കൊല്ലം: ആര്യങ്കാവ് ആര്‍ടിഒ ചെക്കുപോസ്റ്റില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന. കണക്കില്‍പെടാത്ത 6500 രൂപ കണ്ടെത്തി. തെന്മല സ്വദേശി നാഗരാജന് എന്നയാള്‍ തമിഴ്നാട്ടില്‍ നിന്നുമുള്ള ചരക്കുലോറി ഡ്രൈവര്‍മാരുടെ കൈയില്‍ നിന്നും ആര്യങ്കാവിലെ ആര്‍ടിഒ ചെക്കുപോസ്റ്റ് കേന്ദ്രീകരിച്ച് സ്ഥിരമായി പിരിവ് നടത്തി ഒരു വിഹിതം ആര്‍ടിഒ ചെക്കുപോസ്റ്റില്‍ നല്കി ലോറികള്‍ കടത്തിവിടുന്നതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നതായി ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
കഴിഞ്ഞദിവസം രാത്രി 10 മുതല്‍ ആര്യങ്കാവിലും പരിസരത്തും രഹസ്യമായി അന്വേഷണം നടത്തിയതില്‍ നാഗരാജന് ലോറിക്കാരില്‍ നിന്നും പിരിവ് നടത്താറുണ്ടെന്ന് വിജിലന്‍സിന് ബോധ്യമായി. തുടര്‍ന്ന് രാത്രി 11.45ന് ചെക്കുപോസ്റ്റില്‍ പരിശോധന നടത്തിയപ്പോഴാണ് കണക്കില്‍പെടാത്ത പണം കണ്ടെടുത്തത്.
പണത്തെപ്പറ്റി അവിടെ ഉണ്ടായിരുന്ന ഉദ്യോഗസ്ഥരില്‍ നിന്നും മറുപടിയുണ്ടായില്ല. അത് വാഹന ഡ്രൈവര്‍മാരില്‍ നിന്നും ‘പടി’ പണമായി വാങ്ങിയതാണെന്ന് ബോധ്യപ്പെട്ടു. ഇത് പിന്നീട് ട്രഷറിയില്‍ അടച്ചു. നാഗരാജനെക്കുറിച്ച് വിശദമായി അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് വിജിലന്‍സ് അറിയിച്ചു.
വിജിലന്‍സ് കൊല്ലം യൂണിറ്റ് ഇന്‍സ്പെക്ടര്‍ എസ്. സാനി, പുനലൂര്‍ സബ്ബ് രജിസ്ട്രാര്‍ ടി.എം. ഫിറോസ്, എസ്ഐ അശോക് കുമാര്‍, എഎസ്ഐ ജയഘോഷ്, സിപിഒ ദീപന്, ദേവരാജന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: