കണ്ണൂര്‍: കേരള ഫോക്ലോര് അക്കാദമി 2019 വര്‍ഷത്തെ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. പതിനൊന്നു നാടന്കലാകാരന്മാര്ക്കുള്ള ഫെലോഷിപ്പും ഏഴ് ഗുരുപൂജ അവാര്‍ഡുകളും ഉള്‍പ്പെടെ 111 പുരസ്കാരങ്ങളാണ് പ്രഖ്യാപിച്ചത്. സമഗ്രസംഭാവനയ്ക്കുള്ള 25,000 രൂപയുടെ വിശിഷ്ടപുരസ്കാരം യക്ഷഗാന കലാകാരന് എം. ശങ്കര്‍ റായ് (കാസര്‍കോട്), 15,000 രൂപയുടെ പ്രത്യേക പുരസ്കാരം ഗോത്രകലാകാരനായ കാഞ്ചിയാര്‍ രാജന് (ഇടുക്കി) എന്നിവര്‍ നേടി.
ദിനേശന് തെക്കന്കൂറ്റന് പെരുവണ്ണാന് (തെയ്യം), കൃഷ്ണന് പണിക്കര്‍ (തെയ്യം), കെ. നാരായണ പണിക്കര്‍ (മറത്തുകളി), വി.കെ. ബഷീര്‍ (ദഫ്മുട്ട്), പി.പി. നാരായണന് ഗുരുക്കള്‍ (കളരിപ്പയറ്റ്), വെട്ടൂര്‍ കെ. സുശീലന് (പാക്കനാര്‍കളി), കെ.കെ. രാമചന്ദ്ര പുലവര്‍ (തോല്പാവക്കൂത്ത്), ടി. ലക്ഷ്മികാത്ത അഗ്ഗിത്തായ (തിടമ്പ്നൃത്തം), സജികുമാര്‍ ഓതറ (പടയണി), പ്രഭാകരന് എ.വി. (കോല്‍ക്കളി), രാമചന്ദ്രന് പണിക്കര്‍ (തെയ്യം) എന്നിവരാണ് 15,000 രൂപ വീതമുള്ള ഫെല്ലോഷിപ്പ് നേടിയത്.
അവാര്‍ഡ് 74, യുവപ്രതിഭാ പുരസ്കാരം ഒന്‍പത്, മികച്ച ഫോക്ലോര് ഗ്രന്ഥരചനാ അവാര്‍ഡ് രണ്ട്, ഫോക്ലോര് ഡോക്യുമെന്ററി മൂന്ന്, സമഗ്ര സംഭാവന വിശിഷ്ട പുരസ്കാരം ഒന്ന്, സമഗ്ര സംഭാവന പ്രത്യേക പുരസ്കാരം ഒന്ന്, ഫോക്ലോര് റിപ്പോര്‍ട്ടിങ് ഒന്ന്, ഫോക്ലോര് സിനിമാ പ്രത്യേക പുരസ്കാരം ഒന്ന്, ഫോക്ലോര് എംഎ റാങ്ക് ജേതാവ് ഒന്ന് എന്നിങ്ങനെ 111 അവാര്‍ഡുകളാണ് നല്‍കുന്നത്. ഇത്തവണ പത്തില്‍ കൂടുതല്‍ അവാര്‍ഡുകള്‍ ഗോത്ര കലാകാരന്മാര്ക്കാണെന്ന് അക്കാദമി ചെയര്മാന് സി.ജെ. കുട്ടപ്പന് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വൈസ് ചെയര്മാന് എ.വി. അജയകുമാര്‍, സെക്രട്ടറി കീച്ചേരി രാഘവന് എന്നിവരും സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: