തിരുവനന്തപുരം : കിഫ്ബിയെ കുറിച്ചുള്ള സിഎജി റിപ്പോര്‍ട്ട് നിയമസഭയില്‍ വെയ്‌ക്കുന്നതിന് മുമ്പാകെ പരസ്യപ്പെടുത്തിയതില്‍ അവകാശലംഘനം നടത്തിയിട്ടില്ലെന്ന് ധനമന്ത്രി തോമസ് ഐസക്. വിഷയത്തില്‍ നിയമസഭ എത്തിക്‌സ് കമ്മിറ്റി വിളിപ്പിച്ചതിനെ തുടര്‍ന്ന് നല്‍കിയ മറുപടിയിലാണ് ഇക്കാര്യം അറിയിച്ചത്.
നിയമസഭയില്‍ വെയ്‌ക്കും മുമ്പ് റിപ്പോര്‍ട്ട് പരസ്യപ്പെടുത്തിയ മന്ത്രിയുടെ നടപടി സഭാ അംഗങ്ങളുടെ അവകാശങ്ങളുടെ ലംഘനമാണെന്ന എംഎല്‍എ വിഡി സതീശന്റെ പരാതിയിലാണ് എത്തിക്‌സ് കമ്മിറ്റി വിളിപ്പിച്ചത്. എന്നാല്‍ സിഎജി റിപ്പോര്‍ട്ട് പുറത്തുവിട്ടതില്‍ അവകാശ ലംഘനം ഉണ്ടായിട്ടില്ല. സര്‍ക്കാരുമായി ചര്‍ച്ച ചെയ്യാത്ത കാര്യങ്ങള്‍ സിഎജി റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇത് സംസ്ഥാനത്തിന്റെ വികസനത്തെ തന്നെ അട്ടിമറിക്കുന്ന സാഹചര്യവും ഉണ്ടായി. ഇതുമായി ബന്ധപ്പെട്ട് എത്തിക്‌സ് കമ്മിറ്റി എന്ത് നടപടിയെടുത്താലും അത് സ്വീകരിക്കുമെന്നും ധനമന്ത്രി അറിയിച്ചു.
അതീവരഹസ്യമായി സൂക്ഷിക്കേണ്ട സിഎജി റിപ്പോര്‍ട്ട് ധനമന്ത്രി മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കി. ഇതുമായി ബന്ധപ്പെട്ട് ചാനലുകളിലടക്കം നടന്ന ചര്‍ച്ചയില്‍ പങ്കെടുക്കുകയും ചെയ്തു. സഭാവകാശങ്ങളിന്മേലുള്ള കടന്നുകയറ്റവും ചട്ടലംഘനവുമാണിതെന്നായിരുന്നു വി.ഡി. സതീശന്റെ പരാതിയില്‍ പറയുന്നത്. മന്ത്രിയുടെ വിശദീകരണത്തില്‍ എത്തിക്‌സ് കമ്മിറ്റി തുടര്‍ നടപടികളിലേക്ക് കടക്കും.
ഒമ്പതംഗ നിയമസഭാ എത്തിക്‌സ് കമ്മിറ്റിയില്‍ ആറ് പേര്‍ ഭരണപക്ഷ അംഗങ്ങളാണ്. നിലവില്‍ ഗവര്‍ണര്‍ക്കാണ് സിഎജി റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടത്. അത് അതീവരഹസ്യമായി സൂക്ഷിക്കേണ്ടതാണ്. ഈ റിപ്പോര്‍ട്ട് ഗവര്‍ണറുടെ അംഗീകാരത്തോടെയാണ് സഭയില്‍ വെയ്‌ക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: