കാസര്‍കോട്: ജില്ലയിലെ കോണ്‍ഗ്രസ്സ് പാര്‍ട്ടിയ്ക്കകത്ത് പൊട്ടിതെറി. കെ.സുധാകരനെ കെപിസിസി അധ്യക്ഷനാക്കണമെന്ന് അവശ്യപ്പെട്ടു ജില്ലയില്‍ വ്യാപകമായി ഫ്ളക്സുകള്‍ ഒരുവിഭാഗം കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ തന്നെ സ്ഥാപിച്ചു. സേവ് കോണ്‍ഗ്രസിന്റെ പേരിലാണ് ബാനറുകള്‍ ഇന്നലെ രാവിലെ പ്രത്യക്ഷപ്പെട്ടത്.
‘കോണ്‍ഗ്രസിന്റെ വീര്യം വീണ്ടെടുക്കാന്‍ സുധാകരന് വരട്ടെ’, ‘പട നയിക്കാന്‍ സുധാകരനെങ്കില്‍ പോരാടാന്‍ നമ്മള് തയ്യാര്‍’ തുവടങ്ങിയവയാണ് പോസ്റ്ററിലെ വരികള്‍. ജില്ലയിലെ ഡിസിസി ഓഫീസായ കെ. കരുണാകരന് സ്മാരക മന്ദിരത്തിന് മുന്‍പിലാണ് ഇന്നലെ പുലര്‍ച്ചെ ഫ്ളക്സ് ഉയര്‍ന്നത്. തുടര്‍ന്ന് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ തന്നെ ഇതിന്റെ ചിത്രം പകര്‍ത്തി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയായിരുന്നു. സംഭവം അറിഞ്ഞ് ജില്ലയിലെ കോണ്‍ഗ്രസ്സിന്റെ മുതിര്‍ന്ന നേതാക്കള്‍ ഇടപെട്ട് ഫ്ളക്സ് മാറ്റാന്‍ ആവശ്യപ്പെട്ടെങ്കിലും ആദ്യം പ്രവര്‍ത്തകര്‍ തയ്യാറായില്ല. തുടര്‍ന്ന് പ്രവര്‍ത്തകര്‍ ഫ്ളക്സ് മാറ്റിയെങ്കിലും സമീപത്തെ മരത്തിന് മുകളില്‍ വീണ്ടും സ്ഥാപിച്ചു. ഇതോടെ നേതാക്കള്‍ വീണ്ടും വെട്ടിലായി.
തദ്ദേശ തെരഞ്ഞെടുപ്പിലെ പരാജയവും സംഘടനാ വിഷയങ്ങളും ചര്‍ച്ച ചെയ്യാന്‍ എഐസിസി ജനറല്‍ സെക്രട്ടറി താരീഖ് അന്‍വര്‍ ഇന്നലെ തലസ്ഥാനത്ത് കോണ്‍ഗ്രസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്താനിരിക്കെയാണ് ഇന്നലെ രാവിലെ തന്നെ പോസ്റ്ററുകള്‍ കാസര്‍കോട്ടും പ്രത്യക്ഷപ്പെട്ടത്. തദ്ദേശ തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ കെ. സുധാകരനെയും കെ. മുരളീധരനെയും നേതൃസ്ഥാനത്ത് എത്തിക്കണമെന്ന പോസ്റ്ററുകള്‍ പലയിടത്തും പ്രത്യക്ഷപ്പെട്ടിരുന്നു.
തദ്ദേശ തെരഞ്ഞെടുപ്പില്‍ തകര്‍ന്നടിഞ്ഞ യുഡിഎഫില്‍ ജില്ലയിലെ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ക്കിടയില്‍ പടയൊരുക്കം ശക്തമാണ്. കോണ്‍ഗ്രസിനകത്തും പുറത്തും നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനമാണ് അണികള്‍ ഉയര്‍ത്തുന്നത്. ഇതിന്റെ ബാക്കി പാത്രമാണ് ജില്ലയില്‍ ഇന്നലെ ഉയര്‍ന്ന ഫ്ളക്സുകള്‍. കാസര്‍കോട് ജില്ലയില്‍ ആദ്യമായിട്ട് ഇത്തരത്തിലൊരു ഫ്ളക്സ് പ്രത്യക്ഷപ്പെട്ടതില്‍ നേതാക്കളും ഞെട്ടലിലാണ്.
തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ വീഴ്ച തുറന്നുപറഞ്ഞ് സുധാകരന് മാധ്യമങ്ങളെ കണ്ടിരുന്നു. കെപിസിസി പ്രസിഡന്റ് താനായിരുന്നെങ്കില്‍ ഇതാകുമായിരുന്നില്ല തെരഞ്ഞെടുപ്പ് ഫലം എന്നും സുധാകരന് പറഞ്ഞു. കോണ്‍ഗ്രസിന്റെ സംഘടനാ ശക്തി ക്ഷയിച്ചു എന്നാണ് സുധാകരന് അന്ന് സൂചിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: