കൊല്‍ക്കത്ത: നന്ദിഗ്രാമില്‍ ജനുവരി ഏഴിന് നിശ്ചയിച്ചിരുന്ന യോഗം റദ്ദാക്കി പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമതാ ബാനര്‍ജി. പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷന്‍ സുബ്രത ബോക്ഷിയായിരിക്കും പകരമെത്തുക. രാംനഗറില്നിന്നുള്ള പാര്‍ട്ടി എംഎല്‍എ അഖില്‍ ഗിരിയാണ് തിങ്കളാഴ്ച ഇക്കാര്യം അറിയിച്ചത്. എന്നാല്‍ കാരണം വ്യക്തമാക്കിയില്ല.
നന്ദിഗ്രാം ഭൂമസരത്തെ അടയാളപ്പെടുത്തുന്ന പ്രധാനപ്പെട്ട ദിവസമാണ് ജനുവരി ഏഴ്. കെമിക്കല്‍ ഹബ് സ്ഥാപിക്കാന്‍ പ്രത്യേക സാമ്പത്തിക മേഖലയ്ക്കായി കൃഷിഭൂമി ഏറ്റെടുക്കാനുള്ള അന്നത്തെ ഇടത് സര്‍ക്കാര്‍ നീക്കത്തിനെതിരായ ബഹുജന പ്രക്ഷോഭത്തിനിടെ പൊലീസ് നടത്തിയ വെടിവയ്പില്‍ 11 പേര് മരിച്ചിരുന്നു. 2011-ല്‍ ഇടത് സര്‍ക്കാരിനെ താഴെയിറക്കി, മമതാ ബാനര്‍ജിയെ അധികാരത്തിലേറ്റിയ നന്ദിഗ്രാം സമരത്തിനിടെ മരിച്ചവരുടെ അനുസ്മരണത്തിനായി എല്ലാവര്‍ഷവും തൃണമൂല്‍ വലിയ യോഗം നടത്താറുണ്ട്.
ഇതാദ്യമായാണ് മമതാ ബാനര്‍ജി ഈ യോഗത്തില്‍നിന്ന് വിട്ടുനില്‍ക്കുന്നത്. ജനുവരി എട്ടിന് പ്രധാന പ്രതിപക്ഷമായ ബിജെപി ‘നന്ദിഗ്രാം ചലോ’ റാലി നടത്തുമെന്ന് പ്രഖ്യപിച്ച് രണ്ടുദിവസത്തിന് ശേഷമാണ് തൃണമൂലിന്റെ യോഗത്തില്‍നിന്ന് മമതാ ബാനര്‍ജി വിട്ടുനില്‍ക്കുമെന്ന വിവരം വരുന്നത്.
അടുത്തിടെ തൃണമൂലില്‍നിന്ന് ബിജെപിയിലെത്തിയ പ്രമുഖ നേതാവ് സുവേന്ദു അധികാരി റാലി നയിക്കും. നന്ദിഗ്രാമില്‍നിന്നുള്ള മുന്‍ എംഎല്‍എയാണ് ഇദ്ദേഹം. ബിജെപിയില്‍ ചേരുന്നതിന് മുമ്പു ഇദ്ദേഹം എംഎല്‍എ പദവി രാജിവച്ചതിനാല്‍ നന്ദിഗ്രാമിന് ഇപ്പോള്‍ എംഎല്‍എ ഇല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: