മലയാള മാധ്യമരംഗത്ത് ഏഴ് പതിറ്റാണ്ടുകാലത്തെ അഭിമാനകരമായ വളര്‍ച്ച അടയാളപ്പെടുത്തുകയാണ് കേസരി വാരിക. ചരിത്ര നഗരമായ കോഴിക്കോട് ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത് ഇന്ന് ഉദ്ഘാടനം നിര്‍വഹിക്കുന്ന ആസ്ഥാന മന്ദിരവും മാധ്യമ പഠന ഗവേഷണ കേന്ദ്രവും വലിയൊരു കാല്‍വയ്പ്പാണ്. മാധ്യമങ്ങളുടെ തട്ടകം എന്നുകൂടി വിശേഷിപ്പിക്കാവുന്ന കോഴിക്കോടിന്റെ മണ്ണില്‍ ഉയര്‍ന്നുവന്നിരിക്കുന്ന കേസരിയുടെ ഈ കാര്യാലയം കേരളത്തിന്റെയെന്നല്ല, രാജ്യത്തിന്റെ പോലും ശ്രദ്ധയാകര്‍ഷിക്കാന്‍ പോന്നതാണ്. ചിരപുരാതനവും നിത്യനൂതനവുമായ ദേശീയത എന്ന ആശയത്തില്‍ അടിയുറച്ചു നില്‍ക്കുകയും, അതിന്റെ പ്രഭാവത്താല്‍ സമസ്ത ജീവിത മേഖലകളെയും അനുഗൃഹീതമാക്കുകയും ചെയ്യുന്ന ഒരു മഹാപ്രസ്ഥാനത്തിന്റെ ജിഹ്വയെന്ന നിലയ്ക്ക് കേസരി വെട്ടിപ്പിടിച്ച വിജയത്തിന്റെ തിളങ്ങുന്ന പ്രതീകമാണ് ഈ ആസ്ഥാന മന്ദിരം. കേരളത്തിന്റെ പത്രപ്രവര്‍ത്തന രംഗത്ത് സാമൂഹ്യ പ്രതിബദ്ധതയുടെയും ആദര്‍ശ വിശുദ്ധിയുടെയും പ്രകാശഗോപുരമായിരുന്ന വി.എം. കൊറാത്തിന്റെ പേരില്‍ ആരംഭിക്കുന്ന മാധ്യമ പഠന ഗവേഷണ കേന്ദ്രം അറിവിന്റെയും വിവര സാങ്കേതിക വിദ്യയുടെയും അനുദിനം വികസിക്കുന്ന ചക്രവാളത്തില്‍ പുത്തന്‍ പ്രതീക്ഷകള്‍ നല്കുന്നു. മീഡിയാ സ്കൂള്‍, റിസര്‍ച്ച് ലൈബ്രറി, ഡിജിറ്റല്‍ ലൈബ്രറി, ഡിജിറ്റല്‍ ആര്‍ക്കേവ്, മിനി തിയേറ്റര്‍, പ്രസിദ്ധീകരണ വിഭാഗം, പുസ്തകശാല, അതിഥി മുറികള്‍, ഹോസ്റ്റല്‍ എന്നിങ്ങനെ വിപുലമായ സൗകര്യങ്ങളോടെ ആരംഭിക്കുന്ന ഈ സ്ഥാപനം മാധ്യമരംഗത്തെ മികവിന്റെ കേന്ദ്രമായി മാറുമെന്നതില്‍ സംശയമില്ല.
കേരളത്തിന്റെ മണ്ണില്‍ ഹിന്ദുത്വ-ദേശീയ ശക്തികളെ എതിര്‍ക്കുന്ന മാധ്യമങ്ങള്‍ക്ക് മറുപടിയായി ആരംഭിച്ച കേസരി വാരികയ്ക്ക് പ്രതിസന്ധികളെയും വെല്ലുവിളികളെയും അതിജീവിച്ച് മുന്നേറിയ ചരിത്രമാണുള്ളത്. മഹാരാഷ്ട്രയില്‍നിന്ന് ആര്‍എസ്എസ് പ്രചാരകനായെത്തിയ ശങ്കര്‍ ശാസ്ത്രി മുന്‍കയ്യെടുത്ത് കേവലം പതിമൂന്ന് രൂപയുടെ മൂലധത്തോടെ പ്രസിദ്ധീകരണം തുടങ്ങിയ കേസരി കഠിനപഥങ്ങളിലൂടെയാണ് മുന്നേറിയത്. കേരളത്തില്‍ കോഴിക്കോട്ടു നിന്നുതന്നെ തുടക്കം കുറിച്ച ആര്‍എസ്എസിനെ മുളയിലെ നുള്ളിക്കളയാന്‍ ശ്രമിച്ചവരെ ആശയപരമായി നേരിടാനുള്ള കരുത്ത് കേസരി യായിരുന്നു. ആര്‍എസ്എസിനെ ഗാന്ധിവധത്തിന്റെ പേരില്‍ അപകീര്‍ത്തിപ്പെടുത്താനും, അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് അടിച്ചമര്‍ത്താനും അക്കാലത്തെ ഭരണകൂട ശക്തികള്‍ മുതിര്‍ന്നപ്പോള്‍ വീറോടെ പേരാടാന്‍ കേസരി മുന്നില്‍ തന്നെയുണ്ടായിരുന്നു. അങ്ങാടിപ്പുറം തളി ക്ഷേത്ര പുനര്‍നിര്‍മാണത്തിനു വേണ്ടിയും, മതത്തിന്റെ അടിസ്ഥാനത്തിലുള്ള മലപ്പുറം ജില്ലാ രൂപീകരണത്തിനെതിരെയും, അയോധ്യ ക്ഷേത്ര നിര്‍മാണത്തെ അനുകൂലിച്ചും, മാറാട് കൂട്ടക്കൊലയ്ക്കു പിന്നിലെ ശക്തികളെ തുറന്നുകാട്ടിയും മറ്റും കേസരി നടത്തിയ എണ്ണമറ്റ പോരാട്ടങ്ങള്‍ക്ക് സമാനതകളില്ല. മാര്‍ക്സിസ്റ്റക്രമ രാഷ്ട്രീയത്തിനും, സാംസ്കാരിക രംഗത്തെ ഇടതുപക്ഷ അധിനിവേശത്തിനുമെതിരെ ആശയപരമായ ചെറുത്തുനില്‍പ്പുകള്‍ക്ക് കേസരി നേതൃത്വം നല്കി. വിട്ടുവീഴ്ചയില്ലാത്ത ഈ പോരാട്ടം പതിന്മടങ്ങ് ശക്തിയോടെ ഇന്നത്തെ അതിന്റെ സാരഥികള്‍ തുടരുകയാണ്. മാധ്യമരംഗത്ത് വിലപ്പെട്ട സംഭാവനയര്പ്പിക്കുന്നവര്ക്ക് രാഷ്ട്ര സേവാ പുരസ്കാരം, പുതുതലമുറയിലെ പത്ര-ദൃശ്യ മാധ്യമ പ്രവര്‍ത്തകര്‍ക്കുള്ള രാഘവീയം പുരസ്കാരം എന്നിങ്ങനെ രണ്ട് പുരസ്കാരങ്ങള്‍ വര്‍ഷംതോറും കേസരി നല്‍കുന്നുണ്ട്.
സാംസ്കാരിക ദേശീയത അതിന്റെ ഈറ്റില്ലമായ ഭാരതത്തില്‍ ഇന്ന് വിജയക്കൊടി പാറിക്കുമ്പോഴും കേസരിയെപ്പോലുള്ള ജിഹ്വകള്‍ക്ക് വിശ്രമിക്കാന്‍ സമയമില്ല. ഭാരതത്തെ കേന്ദ്രീകരിച്ച് പുത്തന്‍ ലോകക്രമം ഉരുത്തിരിയുന്നതിനെ ചെറുക്കാന്‍ ആഗോളതലത്തില്‍ സനാതനധര്‍മത്തിന്റെ ശത്രുക്കള്‍ കൈകോര്‍ക്കുകയാണ്. ഉയിര്‍ത്തെഴുന്നേറ്റ ദേശീയ ശക്തികളുടെ മുന്നേറ്റം തടയാന്‍ സഹസ്രകോടികളുടെ സാമ്രാജ്യത്വ മൂലധനം ഭാരതത്തിലേക്ക് ഒഴുക്കുന്നു. സനാതന ധര്‍മത്തിന്റെ സാര്‍വലൗകികമായ ദൗത്യത്തെ അട്ടിമറിക്കാന്‍ ഭാരതത്തില്‍ അതിന്റെ ശത്രുക്കള്‍ രാഷ്ട്രീയത്തിലടക്കം മുന്നണിയായി വര്‍ത്തിക്കുന്നു. മതപരവും സാമ്പത്തികവും രാഷ്ട്രീയവുമായ ഈ ശക്തികള്‍ കേരളത്തില്‍ ഏറ്റവും സജീവമാണ്. മാധ്യമരംഗത്ത് പല മുഖങ്ങളില്‍ പ്രത്യക്ഷപ്പെടുകയും, അവിശുദ്ധ സഖ്യത്തിലേര്പ്പെട്ടിരിക്കുകയും ചെയ്യുന്ന ഇക്കൂട്ടരെ ആശയപരമായും സര്‍ഗാത്മകമായും നേരിടുകയെന്നത് കേസരിയുടെ ദൗത്യമാണ്. ഈ ദൗത്യപൂര്‍ത്തീകരണത്തിനുള്ള മഹത്തായ കുതിച്ചുചാട്ടമാണ് പുതിയ ആസ്ഥാന മന്ദിരത്തിലൂടെയും മാധ്യമ പഠന ഗവേഷണ കേന്ദ്രത്തിലൂടെയും സാക്ഷാത്കരിക്കപ്പെടുന്നത്. സത്യത്തിനും നീതിക്കും വേണ്ടി നിലകൊള്ളുന്ന പാരമ്പര്യത്തെ മുറുകെപ്പിടിച്ചുകൊണ്ട് അറിയാനും അറിയിക്കാനും ഐക്യപ്പെടാനുമുള്ള ഒരു മാധ്യമ സംസ്കാരം ഊട്ടിയുറപ്പിക്കുന്ന കേസരിക്ക് ഞങ്ങള്‍ എല്ലാവിധ ഭാവുകങ്ങളും നേരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: