കോഴിക്കോട്: രാഷ്ട്രസ്നേഹികളായവരുടെയും സംഘപ്രവര്‍ത്തകരുടെയും ഏക ലക്ഷ്യബോധത്തോടെ, ഒറ്റക്കെട്ടായ പരിശ്രമത്തിന്റെ ഫലമാണ് കേസരിയും കേസരി മാധ്യമപഠന ഗവേഷണകേന്ദ്രവുമെന്ന് കൊളത്തൂര്‍ അദൈ്വതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി പറഞ്ഞു. കേസരി ആസ്ഥാനമന്ദിര ഉദ്ഘാടന ചടങ്ങില്‍ അനുഗ്രഹ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
സാംസ്കാരിക പ്രവര്‍ത്തനങ്ങളുടെ വലിയ ചുവടുവെപ്പാണ് പഠനഗവേഷണകേന്ദ്രമെന്നും ധര്‍മ്മബോധമുള്ള മാധ്യമപ്രവര്‍ത്തകരെ സൃഷ്ടിക്കുന്നതിന് ഇത് കാരണമാകട്ടെ എന്നും സ്വാമി ചിദാനന്ദപുരി പറഞ്ഞു. ഗുണകരമായതിനെ കാണാതെ രാഷ്ട്രത്തെ ധ്വംസിക്കുന്ന കാര്യങ്ങള്‍ക്കാണ് മിക്ക മാധ്യമങ്ങളും പ്രാധാന്യം നല്‍കുന്നത്. കാഞ്ചി കാമകോടി മഠാധിപതിക്കെതിരെ പ്രാധാന്യത്തോടെ എഴുതിയ ഈ മാധ്യമങ്ങള്‍ അദ്ദേഹം കുറ്റവിമുക്തനായത് ആരും ശ്രദ്ധിക്കപ്പെടാത്ത രീതിയില്‍ അപ്രസക്തമായാണ് നല്‍കിയത്. പൗ
രത്വ നിയമഭേദഗതി കൊണ്ടുവന്നപ്പോള്‍ കേരളത്തിലെ മാധ്യമങ്ങളുടെ നിലപാട് അപഗ്രഥിക്കേണ്ടതാണ്. കാലാകാലങ്ങളായി നടക്കാത്ത വിദ്യാഭ്യാസ പരിഷ്ക്കരണത്തിന് ഉതകുന്ന പദ്ധതി ഇപ്പോള്‍ മാത്രമാണ് വന്നത്. ഇതിന്റെ ഗുണവശത്തെ മാധ്യമങ്ങള്‍ എത്രകണ്ട് കാണുന്നുണ്ടെന്നും സ്വാമി ചിദാനന്ദപുരി ചോദിച്ചു.
ധര്‍മ്മബോധവും രാഷ്ട്രബോധവുമുള്ള മാധ്യമ പ്രവര്‍ത്തകരാണ് സൃഷ്ടിക്കപ്പെടേണ്ടത്. ഇത് വ്യക്തിയുടെ ആവശ്യമല്ല, രാഷ്ട്രത്തിന്റെ ആവശ്യമാണ്. രാജ്യത്തിന്റെ കരുത്തും ആര്‍ജ്ജവവും വര്‍ദ്ധിപ്പിക്കുന്നതിന് കേസരി മാധ്യമ പഠന ഗവേഷണ കേന്ദ്രം കാരണമാകട്ടെ എന്നും സ്വാമി ചിദാനന്ദപുരി ആശംസിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: