ന്യൂദല്‍ഹി: ഓര്‍ത്തഡോക്സ്- യാക്കോബായ സഭാ തര്‍ക്കത്തില്‍ പ്രധാനമന്ത്രിയുടെ ഇടപെടലിന് തുടക്കമായി. ഇന്നലെ ഓര്‍ത്തഡോക്സ് സഭാ നേതൃത്വം പ്രധാനമന്ത്രിയുടെ വസതിയിലെത്തി ചര്‍ച്ച നടത്തി. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ സമ്പൂര്‍ണ സംതൃപ്തരാണെന്ന് ഓര്‍ത്തഡോക്സ് നേതൃത്വം കൂടിക്കാഴ്ചയ്ക്ക് ശേഷം അറിയിച്ചു. യാക്കോബായ സഭയുടെ നേതൃത്വം ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്ക് പ്രധാനമന്ത്രിയെ കാണും.
മിസോറാം ഗവര്‍ണറും ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷനുമായ പി.എസ്. ശ്രീധരന്‍പിള്ളയ്ക്കൊപ്പമാണ് ഓര്‍ത്തഡോക്സ് സഭാ നേതൃത്വം ലോക് കല്യാണ്‍ മാര്‍ഗ്ഗിലെ മോദിയുടെ വസതിയിലെത്തിയത്. ദല്‍ഹി ഡയോസിസ് ബിഷപ്പ് യൂഹന്നാന്‍ മാര്‍ ദിമിത്രിയോസ്, കണ്ടനാട് ഈസ്റ്റ് ഡയോസിസ് ബിഷപ്പ് ഡോ. തോമസ് മാര്‍ അത്താനാസിയോസ്, സഭാ സിനഡ് സെക്രട്ടറിയും ചെന്നൈ ബിഷപ്പുമായ യൂഹന്നാന്‍ മാര്‍ ദിയസ് കോറസ് എന്നിവരാണ് കൂടിക്കാഴ്ചയില്‍ പങ്കെടുത്തത്. മലങ്കര സഭകള്‍ ഒന്നാകണമെന്ന നിലപാടാണ് തങ്ങള്‍ക്കുള്ളതെന്ന് പ്രധാനമന്ത്രിയെ അറിയിച്ചെന്ന് സഭാ പ്രതിനിധികള്‍ കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രതികരിച്ചു. സഭാ വിഷയം സാമൂഹ്യ പ്രശ്നമായി വളരുന്നത് കണ്ടാണ് പ്രധാനമന്ത്രി സഭകളെ ചര്‍ച്ചയ്ക്ക് വിളിച്ചത്. സഭയുടെ പ്രശ്നങ്ങള്‍ പ്രധാനമന്ത്രി ശ്രദ്ധയോടെ കേട്ടിട്ടുണ്ട്. യാക്കോബായ സഭയുമായി കൂടിക്കാഴ്ച നടത്തുമ്പോള്‍ ഞങ്ങളുടെ നിലപാട് പ്രധാനമന്ത്രി അറിയിക്കുമെന്നാണ് സൂചന. സഭാ തര്‍ക്കത്തെപ്പറ്റി പഠിച്ചുകൊണ്ടിരിക്കുകയാണെന്ന് പ്രധാനമന്ത്രി അറിയിച്ചതായും ഓര്‍ത്തഡോക്സ് നേതൃത്വം അറിയിച്ചു.
ഇന്ന് യാക്കോബായ സഭാ മെത്രാപ്പോലീത്തമാരായ തോമസ് മാര്‍ തിമോത്തിയോസ്, ജോസഫ് മാര്‍ ഗ്രിഗോറിയോസ്, കുര്യാക്കോസ് മാര്‍ തിയോഫിലോസ് എന്നിവരാണ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുന്നത്. മിസോറാം ഗവര്‍ണര്‍ പി.എസ് . ശ്രീധരന് പിള്ള മുന്‍കൈ എടുത്തു നടത്തുന്ന ചര്‍ച്ചകളില്‍ പങ്കെടുക്കുന്നതിനായെത്തിയ സഭാ നേതൃത്വം മിസോറാം ഭവനിലാണ് താമസിക്കുന്നത്. പിഎം ഓഫീസിന് പുറത്ത് അനൗദ്യോഗിക ചര്‍ച്ചകള്‍ മിസോറാം ഭവനില്‍ നടക്കുന്നുണ്ട്. ഇന്ന് യാക്കോബായ വിഭാഗം കൂടി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുന്നതോടെ ഇക്കാര്യത്തില്‍ കൂടുതല്‍ സമന്വയ നടപടികള്‍ മിസോറാം ഗവര്‍ണറുടെ നേതൃത്വത്തില്‍ നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: