ന്യൂദല്‍ഹി: കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി കേന്ദ്ര ഉപരിതല ഗതാഗത ദേശീയപാത മന്ത്രാലയം, ഡ്രൈവിംഗ് ലൈസന്‍സ്, വാഹനങ്ങളുമായി ബന്ധപ്പെട്ട ആര്.സി, പെര്‍മിറ്റ് എന്നിവയുടെ കാലാവധി 2021 മാര്‍ച്ച് 31 വരെ ദീര്‍ഘിപ്പിച്ചു. ഇത് സംബന്ധിച്ച് കേന്ദ്രമന്ത്രാലയം സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും നിര്‍ദ്ദേശം നല്കി.
മോട്ടോര്‍ വെഹിക്കിള്‍ ആക്ട് 1988,കേന്ദ്ര മോട്ടോര്‍ വെഹിക്കിള്‍ ചട്ടം 1989 എന്നിവ പ്രകാരം വാഹനവുമായി ബന്ധപ്പെട്ട രേഖകളുടെ കാലാവധി കൊറോണയുടെ പശ്ചാത്തലത്തില്‍ നേരത്തെ മൂന്നുതവണയും കേന്ദ്രം ദീര്‍ഘിപ്പിച്ചിരുന്നു. ഇതുപ്രകാരം ദീര്ഘിപ്പിച്ച കാലാവധി ഡിസംബര്‍ 31 ന് അവസാനിക്കുന്ന പശ്ചാത്തലത്തിലാണ് മന്ത്രാലയത്തിന്റെ പുതിയ തീരുമാനം.
വാഹനങ്ങളുടെ ഫിറ്റ്നസ്, എല്ലാത്തരം പെര്‍മിറ്റ്, ലൈസന്‍സ്, രജിസ്ട്രേഷന് അല്ലെങ്കില്‍ അനുബന്ധ രേഖകള്‍ എന്നിവയുടെ കാലാവധി 2021 മാര്‍ച്ച് 31 വരെയാണ് ദീര്‍ഘിപ്പിച്ച് ഇരിക്കുന്നത്. 2020ഫെബ്രുവരി ഒന്ന് മുതല്‍ കാലാവധി അവസാനിച്ച രേഖകള്‍ക്കാണ് പുതുതായി കാലാവധി ദീര്‍ഘിപ്പിച്ച് നല്‍കിയിരിക്കുന്നത്. പൊതുജനങ്ങള്‍ക്ക് യാതൊരു അസൗകര്യവും ഉണ്ടാവാതിരിക്കാന്‍ എല്ലാ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും നിര്‍ദ്ദേശം നടപ്പാക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: