ബാംബോലിം: കേരളത്തിന്റെ സ്വന്തം ടീമായ ബ്ലാസ്റ്റേഴ്സിന് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ഏഴാം സീസണില്‍ ആദ്യ വിജയം. ഏഴാം മത്സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ഹൈദരാബാദ് എഫ്സിയെ തോല്‍പ്പിച്ചു. മലയാളി താരം അബ്ദുള്‍ ഹക്കുവും ജോര്ഡാന് മുറെയുമാണ് ഗോളുകള്‍ നേടിയത്. ഈ വിജയത്തോടെ ബ്ലാസ്റ്റേഴ്സ് 7 മത്സരങ്ങളില്‍ 6 പോയിന്റുമായി ഒമ്പതാം സ്ഥാനത്ത് തുടരുകയാണ്. ഏഴു മത്സരങ്ങളില്‍ 9 പോയിന്റുളള ഹൈദരാബാദ് എട്ടാം സ്ഥാനത്തും.
ആദ്യ പകുതിയില്‍ ഇരു ടീമുകളും മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. തുടക്കം മുതല്‍ രണ്ട് ടീമുകളും ആക്രമിച്ച് കളിച്ചു. എന്നാല്‍ ഇരുപത്തിയൊമ്പതാം മിനിറ്റില്‍ കേരള ബ്ലാസ്റ്റേഴ്സ് ലീഡ് നേടി. മലയാളി താരം അബ്ദുള്‍ ഹക്കുവാണ് ഗോള്‍ നേടിയത്. ഫകുന്‍ഡോ എടുത്ത കോര്‍ണര്‍ കിക്ക് ഹെ്ഡ് ചെയ്താണ് അബ്ദുള്‍ സ്കോര്‍ ചെയ്തത്. ഈ സീസണില്‍ ഇതാദ്യമായി കളിക്കളത്തിലിറങ്ങിയ ഹക്കുവിന്റെ ആദ്യ ഗോളാണിത്. ഗോള്‍ വീണതോടെ ഹൈദരാബാദ് ഉണര്‍ന്ന് കളിച്ചു. നാല്‍പ്പത്തിനാലാം മിനിറ്റില്‍ ഗോള്‍ നേടാന്‍ അവസരവും ലഭിച്ചു. പക്ഷെ സാന്റാനയ്ക്ക് അത് മുതലാക്കാനായില്ല. ഇടവേളയ്ക്ക് ബ്ലാസ്റ്റേഴ്സ് 1-0 ന് മുന്നിട്ടുനിന്നു.
രണ്ടാം പകുതിയിലും ഇരു ടീമുകളും മികച്ച പ്രകടനം തുടര്‍ന്നു. കളിയവസാനിക്കാന്‍ രണ്ട് മിനിറ്റ് ശേഷിക്കെ ബ്ലാസ്റ്റേഴ്സ് രണ്ടാം ഗോളും നേടി. ജോര്ഡാന് മുറെയാണ് ലക്ഷ്യം കണ്ടത്. ബോക്സിന് മധ്യത്തില്‍ നിന്ന് മുറെ തൊടുത്തുവിട്ട ഷോട്ട് ഹൈദരാബാദ് ഗോളിയെ മറികടന്ന വലയില്‍ കയറി നിന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: