട്ടില്ല. എന്നാല്‍ കോവിഡ് ലോകമെങ്ങും സൃഷ്ടിച്ച സാമ്പത്തിക അടിയന്തരാവസ്ഥ സെയില്‍സ് ഫോക്കസിന്റെ വരുമാന മാര്‍ഗങ്ങളും അടച്ചു. ശമ്പളം കൊടുക്കാനും ചെലവ് നടത്താനും പണമില്ലെന്നായി. പ്രതിസന്ധിയിലായ കമ്പനിയെ രക്ഷിക്കാന്‍ കോവിഡ് കാലത്ത് രണ്ടും കല്പ്പിച്ചൊരു സാഹസിക യാത്രക്ക് മനോദ് തയാറെടുത്തു. യുഎസ് ഇന്‍വെസ്റ്ററില്‍ നിന്ന് ഫണ്ടെത്തിക്കുകയായിരുന്നു ലക്ഷ്യം. അപായസാധ്യത ചൂണ്ടിക്കാട്ടി കുടുംബാംഗങ്ങള്‍ നിരുല്‍സാഹപ്പെടുത്തിയെങ്കിലും മനോദ് പിന്മാറിയില്ല.
പ്രതീക്ഷിച്ചതിലും വലിയ പ്രതിസന്ധിയാണ് അമേരിക്കയില്‍ കാത്തിരുന്നത്. മുന്‍ ധാരണയില്‍ നിന്ന് ന്യൂയോര്‍ക്കിലെ നിക്ഷേപകന് പിന്മാറിയതോടെ മനോദ് ശരിക്കും കുടുങ്ങി. മൂന്നാഴ്ച യുഎസില്‍ പിന്നിട്ടപ്പോഴേക്കും കമ്പനിയില്‍ സാലറി കൊടുക്കേണ്ട ദിവസവുമായി. കമ്പനി അടച്ചു പൂട്ടേണ്ടി വരുമെന്ന ആശങ്കയും നിരാശാബോധവും ഒപ്പം അന്യനാട്ടില്‍ പെട്ടതുമെല്ലാം ചേര്‍ന്ന് കരച്ചിലിന്റെ വക്കിലെത്തി കഥാനായകന്. കൈയിലാണെങ്കില്‍ ചെലവിന് കാശുമില്ല!
ഉര്‍വശീശാപം ഉപകാരം
ദൈവം എന്നത് വാസ്തവത്തില്‍ വ്യക്തികളാണെന്ന് ബോധ്യമാക്കി തരുന്ന സംഭവങ്ങളാണ് പിന്നീട് നടന്നതെന്ന് മനോദ് പറയുന്നു. ഡാലസില്‍ നിന്നുള്ള കുര്യന്, സണ്ണി എന്നീ രണ്ട് ഇന്‍വെസ്റ്റര്‍മാര്‍ മനോദിന്റെ സ്റ്റാര്‍ട്ടപ്പില്‍ രണ്ട് ദശലക്ഷം ഡോളര്‍ നിക്ഷേപിക്കാമെന്ന് ഉറപ്പുകൊടുത്തു. ഇന്‍വെസ്റ്ററുടെ ബന്ധുവായ എല്‍ദോസ് ജോയിയുടെ കുടുംബം പിന്നീടുള്ള ആറുമാസക്കാലം മനോദിന് അഭയമൊരുക്കി. അതിഥികളെയൊന്നും ആരും അടുപ്പിക്കാത്ത കോവിഡ് കാലത്ത് തന്നെ കുടുംബാംഗത്തെപ്പോലെയാണ് അവര്‍ സംരക്ഷിച്ചതെന്ന് മനോദ്.
ഫോക്കസ് വരുന്നു
സ്വകാര്യതാ ലംഘന വിവാദത്തില്‍ പെട്ട സൂം ആപ്പിന് ബദലായി ഒരു മലയാളി ഇന്റര്‍നാഷണല്‍ ആപ്പിനെക്കുറിച്ച് മനോദ് ആലോചിച്ചത് ഇക്കാലത്താണ്. കൊച്ചിയിലെ മനോദിന്റെ ടീമായ സ്കൈഈസ്ലിമിറ്റ് ടെക്നോളജീസില്‍ നാലു മാസത്തെ കഠിനാധ്വാനത്തിലൂടെ ഫോക്കസ് ആപ്പ് പിറവിയെടുത്തു. ബെംഗളൂരുവില്‍ ഓഗസ്റ്റ് മാസം ആദ്യം സ്റ്റോക്ക് മാര്‍ക്കറ്റ് ഇന്‍സ്റ്റിറ്റിയൂട്ട് (എസ്എംഐ) സംഘടിപ്പിച്ച മെഗാ ഓണ്‍ലൈന്‍ ജോബ്ഫെയറിന്റെ സാങ്കേതിക പിന്തുണാ ചുമതല വിജയകരമായി പൂര്‍ത്തിയാക്കിയതോടെ ഫോക്കസ് ശ്രദ്ധിക്കപ്പെട്ടു. ഇന്‍ഫോസിസ്, ഐസിഐസിഐ, എസ്ബിഐ, ആക്സിസ് ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, ആമസോണ്‍ പേ, ഫഌപ്കാര്‍ട്ട്, കൊട്ടാക് മഹീന്ദ്ര, ബജാജ് കാപിറ്റല്‍ തുടങ്ങി വമ്പന്മാരാണ് ഫോക്കസിനെ മുക്തകണ്ഠം പ്രശംസിച്ചത്.
വരുന്നു വൈവിധ്യം
പ്രൊഡക്റ്റുകളുടെ വൈവിധ്യവല്ക്കരണത്തില് ഫോക്കസ് ചെയ്യുകയാണ് മനോദും ടീമും ഇപ്പോള്‍. ഫോക്കസിന് പിന്നാലെ പ്രൊജക്റ്റ് മാനേജ്മെന്റാണ് കമ്പനി അവതരിപ്പിക്കാനൊരുങ്ങുന്നത്. സെയില്‍സെന്ന വേരിലൂന്നി അനലിറ്റിക്സ്, എക്കൗണ്ട്, കംപാരിസണ്, സാലറി സ്ട്രക്ച്ചര്‍, എച്ച്ആര്‍ മാനേജ്മെന്റ്…അങ്ങനെ എല്ലാ സേവനങ്ങളും ക്ലയന്റുകള്‍ക്ക് നല്‍കാനാണ് ഉദ്ദേശ്യം. എച്ച്ആര്‍ മാനേജ്മെന്റിന്റെ അപ്ഡേറ്റഡായ പ്രൊഡക്റ്റും ഡിസംബറില്‍ വരും.
കൂടുതല്‍ നിക്ഷേപം
രണ്ട് ദശലക്ഷം ഡോളറിന്റെ നിക്ഷേപം കമ്പനിക്ക് നല്കിയ ഊര്‍ജം ചെറുതല്ലെന്ന് മനോദ്. കമ്പനിയുടെ ടീമിനെ വിപുലപ്പെടുത്തി. മാര്‍ച്ച് മാസത്തോടെ പുതിയ ഇന്‍വെസ്റ്റ്മെന്റും പ്രഖ്യാപിക്കാനുള്ള തയാറെടുപ്പിലാണ് കമ്പനി. ബഹുരാഷ്ട്ര കമ്പനിയായി വളരുന്ന സ്ഥാപനത്തിന്റെ ഭാവിയിലെ ആസ്ഥാനം യുഎസ് ആവും. പുതിയ സ്വപ്നങ്ങളിലേക്ക്, ഉയരങ്ങളിലേക്ക് ചിന്തകളെ ഫോക്കസ് ചെയ്യുകയാണ് ഈ മലയാളി സംരംഭകന്.
കെ എസ് ശ്രീകാന്ത്
ബിസിനസ് വോയ്സ് അസിസ്റ്റന്റ് എഡിറ്റര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: