രണ്ടായിരത്തി ഇരുപതില്‍ മലയാളികളുടെ മഹാനഷ്ടങ്ങളിലൊന്നായിരുന്നു ഭാരതീയ വിചാര കേന്ദ്രം ഡയറക്ടര്‍ പി. പരമേശ്വര്‍ജിയുടെ വിടവാങ്ങല്‍. നവോത്ഥാന കേരളത്തില്‍ ഒരു മഹാദൗത്യം നിര്‍വഹിച്ച ചാരിതാര്‍ത്ഥ്യത്തോടെ ഫെബ്രുവരി ഒമ്പതിനാണ് തൊണ്ണൂറ്റി മൂന്നാമത്തെ വയസ്സില്‍ ആ മഹാരഥന് പരമപഥം പൂകിയത്. ചിന്തകന്‍, പ്രഭാഷകന്‍, ഗ്രന്ഥകാരന്, കവി എന്നീ നിലകളിലെല്ലാം ഭാരതീയമായ ദാര്ശനികാവബോധത്തോടെ കേരളത്തിന്റെ ബൗദ്ധികരംഗത്ത് നിറഞ്ഞുനിന്ന പരമേശ്വര്‍ജിയുടെ ആശയസമരങ്ങള്‍ ഈടുവയ്പ്പുകളായി അവശേഷിക്കുന്നു.
ആര്‍എസ്എസിന്റെ മുതിര്‍ന്ന പ്രചാരകനെന്ന നിലയില്‍ സാമൂഹ്യരംഗത്തും സാംസ്കാരിക രംഗത്തും ആത്മീയ രംഗത്തും രാഷ്ട്രീയ രംഗത്തും നിസ്തുലമായ സംഭാവനകളാണ് പരമേശ്വര്‍ജി നല്‍കിയത്. ഇരുപതാം നൂറ്റാണ്ടിന്റെ അന്ത്യപകുതിയിലും ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ആദ്യപാദത്തിലുമായി ആധുനിക കേരളത്തിന്റെ മാറ്റത്തിന് വഴി കാണിച്ച മഹാരഥനായിരുന്നു പരമേശ്വര്‍ജി. നവീനമായ ചിന്താഗതികളെ ഉള്‍ക്കൊള്ളുന്നതിലും, അവയെ ഭാരതീയ ചിന്താധാരയോട് സമന്വയിപ്പിക്കുന്നതിലും വിസ്മയാവഹമായ മികവാണ് പരമേശ്വര്‍ജി പുലര്‍ത്തിയത്. ആശയസംവാദത്തിന്റെ മേഖലയില്‍ സഞ്ചരിക്കുന്നവര്‍ക്ക് അതുല്യമായ പാഠങ്ങളാണ് ഈ ജ്ഞാനഭിക്ഷു പകര്‍ന്നു നല്‍കിയത്. മാറ്റത്തിനുവേണ്ടി ദാഹിക്കുന്ന ബൗദ്ധിക കേരളം ഈ മഹാമനീഷിയില്നിന്ന് പ്രചോദനം ഉള്‍ക്കൊള്ളും.
ആര്‍എസ്എസില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് രാജ്യത്തെ തൊഴിലാളി മേഖലയില്‍ ഗുണപരമായ പരിവര്‍ത്തനം സൃഷ്ടിച്ച രാ. വേണുഗോപാല്‍ വിടപറഞ്ഞതും 2020ലായിരുന്നു. വായില്‍ വെള്ളിക്കരണ്ടിയുമായി ജനിച്ചു വീണിട്ടും അക്ഷരാര്‍ത്ഥത്തില്‍ തൊഴിലാളികളുടെ ദത്തുപുത്രനായി മാറിയ ആളാണ് വേണുവേട്ടന്. ആര്‍എസ്എസിന്റെ ആദര്‍ശം മുറുകെപിടിച്ച് തൊഴിലാളികള്‍ക്കിടയില്‍ അവരിലൊരാളായി മാറുകയും നാല് പതിറ്റാണ്ടുകാലത്തെ സംഘടനാ പ്രവര്‍ത്തനത്തിലൂടെ രാജ്യത്തെ ഏറ്റവും വലിയ ട്രേഡ് യൂണിയന് പ്രസ്ഥാനമായ ബിഎംഎസിനെ വളര്‍ത്തിയെടുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിക്കുകയും ചെയ്ത വേണുവേട്ടന്റെ ഓര്‍മകള്‍ക്ക് മരണമില്ല.
സാമൂഹ്യ ജീവിതത്തിന്റെ വിവിധ തുറകളില്‍ ആര്‍എസ്എസ് വിഭാവനം ചെയ്യുന്ന മാറ്റങ്ങള്‍ എങ്ങനെ പ്രാവര്ത്തികമാക്കണമെന്നതിന്റെ ഒരിക്കലും മങ്ങാത്ത മാതൃകയാണ് വേണുവേട്ടന്റെ ജീവിതം. സംഘടനാ ജീവിതത്തില്‍ പുലര്‍ത്തേണ്ട ജീവിത ലാളിത്യത്തിന്റെ എത്ര വേണമെങ്കിലും പാഠങ്ങള്‍ വേണുവേട്ടനില്നിന്ന് പഠിക്കാനാവും. വേണുവേട്ടന്റെ വിടവാങ്ങലോടെ കേരളത്തില്‍ ആര്‍എസ്എസിന്റെ പ്രവര്‍ത്തനം കരുപിടിപ്പിച്ച നെടുംതൂണുകളിലൊരാളാണ് ഓര്‍മയായത്.
സംഘടനാ പ്രവര്‍ത്തനം ജീവിതവ്രതമായെടുക്കുകയും നിശ്ശബ്ദമായി അത് നിര്‍വഹിക്കുകയും ചെയ്ത കര്മനിഷ്ഠനായ ആര്‍എസ്എസ് പ്രചാരകന് ടി. ശങ്കരന്റെ വിയോഗവും വലിയ നഷ്ടബോധം ഉളവാക്കുന്നതാണ്. പ്രായഭേദമെന്യെ എല്ലാവര്ക്കും ശങ്കര്ജിയായിരുന്ന ഈ മനുഷ്യന് യാതൊരു അവകാശവാദങ്ങളുമില്ലാതെ ദൗത്യനിര്‍വഹണം നടത്തുകയായിരുന്നു. സ്നേഹനിര്‍ഭരമായ പെരുമാറ്റംകൊണ്ട് പരിചയപ്പെടുന്നവരുമായി അടുപ്പത്തിലായ ശങ്കര്‍ജി അവരുടെയൊക്കെ വീട്ടിലെ ഒരംഗത്തെപ്പോലെയായിരുന്നു. സംഘത്തെ സംബന്ധിക്കുന്ന ഏത് ചെറിയ കാര്യവും വലിയ ഉത്തരവാദിത്വത്തോടെ ചെയ്തു തീര്‍ക്കുന്നതില്‍ ഇത്രയേറെ ശ്രദ്ധ വച്ച മറ്റൊരാളെ കാണാന്‍ പ്രയാസമാണ്. പ്രവര്‍ത്തന മേഖലകള്‍ ഏതായിരുന്നാലും ആദര്‍ശ പ്രതിബദ്ധതയില്‍ അണുവിടപോലും വിട്ടുവീഴ്ച ചെയ്യാതിരുന്ന ശങ്കര്ജിയെപ്പോലുള്ളവരുടെ വേര്‍പാട് വലിയ നഷ്ടം തന്നെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: