ടി.വിജയന്
കേസരി സഹ പത്രാധിപര്‍
കേസരി വാരിക എഴുപതാം വയസ്സിലേക്ക് കാലെടുത്തുവെക്കുന്നത് സ്വന്തമായ മണ്ണില്‍ മാധ്യമപഠനഗവേഷണകേന്ദ്രത്തിന്റെ പ്രവര്ത്തനമാരംഭിച്ചുകൊണ്ടാണ്. ഇടതുപക്ഷപക്ഷപാതിത്വം മുഴച്ചുനില്‍ക്കുന്ന മലയാള മാധ്യമരംഗത്ത് ദേശീയ കാഴ്ചപ്പാടിലുള്ള മാധ്യമപ്രവര്‍ത്തനത്തിന് സ്ഥാ നമുറപ്പിക്കാന് ഇത്തരം ഒരു സ്ഥാപനം ഉണ്ടാവുക എന്നത് കാലഘട്ടത്തിന്റെ ആവശ്യമായി മാറിയിരിക്കുന്നു. കാലത്തിന്റെ വിളികേള്‍ക്കാന്‍ എന്നും കേസരിയ്ക്ക് സാധിച്ചിരുന്നു എന്നതാണ് അതിന്റെ ചരിത്രം.
1951 നവംബര്‍ 27നാണ് ആദ്യലക്കം കേസരി പ്രസിദ്ധീകരിക്കപ്പെടുന്നത്. ഹിന്ദുത്വപ്രസ്ഥാനങ്ങളെക്കുറിച്ച് സമൂഹത്തില്‍ തെറ്റിദ്ധാരണകളും ഭീതിയും വളര്‍ത്തുന്നതില്‍ ചില രാഷ്ട്രീയ പാര്‍ട്ടികള്‍ക്കൊപ്പം മാധ്യമങ്ങളും തങ്ങളുടെ സംഭാവനയര്‍പ്പിക്കുന്ന കാലമായിരുന്നു അത്. ഗാന്ധിവധത്തിന്റെ പേരില്‍ ആര്.എസ്.എസ്സിനുമേല്‍ അടിച്ചേല്പിച്ച ആരോപണങ്ങള്‍ തെറ്റായിരുന്നുവെന്നു നിയമപീഠത്തിനു മുമ്പില്‍ തെളിയുകയും സര്‍ക്കാര്‍ നിരോധനം നീക്കുകയും ചെയ്തിട്ടും സംഘത്തിനെതിരായ ഗിബല്‍സിയന്‍ നുണപ്രചരണങ്ങള്‍ക്ക് ഒട്ടും കുറവുണ്ടായിരുന്നില്ല. ആയിടെയാണ് 1950-ല്‍ ആര്.എസ്.എസ്. സര്‍സംഘചാലകനായ പരമപൂജനീയ ഗുരുജിഗോള്‍വാല്‍ക്കര്‍ കോഴിക്കോട് സന്ദര്‍ശിച്ചത്. സംഘപരിപാടിയ്ക്കുപുറമെ നഗരത്തിലെ പ്രമുഖരുമായി സംവദിക്കുന്ന പരിപാടിയും ഏര്‍പ്പെടുത്തിയിരുന്നു. കോഴിക്കോട്ടെ പത്രപ്രവര്‍ത്തകരെ പരിപാടിയിലേയ്ക്ക് ക്ഷണിച്ചിരുന്നെങ്കില്‍ അവരാരും വന്നില്ല.
ഗാന്ധിവധമുള്പ്പെടെയുള്ള ആരോപണങ്ങള്‍ക്ക് പ്രസ്തുതപരിപാടിയില്‍ ഗുരുജി മറുപടി നല്‍കിയിരുന്നു. ഇതുസംബന്ധിച്ച വാര്‍ത്ത പത്രങ്ങളില്‍ വരണമെന്നാഗ്രഹിച്ച കോഴിക്കോട്ടെ സംഘപ്രവര്‍ത്തകര്‍ പത്രമാപ്പീസുകളില്‍ വാര്‍ത്ത എത്തിച്ചെങ്കിലും അതു പ്രസിദ്ധീകരിച്ചുവന്നില്ല. കാരണമന്വേഷിച്ച, അന്നത്തെ മലബാര്‍ പ്രചാരകനായ ശങ്കര്ശാസ്ത്രിയോട് ആര്.എസ്.എസ്സിന്റെ വാര്ത്തകൊടുക്കാനുള്ളതല്ല തങ്ങളുടെ പത്രം എന്ന മറുപടിയാണ് കിട്ടിയത്.
ഏതാണ്ട് ഇതേ സമയത്താണ് ദേശീയതലത്തില്‍ ഇംഗ്ലീഷില്‍ ഓര്‍ഗനൈസറും ഹിന്ദിയില്‍ പാഞ്ചജന്യയും പുറത്തിറങ്ങിയത്. മറ്റുഭാഷകളിലും സംഘപ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ വാരികകള്‍ പുറത്തിറങ്ങാന്‍ തുടങ്ങിയിരുന്നു. ഈ സാഹചര്യങ്ങളെല്ലാം ഒത്തുചേര്‍ന്നപ്പോഴാണ് മലയാളത്തിലും സംഘ ആശയത്തെ കേന്ദ്രമാക്കി ഒരു പത്രം വേണമെന്ന ചിന്ത ദൃഢമായത്. ശങ്കര്‍ജി, പി.പരമേശ്വരന്, പി.മാധവന്, പി.സി.കെ.രാജ, സി.പി.രാമചന്ദ്രന്, സി.എന്‍.സുബ്രഹ്മണ്യന് തുടങ്ങിയവര്‍ ഒത്തുകൂടി ഒരു വാരിക തുടങ്ങാന്‍ തീരുമാനിച്ചു. കേസരി എന്ന പേരു നിര്‍ദ്ദേശിച്ചത് ശങ്കര്ശാസ്ത്രിയായിരുന്നു. ലോകമാന്യതിലകന്‍ മറാഠിയില്‍ തുടങ്ങിയ, സ്വാതന്ത്ര്യസമരത്തിന്റെ ജിഹ്വയായിരുന്നു കേസരി. അതേ ദര്‍ശനം മലയാളത്തിലെ കേസരിയും ഉള്‍ക്കൊള്ളുന്നു. തളിയിലെ സംഘകാര്യാലയത്തിലെ ബഞ്ചിലിരുന്ന് പരമേശ്വര്‍ജി കേസരിയുടെ ആദ്യമുഖപ്രസംഗം എഴുതി: ”സത്യത്തിനും നീതിയ്ക്കും വേണ്ടിയാണ് ‘കേസരി’ നിലകൊള്ളുന്നത്. അസത്യവും അനീതിയും നിറഞ്ഞ ഒരു ചുറ്റുപാടില്‍, സത്യവും നീതിയും എന്താണെന്നു ചൂണ്ടിക്കാണിക്കുകയാണ് ഞങ്ങളുടെ ഉദ്ദേശ്യം. തെറ്റായ ധാരണകളും ആശയക്കുഴപ്പങ്ങളും നീക്കി വാസ്തവങ്ങളെ അവയുടെ ശരിയായ വെളിച്ചത്തില്‍ കാണിക്കുവാനാണ് ഞങ്ങളുടെ പരിശ്രമം. ഭാരതീയ സംസ്കാരം പ്രചരിപ്പിക്കുക എന്നതാണ് കേസരിയുടെ ലക്ഷ്യമെന്നും ആ മുഖപ്രസംഗത്തില്‍ പറയുന്നു. കേസരിയുടെ ജാതകക്കുറിപ്പ് എന്ന് ഈ മുഖപ്രസംഗത്തെ വിശേഷിപ്പിക്കാം. തലക്കുറിയായി കുറിക്കപ്പെട്ട ഈ ധര്‍മ്മം നിര്‍വ്വഹിക്കുകയാണ് കഴിഞ്ഞ 70 വര്‍ഷമായി കേസരി ചെയ്തുവന്നത്. അതിനായി അതിനു കടന്നുപോകേണ്ടിവന്നത് പൂവിരിച്ച പാതകളല്ല, കനല് വഴികളാണ്.
ഭാരതസ്വാതന്ത്ര്യസമരചരിത്രത്തില് കേരളത്തിന്റെ സുപ്രധാനമായ സംഭാവനയാണ് വീരപഴശ്ശിയും വേലുത്തമ്പിയും. പഴശ്ശിയെക്കുറിച്ച് കേരളത്തില്‍ ഗൗരവമാര്‍ന്ന പഠനമൊന്നും നടന്നിരുന്നില്ല. (പഴശ്ശിയെ മോശമായി ചിത്രീകരിക്കുന്ന ലേഖനങ്ങള്‍ പിന്നീട് ഇ.എം.എസ്. നമ്പൂതിരിപ്പാടില്‍ നിന്നും പുറത്തുവരുകയും ചെയ്തിരുന്നു.) ഈ സാഹചര്യത്തിലാണ് ആദ്യലക്കങ്ങളില്‍ തന്നെ കേസരിയില്‍ പഴശ്ശി രാജാവിന്റെ ജീവിതം കേസരിയിലൂടെ പുറത്തുവന്നത്. 1970ല്‍ പഴശ്ശിരാജാവിന്റെ ചിത്രം ആദ്യമായി തയ്യാറാക്കി കേസരി വാര്‍ഷികപ്പതിപ്പിന്റെ മുഖചിത്രമായി അച്ചടിച്ചു. പഴശ്ശി രാജാവിനെക്കുറിച്ചു ഗവേഷണം നടത്തിയ ഡോ.കെ.കെ.എന്‍.കുറുപ്പിന് അതുസംബന്ധിച്ച പ്രേരണമാത്രമല്ല സഹായവും നല്‍കിയത് അന്നത്തെ പത്രാധിപരായിരുന്ന എം.എ.കൃഷ്ണന് ആയിരുന്നു. ഈ സംരംഭത്തിന്റെ തുടര്‍ച്ചയായിരുന്നു 1970-കളില്‍ മാനന്തവാടിയിലെ പഴശ്ശി സ്മാരകത്തില്‍ നിന്നും കൊളുത്തിയ പഴശ്ശിജ്യോതിയുമായി തിരുവനന്തപുരത്തേയ്ക്കു നടന്ന ജ്യോതിപ്രയാണം. ജ്യോതിയാത്രയ്ക്ക് കേരളമൊട്ടാകെ വന്‍ സ്വീകരണം ലഭിച്ചു. പഴശ്ശിയുടെ മണ്ണില്‍ നിന്നും വേലുത്തമ്പിയുടെ മണ്ണിലേയ്ക്കുള്ള ഈ പ്രയാണം കേരളത്തിന്റെ സ്വാതന്ത്ര്യസമരവീര്യം യുവതലമുറയ്ക്ക് പകരുന്നതു മാത്രമല്ല, സ്വാതന്ത്ര്യസമരചരിത്രത്തിനു പുതുവെളിച്ചം പകരുന്നതുമായിരുന്നു. അവഗണിക്കപ്പെട്ടുകിടന്ന പഴശ്ശി സ്മാരകം ജനശ്രദ്ധയിലെത്തിക്കുന്നതിനും ഈ പ്രയാണം കാരണമായി.
1971-ലെ കേസരി നിളാപതിപ്പ് നിളയെക്കുറിച്ചുള്ള ആധികാരിക പഠനത്തിന്റെ റഫറന്‍സ് ഗ്രന്ഥമായി ഇന്നും കരുതപ്പെടുന്നു. ”ഗംഗയുടെയും സിന്ധുവിന്റെയും തീരദേശങ്ങള്‍ കണ്ടെതെല്ലാം നിളാതടവും കണ്ടിട്ടുണ്ട്. സംസ്കാരങ്ങളുടെ ഉയര്‍ച്ചയും താഴ്ചയും ഭരണമാറ്റങ്ങളും യുദ്ധങ്ങളും രക്തച്ചൊരിച്ചിലുമെല്ലാം ഈജിപ്ഷ്യന്‍ സംസ്കാരം മുതല്‍ നക്സലൈറ്റ് വിളയാടം വരെ അതിന്റെ തടങ്ങളില്‍ വളര്‍ന്നു തകര്‍ന്നു. ഭാരതത്തില്‍ നടന്നതെല്ലാം ഭാരതപ്പുഴയുടെ തീരദേശത്തും നടന്നിട്ടുണ്ട്. അതിന്റെ ഇതിഹാസം ഭാരതത്തിന്റെ ഇതിഹാസമാണ്. തീര്‍ത്ഥസ്ഥാനങ്ങളും സിദ്ധന്മാരും കുംഭമേളകളും തിരമൂര്ത്തി ക്ഷേത്രങ്ങളുമെല്ലാം ഇവിടെയുമുണ്ട്; ഗംഗാതടത്തിലെപ്പോലെ”. നിളാപതിപ്പിന്റെ മുഖപ്രസംഗത്തിലെഴുതിയ ഈ വരികള്‍ ഭാരതപ്പുഴ പ്രതിനിധീകരിക്കുന്നത് ഭാരതത്തിന്റെ നാഗരികത തന്നെയാണെന്നു ദൃഢപ്പെടുത്തുന്നു. നിളയെ സാഗരം തേടിപ്പോകുന്ന കന്യകയുടെ ഭാവത്തില്‍ ചിത്രീകരിക്കുന്ന എം.വി.ദേവന്റെ വരകള്‍ കൊണ്ട് സമ്പന്നമായ ഈ പതിപ്പില്‍ പി.ടി.ഭാസ്കരപണിക്കര്‍, കെ.പി.നാരായണപിഷാരൊടി, എം.പി.ഉദയഭാനു, ഡോ.കെ.എന്‍.പിഷാരൊടി, എം.മാധവന്, വി.ടി.ഭട്ടതിരിപ്പാട്, ഡോ.എം.കെ.വാര്യര്‍, എം.ഗംഗാധരന് തുടങ്ങിയ എഴുത്തുകാരും പി.കുഞ്ഞിരാമന് നായര്‍, ഓട്ടൂര്‍ ഉണ്ണി നമ്പൂതിരി, കെ.സി.വി.രാജ, നാലാങ്കാല്, പാച്ചല്ലൂര്‍ പി.ദേവരാജന്‍, മലേഷ്യ കെ. രാമകൃഷ്ണപിള്ള തുടങ്ങിയ കവികളും എഴുതിയിട്ടുണ്ട്. ഇന്ന് വറ്റി വരണ്ടുകൊണ്ടിരിക്കുന്ന നിളയെക്കുറിച്ചു വിലപിക്കുന്ന പ്രകൃതി സ്നേഹികള്‍ ഇക്കാര്യത്തെക്കുറിച്ചു ചിന്തിക്കാന്‍ തുടങ്ങുന്നതിനുമുമ്പേ നിളയുടെ പ്രാധാന്യം മലയാളിയ്ക്കു മുമ്പില്‍ വിളിച്ചു പറഞ്ഞിരുന്നു കേസരി.
കടംവാങ്ങിയ പതിമൂന്നു രൂപ കൊണ്ടാണ് ആദ്യലക്കം പുറത്തിറങ്ങുന്നത്. 500 കോപ്പിയാണ് ആദ്യം അച്ചടിച്ചത്. ശൂന്യതയില്‍ നിന്നായിരുന്നു അതിന്റെ ആരംഭം. തുടക്കത്തില്‍ പാളയത്തെ ഒ.വി.രാജു എന്ന സംഘസ്വയംസേവകന്റെ വീടിന്റെ ചായ്പായിരുന്നു കേസരി പ്രവര്‍ത്തകരുടെ താവളം. പാക്ഷികമായി പുറത്തിറങ്ങിയ ഓരോ ലക്കവും വിറ്റഴിക്കാന്‍ ശങ്കര്‍ശാസ്ത്രിജിയും ആദ്യ പത്രാധിപരായ ഗോപാലകൃഷ്ണന്‍നായരും പരമാവധി ശ്രമിച്ചും ശങ്കര്‍ശാസ്ത്രി യാത്ര കഴിഞ്ഞുവരുമ്പോള്‍ ശേഖരിച്ചുകിട്ടുന്ന പണമാണ് കടലാസുവാങ്ങാനും അച്ചടിച്ചെലവിനും ഉപയോഗിച്ചത്. 1952 നവംബറിലാണ് തളിയിലെ വാടകകെട്ടിത്തിന്റെ മുകള്‍ നിലയിലുള്ള ഒറ്റമുറി ഓഫീസാക്കി പ്രവര്‍ത്തനമാരംഭിച്ചത്. തലശ്ശേരി സ്വദേശിയും ഹിന്ദുസ്ഥാന്‍ എയര്‍ക്രാഫ്റ്റില്‍ ജോലി ചെയ്യവേ 1948ല്‍ സംഘം നയിച്ച സത്യഗ്രഹസമരത്തിനായി രാജിവെച്ചു സംഘപ്രചാരകനായി വന്ന വ്യക്തിയുമായ എം.രാഘവന് ഹിന്ദുസ്ഥാന്‍ സമാചാറിന്റെ ലേഖകനായി പ്രവര്‍ത്തിച്ചുവരുമ്പോഴാണ് 1952-ല്‍ കേസരിയുടെ ചുമതല ഏറ്റെടുക്കുന്നത്. ഗോപാലകൃഷ്ണന് നായര്‍ക്കുശേഷം സംഘപ്രചാരകനായ ആര്.വേണുഗോപാലും സാധുശീലന്‍ പരമേശ്വരന്‍പിള്ളയും സി.പി. രാമചന്ദ്രനും പത്രാധിപചുതലവഹിച്ചു.
1964-ലാണ് എം.എ.കൃഷ്ണന് കേസരിയുടെ മുഖ്യപത്രാധിപരായി ചുമതലയേല്‍ക്കുന്നത്. അദ്ദേഹത്തിന്റെ യാത്രകളും സമ്പര്‍ക്കങ്ങളും കേസരിയുടെ സൗഹൃദവയലം വിപലുമാക്കിതീര്ത്തു.
മലബാറിലെ ക്ഷേത്ര നവോത്ഥാനത്തിനു കാരണമായി ഭവിച്ച അങ്ങാടിപ്പുറം തളി ക്ഷേത്രവിമോചന സമരത്തിന് തുടക്കം പത്രധിപരായ എം.എ കൃഷ്ണന്, സി.പി. ജനാര്‍ദ്ദനനോടൊപ്പം നടത്തിയ അങ്ങാടിപ്പുറം യാത്രയാണ്. സംഭവബഹുലമായ ആ പ്രക്ഷോഭം ചരിത്രത്തിലുണ്ട്. തുടര്‍ന്ന് അന്തിത്തിരി എരിയാത്ത ക്ഷേത്രങ്ങള്‍ വൈകാതെ ഗ്രാമക്ഷേത്രങ്ങളായി ഉയര്‍ന്നുവന്നു. കേളപ്പജി ആരംഭിച്ച മലബാര്‍ ക്ഷേത്രസംരക്ഷണസമിതി പിന്നീട് കേരളക്ഷേത്രസംരക്ഷണ സമിതിയായി മാറി.
1967ലെ ജനസംഘം ദേശീയ സമ്മേളനത്തിന്റെ മുന്നോടിയായി കേസരി കാര്യാലയം പാളയത്തെ ശ്രീവെങ്കിടേശ് ബില്‍ഡിംഗിലേയ്ക്ക് മാറ്റി. ജനസംഘം സമ്മേളനം വിപുലമായി തന്നെ കേസരി റിപ്പോര്‍ട്ടു ചെയ്യുകയും പ്രത്യേകപതിപ്പ് ഇറക്കുകയും ചെയ്തു.
ആര്.എസ്.എസ്സിന്റെ അടിസ്ഥാനഗ്രന്ഥമായി കരുതന്ന വിചാരധാര ‘ബഞ്ച് ഓഫ് തോട്സ്’ എന്ന പേരില്‍ ഇംഗ്ലീഷില്‍, 1966 ഫെബ്രുവരി 16നാണ് പുറത്തിറങ്ങിയത്. ഉടന്‍ തന്നെ അത് വരായി ബാലന് മാസ്റ്റര്‍, വി.കെ.രാമചന്ദ്രന് മാസ്റ്റര്‍, പി.കെ.ചന്ദ്രശേഖരന്, പി.മാധവന് എന്നിവര്‍ ചേര്‍ന്ന് വിവര്‍ത്തനം ചെയ്തു ഖണ്ഡശ്ശയായി കേസരിയില്‍ പ്രസിദ്ധീകരിച്ചു.
ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനെ തുടര്‍ന്നു ആര്.എസ്.എസ്സിനെ നിരോധിക്കുകയും പ്രതീപക്ഷ നേതാക്കളെ തുറുങ്കിലടയ്ക്കുകയും ചെയ്തു. മാര്‍ക്സിസ്റ്റു പാര്‍ട്ടി അടിയന്തരാവസ്ഥക്കെതിരെ ശക്തമായ സമരം നയിക്കാന്‍ തയ്യാറായില്ല. എന്നാല്‍ സര്‍സംഘചാലക് ബാലസാഹേബ് ദേവറസ് അറസ്റ്റിലായ സമയം അദ്ദേഹത്തെക്കുറിച്ചു ലേഖനം കേസരി പ്രസിദ്ധീകരിക്കുകയുണ്ടായി. അധികം വൈകാതെ കേസരി ഓഫാസി കുത്തിത്തുറന്നു പോലീസ് ഫയലുകള്‍ നശിപ്പിച്ചു. കേസരിയും ജന്മഭൂമിയും അച്ചടിച്ചിരുന്ന പ്രസ്സും അടിച്ചുതകര്‍ത്തു. സായാഹ്നപത്രമായ ജന്മഭൂമി ജെ.പിയും അടല്ജിയുമുള്പ്പെടെയുള്ള നേതാക്കള്‍ അറസ്റ്റിലായ വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. കേസരി പത്രാധിപര്‍ എം.എ.കൃഷ്ണനും മാനേജര്‍ എം.രാഘവനും മിസ നിയമപ്രകാരം പിടികിട്ടാപുള്ളികളായിരുന്നു. കേസരിയുടെ പത്രാധിപ ചുമതല മുഴുവന്‍ യുവാവായ പി.കെ.സുകുമാരന്‍ നിര്‍വ്വഹിച്ചു. അദ്ദേഹവും എം.എ.സാറും വി.എം.കൊറാത്തു വഴി കെ.പി.കേശവമേനോനെ ഈ അനിതീക്കെതിരെ പ്രതികരിക്കാന്‍ നിര്‍ബ്ബന്ധിതനാക്കി. കേശവമേനോന് ഇടപെട്ടതോടെ കേസരിയ്ക്കുള്ള നിരോധനം നീക്കി കിട്ടി. ആറ് ആഴ്ചകള്‍ക്കുശേഷം നാല് പേജുള്ള കേസരി പുറത്തിറങ്ങി.
1976ല്‍ അടിയന്തരാവസ്ഥ കാലത്തുതന്നെയാണ് കേസരിയുടെ രജതജയന്തി കൊണ്ടാടിയത്. കെ.പി. കേശവമേനോന് രക്ഷാധികാരിയായി. എസ്.ഗുപ്തന് നായര്‍, ഉറൂബ്, കടത്തനാട് മാധവിയമ്മ, മൂര്‍ക്കോത്ത കുഞ്ഞപ്പ തുടങ്ങിയ പ്രമുഖ സാഹിത്യകാരന്മാര് പങ്കെടുത്ത 2 ദിവസത്തെ പരിപാടി ശ്രദ്ധിക്കപ്പെട്ടു. അടിയന്തരാവസ്ഥാകാലത്താണ് വി.ടി.ഭട്ടതിരിപ്പാടിന്റെ അശീതി കോഴിക്കോട് ആഘോഷിച്ചത്. പ്രസ്തുതചടങ്ങില്‍ ഭട്ടതിരിപ്പാട് അടിയന്തരാവസ്ഥക്കെതിരെ പരസ്യമായി പ്രസംഗിച്ചു.
ബാലഗോകുലം എന്ന കുട്ടികളുടെ സംഘടനയും ആരംഭിക്കുന്നത് കേസരിയിലെ കുട്ടികളുടെ പംക്തിയായിട്ടാണ്. പരമേശ്വര്‍ജിയാണ് ഇതിന് പേരിട്ടത്.
രാമജന്മഭൂമി പ്രക്ഷോഭം സംബന്ധിച്ച ബോധവല്ക്കരണത്തില് കേസരി വഹിച്ച പങ്ക് ചെറുതല്ല. ആദ്യ മുഖപ്രസംഗത്തില്സൂചിപ്പിച്ചപോലെ ഭാരതം നേരിടുന്ന പ്രതിസന്ധിഘട്ടങ്ങളിലെല്ലാം കേസരി വായനക്കാര്‍ക്ക് വഴികാട്ടിയായുണ്ടായിരുന്നു. ഈ ദൗത്യത്തെ മലയാളി വായനക്കാര്‍ രണ്ടും കയ്യും കൂടി സ്വീകരിച്ചതാണ് കേസരിയുടെ വളര്‍ച്ചയ്ക്ക് കാരണം. പുതിയ കെട്ടിടത്തിലെ മാധ്യമപഠനഗവേഷണ കേന്ദ്രംവഴി ഈ ദൗത്യം വളരെ വേഗം മുന്നോട്ടുകൊണ്ടുപോകാനാണ് കേസരി ആഗ്രഹിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: