ന്യൂദല്‍ഹി: രാജ്യത്തെ ആദ്യ ഡ്രൈവര്‍ രഹിത ട്രെയിൻ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ചു. ദേശീയ പൊതു മൊബിലിറ്റി കാര്‍ഡും അദ്ദേഹം വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്തു. ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും ചടങ്ങില്‍ സന്നിഹിതനായിരുന്നു.
ഗുരുഗ്രാം, നോയിഡ, ഫരീദാബാദ്, ബഹദൂര്‍ഗഡ്, ഗാസിയാബാദ് എന്നീ നഗരങ്ങളുമായി ദൽഹിയെ ബന്ധിപ്പിക്കുന്ന മജന്ത ലെയിനിലാണ് ഡ്രൈവര്‍ രഹിത മെട്രോ ട്രെയിന്‍ സര്‍വീസ് നടത്തുക. ആറ് കോച്ചുകളാണ് ട്രെയിനിലുണ്ടാകുക. ഊര്‍ജ്ജ സംരക്ഷണം ലക്ഷ്യമിട്ട് ബ്രേക്കിംഗിലും ലൈറ്റിംഗിലും നൂതന ടെക്‌നോളജികളാണ് ഉപയോഗിച്ചിരിക്കുന്നത്. 95 കിലോ മീറ്ററാണ് ഡ്രൈവര്‍ രഹിത ട്രെയിനിന്റെ പരമാവധി വേഗത. ഓരോ കോച്ചിലും 380 യാത്രക്കാരാണ് ഉണ്ടാകുക.
സ്മാര്‍ട്ട് പദ്ധതികളുമായി ഇന്ത്യ വളരെ വേഗത്തില്‍ മുന്നേറുകയാണെന്ന് പദ്ധതി ഉദ്ഘാടനം ചെയ്ത ശേഷം പ്രധാനമന്ത്രി പറഞ്ഞു. അടല്‍ ജിയുടെ പ്രയത്‌നത്തിന്റെ ഫലമായാണ് രാജ്യത്ത് ആദ്യ മെട്രോ ആരംഭിക്കുന്നത്. 2014ല്‍ സര്‍ക്കാര്‍ അധികാരത്തിലേറുമ്പോള്‍ രാജ്യത്ത് ആകെ ഉണ്ടായിരുന്നത് വെറും 5 മെട്രോ സര്‍വീസുകളായിരുന്നു എന്നും ഇന്ന് 18 നഗരങ്ങളില്‍ മെട്രോ റെയില്‍ ഉണ്ടെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
2025ഓടെ 25ലധികം നഗരങ്ങളില്‍ മെട്രോ സര്‍വീസുകള്‍ ആരംഭിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. മെട്രോ സര്‍വീസുകളുടെ വിപുലീകരണത്തിന് മേക്ക് ഇന്‍ ഇന്ത്യ പ്രധാനമാണ്. ഇതിലൂടെ ചെലവ് കുറയ്‌ക്കാനും കൂടുതല്‍ ആളുകള്‍ക്ക് തൊഴില്‍ ലഭ്യമാക്കാനും സാധിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: