മോഹന കണ്ണന്
ബാബാജിയുടെ ഗണം സുരക്ഷിതമായി നിരീക്ഷണ മേഖല കടന്നുപോയി. അതിനു പുറകെ ചിമ്ണാജിയുടെ ഗണവും നഗരത്തില്‍ പ്രവേശിച്ചു. അക്കൂട്ടത്തില്‍ ശിവാജിയും ഉണ്ടായിരുന്നു. ആര്‍ക്കും ഒരു സംശയവും തോന്നാത്തവിധം നാനൂറ് മാവളി സൈനികര്‍ ജാഗരൂകതയോടെ ലാല്‍മഹളിന് സമീപം എത്തി.
ഒരുമിച്ച് നിന്നാല്‍ തിരിച്ചറിയുമെന്നത് കൊണ്ടവര്‍ ചെറിയ ഗ്രൂപ്പുകളായി പിരിഞ്ഞുപോയി.ഇനി ലാല്‍മഹളിന്റെ മുറ്റത്ത് പ്രവേശിക്കണം. തോട്ടം കാവല്ക്കാരന് നേരത്തെ തന്നെ കൈക്കൂലി കൊടുത്ത് തന്റെ പക്ഷത്താക്കിയിരുന്നു. ലാല്‍മഹളിന്റെ പിന്‍ഭാഗത്ത് അടുക്കളയുണ്ടായിരുന്നു. ശയിസ്തേഖാന്റെ ഭാര്യമാരുടെ നിവാസസ്ഥാനവും അടുക്കളയും ഒരൊറ്റ ഭിത്തിയായിരുന്നു,
അതാകട്ടെ സാധാരണ ഇഷ്ടിക കൊണ്ട് കെട്ടിയതും. അടുക്കളയില്‍ പ്രവേശിക്കാനും ഒരു സാധാരണ വാതില്‍ ഉണ്ടായിരുന്നു. എവിടെ പോകണം എങ്ങനെ പോകണം എന്നെല്ലാം മുന്‍കൂട്ടി നിശ്ചയിച്ചിരുന്നു. പൂര്‍വയോജനാ പൂര്‍ണയോജനാ അതായിരുന്നു ശിവാജിയുടെ വിജയത്തിന്റെ രഹസ്യം. നാനൂറ് സഹപ്രവര്‍ത്തകരോടൊപ്പം ശിവാജി അടുക്കളയില്‍ പ്രവേശിച്ചു. റംസാനിനുവേണ്ടി കാലത്തേക്കുള്ള ആഹാരനിര്‍മാണം നടക്കുന്നുണ്ടായിരുന്നു. സൂര്യോദയത്തിനുശേഷം ആഹാരം കഴിക്കാന്‍ പാടില്ല. പാചകക്കാരെല്ലാം പാചക കാര്യത്തില്‍ മുഴുകിയിരിക്കയായിരുന്നു. രാജ്ഞി നിവാസില്‍ പ്രവേശിക്കണമെങ്കില്‍ ഇടക്കുള്ള ചുമര് പൊളിക്കണമായിരുന്നു. പാചകക്കാരെ വാളിനിരയാക്കി. ചുമര് ഇടിക്കാനാരംഭിച്ചു.
ശബ്ദം കേട്ട് അകത്ത് ഉറങ്ങുകയായിരുന്ന സേവകന് ഉണര്‍ന്നു. അയാള്‍ പെട്ടെന്ന് ശയിസ്തേഖാന്റെ അടുത്തെത്തി അടുക്കളയില്‍നിന്ന് എന്തോ ശബ്ദം കേള്‍ക്കുന്നുണ്ടെന്ന് പറഞ്ഞു. ദേഷ്യത്തോടെ ഖാന് പറഞ്ഞു, കാലത്തെ ആഹാരം പാചകം ചെയ്യുന്നവര്‍ ഉണര്‍ന്നതായിരിക്കും പോകൂ എന്ന് വഴക്ക് പറഞ്ഞു. അടുക്കളയില്‍ എലികളുടെ ശബ്ദം സ്വാഭാവിക മാണല്ലോ എന്ന് സേവകനും നിശ്ചയിച്ചു. എലിയായിരുന്നു മലയെലി. കുറച്ചു സമയംകൊണ്ട് ഭിത്തി തകര്‍ത്ത് വാളുമായി അകത്ത് പ്രവേശിച്ച സൈനികരെ ദാസിമാര്‍ കണ്ടു. അവര്‍ നിലവിളിച്ചുകൊണ്ട് ഖാന്റെ മുറിയിലേക്കോടി. ഇപ്പോള്‍ ഖാന്റെ ഉറക്കം ഉണര്‍ന്നു. കനല്‍ക്കട്ടയില്‍ ചവിട്ടിയതുപോലെ ഖാന് ചാടി എഴുന്നേറ്റു. ശൂലവും ബാണവുമായി അയാള്‍ മുറിയില്‍നിന്നു പുറത്തിറങ്ങി അയാളെക്കണ്ട മറാഠാ സൈനികര്‍ ആക്രമിക്കാനാരംഭിച്ചു. അപ്പോഴേക്കും ഏതൊ ബേഗം വിളക്കണച്ചു. മറ്റുള്ള സ്ത്രീകള്‍ ഖാന്റെ കൈപിടിച്ച് രാജ്ഞിനിവാസിന്റെ യവനികക്കുള്ളില്‍ ഖാനെ ഒളിപ്പിച്ചു. അന്ധകാരത്തില്‍ വാള്‍വീശിക്കൊണ്ട് മറാഠാ സൈനികര്‍ ഖാനെ അന്വേഷിച്ചു തുടങ്ങി. ലാല്‍മഹളില്‍ ഉറങ്ങിയിരുന്ന രക്ഷകഭടന്മാര്‍ ഉണര്‍ന്നു. ഇത് താങ്കളുടെ രക്ഷണ ഊഴമാണോ എന്നു ചോദിച്ച് അവരെ വെട്ടിവീഴ്ത്തി. ലാല്‍മഹളിന്റെ ചുറ്റുപാടും കരച്ചിലും നിലവിളിയും ആരംഭിച്ചു. ശത്രുക്കള്‍ വന്നു, മറാഠകള്‍ വന്നു എന്ന് നിലവിളിക്കുന്നുണ്ടായിരുന്നു. എന്നാല്‍ എങ്ങനെ വന്നു, എത്രപേരുണ്ട് എന്നൊന്നും അറിയാമായിരുന്നില്ല.
ഏതൊ മറാഠി സൈനികര്‍ ഘോഷശാലയില്‍ ചെന്ന് ഖാന്റെ ആജ്ഞയുണ്ട് സൈറന്‍ മുഴക്കൂ എന്നു പറഞ്ഞു. സൈറണ്‍ മുഴങ്ങി അവിടുത്തെ കോലാഹലം വര്‍ധിച്ചു. സൈന്യശിബിരത്തില്‍ നിന്നും ആയിരക്കണക്കിന് സൈനികര്‍ ലാല്‍മഹളിലേക്കോടി. അകത്ത് നിന്ന് കുറ്റിയിട്ടിട്ടുള്ളതുകൊണ്ട് ആര്‍ക്കും അകത്ത് പ്രവേശിക്കാന്‍ സാധിച്ചില്ല.
ശബ്ദകോലാഹലങ്ങള്‍ കേട്ട് ഖാന്റെ മകന് അബ്ദുള്‍ ഫത്തേഹ്ഖാന്‍ ഓടിയെത്തി. ഒളിഞ്ഞിരുന്ന അച്ഛനെ ഉദ്ദേശിച്ച് ഉറക്കെ, ഈ സൈനികര്‍ ശയിസ്തേഖാനെ ലക്ഷ്യമിട്ടു വന്നവരാണ് എന്നു പറഞ്ഞു. ശബ്ദം കേട്ട മറാഠാ സൈനികര്‍ ഫത്തേഹ്ഖാനെ കൊന്നു. ഇരുട്ടുനിറഞ്ഞ കോലാഹലത്തിനിടയില്‍ ഖാന്റെ ചില ഭാര്യമാരും കൊല്ലപ്പെട്ടു. ശയിസ്തേഖാനാവട്ടെ തന്റെ ഭാര്യമാരുടെ കൈകള്‍ പിടിച്ച് യവനികയ്ക്കു പിറകില്‍ ഒളിച്ചിരിക്കയായിരുന്നു. ശയിസ്തേഖാനെ അന്വേഷിച്ച് ശിവാജി റാണി നിവാസില്‍ പ്രവേശിച്ചു.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: