കണ്ണൂര്‍: പ്രൈമറി ഹെഡ്മാസ്റ്റര് നിയമനം ‘അയോഗ്യരെ’ യോഗ്യരാക്കാനുളള ചട്ടഭേദഗതിയില്‍ വ്യാപക പ്രതിഷേധം. നീക്കം കെഎസ്ടിഎ നേതാക്കള്‍ക്ക് വേണ്ടിയെന്നും ആരോപണം. 2011ലെ വിദ്യാഭ്യാസ അവകാശ നിയമം കേരള റൂള്‍സില്‍ പ്രൈമറി സ്കൂള്‍ ഹെഡ്മാസ്റ്റര് പ്രമോഷന് വകുപ്പുതല പരീക്ഷാ യോഗ്യത നിര്‍ബന്ധമാക്കിയിരുന്നു. പരീക്ഷ പാസാകാത്ത ഇടതുപക്ഷ അധ്യാപക സര്‍വ്വീസ് സംഘടനാ നേതാക്കള്‍ക്കു വേണ്ടി പ്രസ്തുത ചട്ടം തിരുത്തി കഴിഞ്ഞ ദിവസം വിദ്യാഭ്യാസ വകുപ്പ് പുതിയ ഉത്തരവ് ഇറക്കുകയായിരുന്നു.
12 വര്‍ഷ സര്‍വീസും വകുപ്പുതല പരീക്ഷയായ അക്കൗണ്ട് ടെസ്റ്റും ലോവറും കെഇഎആറും പാസായവരെയാണ് പ്രമോഷന് പരിഗണിക്കേണ്ടത് എന്നാണ് കേരള റൂള്‍സിലുള്ളത്. എന്നാല്‍ യോഗ്യത ഇല്ലാത്ത 50 വയസ് കഴിഞ്ഞ അധ്യാപക സര്‍വീസ് സംഘടനാ നേതാക്കളെ സഹായിക്കാന്‍ വകുപ്പുതല പരീക്ഷ പാസാകുന്നതില്‍ 2014ല്‍ ഇളവ് അനുവദിച്ചാണ് സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയിരിക്കുന്നത്.
റൂളിനെ മറികടക്കാന്‍ സര്‍ക്കാര്‍ ഉത്തരവ് മതിയാവില്ല എന്ന കാരണത്താല്‍ ആ ഉത്തരവ് കോടതി റദ്ദ് ചെയ്തിരുന്നു. തുടര്‍ന്നു വന്ന ഹൈക്കോടതി ഡിവിഷന് ബെഞ്ച് വിധിയില്‍ 2018 മുതല്‍ വകുപ്പുതല പരീക്ഷ പാസാകാതെ പ്രെമോട്ട് ചെയ്തവരെ റിവര്‍ട്ട് ചെയ്യണമെന്നും ഇനി യോഗ്യത നേടിയവരെ മാത്രമേ നിയമിക്കാവൂയെന്ന് വിധിക്കുകയും ചെയ്തിരുന്നു. 2018 മുതല്‍ നിയമിക്കപ്പെട്ട യോഗ്യതയില്ലാത്ത അധ്യാപകര്‍ സുപ്രീം കോടതിയെ സമീപിച്ച് തല്‍സ്ഥിതി തുടരാന്‍ ഉത്തരവ് സമ്പാദിച്ചു.ഇതേ തുടര്‍ന്ന് 2020 ഏപ്രില്‍ മുതല്‍ ഒഴിഞ്ഞുകിടക്കുന്ന ആയിരത്തോളം െ്രെപമറി ഹെഡ്മാസ്റ്റര് തസ്തിക നിയമനം നടത്താതെ ഒഴിച്ചിട്ടിരിക്കുകയായിരുന്നു. സുപ്രീം കോടതി സ്റ്റാറ്റസ് കോ തരംതാഴ്ത്തല്‍ ഭീഷണി നേരിടുന്ന അധ്യാപകര്‍ക്കാണ് എന്നും പുതിയ നിയമനങ്ങളില്‍ ഹൈക്കോടതി വിധി പ്രകാരം നിയമനം നടത്തണമെന്നും ടെസ്റ്റ് യോഗ്യത നേടിയ അധ്യാപകര്‍ ആവശ്യപ്പെട്ടെങ്കിലും ഒന്‍പത് മാസമായി തസ്തികകള്‍ ഒഴിഞ്ഞുകിടക്കുകയായിരുന്നു. ഇതിനിടയിലാണ് പുതിയ ഉത്തരവിറക്കി കെഎസ്ടിഎ സംസ്ഥാന ഭാരവാഹിയായ യോഗ്യതയില്ലാത്ത അധ്യാപകനെയുള്പ്പെടെ പ്രമോഷന് നല്കി ഹെഡ്മാസ്റ്ററാക്കാന്‍ നിയമ ഭേദഗതി വരുത്തിയിരിക്കുന്നത്.
ഭരണപക്ഷ അധ്യാപക സര്‍വിസ് സംഘടനാ നേതാക്കളില്‍ പലരും വകുപ്പുതല പരീക്ഷാ യോഗ്യത നേടിയവരല്ല. ഹൈക്കോടതി വിധി നടപ്പിലാക്കിയാല്‍ നേതാക്കള്‍ക്കു നിയമനം കിട്ടില്ല. നേതാക്കളില്‍ പ്രമുഖരായ ചിലര്‍ 2021 മെയില്‍ പെന്ഷനാകുന്ന പശ്ചാത്തലത്തില്‍ നിയമനം നീണ്ടു പോകുന്നത് പെന്‍ഷനറി ആനുകൂല്യങ്ങളില്‍ നേതാക്കള്‍ക്കു വന്‍ സാമ്പത്തിക നഷ്ടം ഉണ്ടാക്കുമെന്ന കാരണത്താല്‍ വിദ്യഭ്യാസ അവകാശ നിയമത്തിലെ ബന്ധപ്പെട്ട ചട്ടം തിരുത്താന്‍ സംഘടന സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുകയായിരുന്നു. അപ്രകാരം 50 വയസ് കഴിഞ്ഞവര്‍ക്ക് വകുപ്പുതല പരീക്ഷ പാസാക്കുന്നതില്‍ ഇളവ് വരുത്തി ചട്ടം ഭേദഗതി ചെയ്ത് ഡിസം 23നാണ് ഉത്തരവിറക്കിയത്.
വിദ്യാഭ്യാസ അവകാശ നിയമത്തിലെ ഹെഡ്മാസ്റ്റര് യോഗ്യതാ ചട്ടഭേദഗതി യോഗ്യതാ പരീക്ഷകള്‍ ജയിച്ചവരെ പടിയിറക്കുന്നതിനും ഹൈക്കോടതി അയോഗ്യരെന്ന് കണ്ടെത്തിയവരെ കുടിയിരുത്തുന്നതുമാണ്. ഇത് ഗുണമേന്മാ മാനദണ്ഡങ്ങളെ തകര്‍ക്കുന്നതും യോഗ്യത നേടിയവരുടെ നിയമന സാധ്യത ഇല്ലാതാക്കുന്നതുമാണ്. നിയമപരമായി ഇതിനെ നേരിടുമെന്ന് കേരളാ ടെസ്റ്റ് ക്വാളിഫൈഡ് പ്രൈമറി ടീച്ചേഴ്സ് യൂണിയന് സംസ്ഥാന പ്രസിഡന്റ് കെ.എന്‍. ആനന്ദ് നാറാത്ത് ജന്മഭൂമിയോട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: