ന്യൂദല്‍ഹി: ഡ്രൈവറുടെ സേവനം ആവശ്യമില്ലാത്ത ഇന്ത്യയിലെ ആദ്യ മെട്രോ ട്രെയിന്‍ സര്‍വീസ് ഉദ്ഘാടനം ഡല്‍ഹി മെട്രോയിലെ മജന്ത ലൈനില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ചു. അഹമ്മദാബാദില്‍ കഴിഞ്ഞ വര്‍ഷം ആരംഭിച്ച നാഷണല്‍ കോമണ്‍ മൊബിലിറ്റി കാര്‍ഡ് സേവനം, ഡല്‍ഹി മെട്രോയുടെ എയര്‍പോര്‍ട്ട് എക്സ്പ്രസ് ലൈനിലേക്ക് വ്യാപിപ്പിച്ചു. ചടങ്ങില്‍ കേന്ദ്രമന്ത്രി ഹര്‍ദീപ് സിംഗ് പുരി, ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള് എന്നിവര്‍ പങ്കെടുത്തു.
നഗര വികസനത്തെ ഭാവിയിലേക്ക് സജ്ജമാക്കുന്നതിനുള്ള ശ്രമമാണ് , ഈ ദൗത്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. 2014 ല്‍ അഞ്ച് നഗരങ്ങളില്‍ മാത്രമുണ്ടായിരുന്ന മെട്രോ റെയില്‍ ഇന്ന് 18 നഗരങ്ങളില്‍ ലഭ്യമാണ്. 2025 ഓടെ മെട്രോ ട്രെയിന്‍ സര്‍വീസ് 25ഓളം നഗരങ്ങളിലേക്ക് വ്യാപിപ്പിക്കാന്‍ ഗവണ്മെന്റ് ഉദ്ദേശിക്കുന്നു. 2014ല്‍ 248 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള മെട്രോ റെയില്‍ പാത ഉണ്ടായിരുന്നിടത്ത് ഇപ്പോള്‍ അതിന്റെ മൂന്നുമടങ്ങ്, അതായത് 700 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള മെട്രോ പാതയുണ്ട്. 2025 ഓടെ ഇത് 1700 കിലോമീറ്ററായി വര്‍ദ്ധിപ്പിക്കാന്‍ ഗവണ്മെന്റ് ഉദ്ദേശിക്കുന്നതായും പ്രധാനമന്ത്രി വ്യക്തമാക്കി.
ഗവണ്മെന്റ് ആദ്യമായി മെട്രോ നയം രൂപീകരിച്ചു, സര്‍വ്വ തലങ്ങളിലുമുള്ള നയതന്ത്രത്തോടെ അത് നടപ്പാക്കിയതായി പ്രധാനമന്ത്രി പറഞ്ഞു. പ്രാദേശിക ആവശ്യകതയ്ക്ക് അനുസരിച്ചു, മേക്ക് ഇന്‍ ഇന്ത്യ വികസനത്തിനും ആധുനിക സാങ്കേതിക വിദ്യയ്ക്കും ഊന്നല്‍ നല്‍കിയാണ് നിര്‍മാണം നടത്തിയിരിക്കുന്നത്. നഗര പ്രദേശത്തെ ജനങ്ങള്‍ക്കും അവിടത്തെ പ്രൊഫഷണല്‍ ജീവിതരീതിക്കും അനുയോജ്യമായ തരത്തിലാണ് മെട്രോയും ആധുനിക ഗതാഗത സംവിധാനങ്ങളും വികസിപ്പിക്കേണ്ടത് എന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഇതുകൊണ്ടാണ് വ്യത്യസ്ത നഗരങ്ങളില്‍ വ്യത്യസ്ത തരം മെട്രോ റെയില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നതെന്നും അദ്ദേഹം പറഞ്ഞു.
നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുന്ന വ്യത്യസ്ത മെട്രോ പദ്ധതികളെപ്പറ്റി പ്രധാനമന്ത്രി വിശദീകരിച്ചു. റീജ്യണല്‍ റാപ്പിഡ് ട്രാന്‍സിറ്റ് സമ്പ്രദായം, പ്രവര്‍ത്തനസജ്ജമാകുന്നതോടെ ഡല്‍ഹിയും മീററ്റും തമ്മിലുള്ള ദൂരം ഒരു മണിക്കൂറായി കുറയും . യാത്രക്കാരുടെ എണ്ണം കുറഞ്ഞ നഗരങ്ങളില്‍ മെട്രോ ലൈറ്റ് പദ്ധതി പുരോഗമിക്കുന്നു. സാധാരണ മെട്രോ ചെലവിന്റെ 40% ചെലവില്‍,മെട്രോ ലൈറ്റ് പദ്ധതി നടപ്പാക്കാനാവും. യാത്രക്കാര്‍ വളരെ കുറഞ്ഞ നഗരങ്ങളില്‍ മെട്രോ നിയോ പദ്ധതി നടപ്പാക്കും. ഇതിന് സാധാരണ മെട്രോ ചെലവിന്റെ 25 ശതമാനം മാത്രം മതിയാകും. ജലസ്രോതസ്സുകള്‍ ഏറെയുള്ള നഗരങ്ങളില്‍ ജലമെട്രോ പദ്ധതി ആരംഭിച്ചിട്ടുണ്ട്. ദ്വീപുകളിലെ താമസക്കാര്‍ക്ക് കൂടി ഇത് പ്രയോജനപ്രദമാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: