കോഴിക്കോട്: സാമൂതിരിയുടെ തട്ടകത്തിന് തിലകക്കുറി ചാര്‍ത്തി കേസരി ആസ്ഥാനമന്ദിരം ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് രാഷ്‌ട്രത്തിന് സമര്‍പ്പിച്ചു. സപ്തതിയുടെ നിറ ശോഭ ചൊരിയുന്ന കേസരി യുടെ ചരിത്രത്തില്‍ സുവര്‍ണ ലിപികളാല്‍ എഴുതപ്പെടുന്ന മൂഹൂര്‍ത്തത്തിന് സാക്ഷ്യം വഹിക്കാന്‍ പ്രൗഢഗംഭീരസദസ്സിന്റെ സാന്നിദ്ധ്യവും.
ചാലപ്പുറത്തുള്ള കേസരി ആസ്ഥാനമന്ദിരത്തിലെ പരമേശ്വരം ഹാളില്‍ നടന്ന ചടങ്ങില്‍, നെയ്‌ത്തിരിയിട്ട വിളക്ക് തെളിയിച്ചാണ് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് കേസരി വാരികയുടെ ആസ്ഥാനമന്ദിരവും മാധ്യമ പഠനഗവേഷണകേന്ദ്രവും ഉദ്ഘാടനം ചെയ്തത്.
സ്വാഗതസംഘം അദ്ധ്യക്ഷന്‍ പി.ആര്‍. നാഥന്‍ അദ്ധ്യക്ഷനായി. കൊളത്തൂര്‍ അദൈ്വതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി, ആര്‍എസ്എസ് മുന്‍ അഖിലഭാരതീയ ബൗദ്ധിക് ശിക്ഷണ്‍പ്രമുഖ് ആര്‍. ഹരി എന്നിവര്‍ അനുഗ്രഹഭാഷണം നടത്തി. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ എം. കേശവ മേനോന്‍ ആശംസാഭാഷണം നടത്തി. കേസരിഗീതം രചിച്ച സംഗീതസംവിധായകനും ഗാനരചയിതാവുമായ കൈതപ്രം ദാമോദരന്‍ നമ്പൂതിരി, ഗീതം ആലപിച്ച കൈതപ്രത്തിന്റെ മകനും ഗായകനുമായ ദീപാങ്കുരന്‍, സോപാന സംഗീതജ്ഞന്‍ ഞെരളത്ത് ഹരിഗോവിന്ദന്‍, പിഎംകെ കണ്‍സ്ട്രക്ഷന്‍സ് കമ്പനി എംഡി പി.എം. കേളുക്കുട്ടി, ദാമോദര്‍ ആര്‍ക്കിടെക്റ്റ് ഉടമ കെ. ദാമോദരന്‍ എന്നിവരെ ഡോ. മോഹന്‍ ഭാഗവത് ആദരിച്ചു. കുരുക്ഷേത്രപ്രകാശന്‍, കേസരി പബ്ലിക്കേഷന്‍സ് എന്നിവ പ്രസിദ്ധീകരിച്ച എട്ട് പുസ്തകങ്ങളുടെ പ്രകാശനവും ഡോ. മോഹന്‍ ഭാഗവത് നിര്‍വ്വഹിച്ചു.
കോഴിക്കോട് ശ്രീരാമകൃഷ്ണമിഷന്‍ ആചാര്യന്‍ സ്വാമി നരസിംഹാനന്ദ, കോഴിക്കോട് ചിന്മയ മിഷന്‍ ആചാര്യന്‍ സ്വാമി ജിതാത്മാനന്ദ സരസ്വതി, ഒ. രാജഗോപാല്‍ എംഎല്‍എ, പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍, ആര്‍എസ്എസ് ക്ഷേത്രീയ സംഘചാലക് ഡോ. വന്നിയരാജന്‍, ആര്‍എസ്എസ് പ്രാന്തസഹസംഘചാലക് അഡ്വ. കെ.കെ. ബാലറാം, പ്രാന്തകാര്യവാഹ് പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍, ഭാരതീയ വിചാരകേന്ദ്രം ജോയിന്റ് ഡയറക്ടര്‍ ആര്‍. സഞ്ജയന്‍ എന്നിവര്‍ പങ്കെടുത്തു. കേസരി മുഖ്യപത്രാധിപര്‍ ഡോ. എന്‍.ആര്‍. മധു ആമുഖഭാഷണം നടത്തി. ഹിന്ദുസ്ഥാന്‍ പ്രകാശന്‍ ട്രസ്റ്റ് മാനേജര്‍ അഡ്വ. പി.കെ. ശ്രീകുമാര്‍ സ്വാഗതവും കെ. സര്‍ജിത്ത്‌ലാല്‍ നന്ദിയും പറഞ്ഞു.
കെ.സി. വിവേക് രാജയുടെ വയലിന്‍ കച്ചേരിയോടെയാണ് ചടങ്ങ് ആരംഭിച്ചത്. ഹരികൃഷ്ണന്‍ ഹരിദാസ് മൃദംഗമൊരുക്കി. മലാപ്പറമ്പ് വേദവ്യാസ വിദ്യാലയത്തിലെ വിദ്യാര്‍ത്ഥികളായ നിരഞ്ജന എസ്. കുമാര്‍, ആര്‍.എസ്. ഗോപിക, പി.എസ്. ആര്യനന്ദ എന്നിവര്‍ വന്ദേമാതരം ആലപിച്ചു. ഞെരളത്ത് ഹരിഗോവിന്ദന്‍ സോപാനസംഗീതവും പിന്നണി ഗായകന്‍ ദീപാങ്കുരന്‍ ഗീതവും ആലപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: