ന്യൂദല്‍ഹി: മുന്‍പ് ആവശ്യപ്പെട്ടിരുന്ന കാര്യമാണ് ഇപ്പോള്‍ എതിര്‍ക്കുന്നതെന്ന് ചൂണ്ടിക്കാട്ടി, കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ലോക്‌സഭയില്‍ സംസാരിക്കുന്ന പഴയ വീഡിയോ പങ്കുവച്ച് ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ. കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികളുടെ വിമര്‍ശനം പരാമര്‍ശിച്ചാണ് അദ്ദേഹം വീഡിയോ ട്വീറ്റ് ചെയ്തത്. ഇടനിലക്കാരെ ഒഴിവാക്കി കര്‍ഷകര്‍ വിളകള്‍ നേരിട്ട് വിപണിയില്‍ വില്‍ക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചാണ് വീഡിയോയില്‍ രാഹുല്‍ ഗാന്ധി പറയുന്നത്.
ഇപ്പോള്‍ നടക്കുന്ന കര്‍ഷ പ്രക്ഷോഭത്തില്‍ രാഹുല്‍ ഗാന്ധി രാഷ്‌ട്രീയം കളിക്കുകയാണെന്നും ജെ പി നദ്ദ ട്വിറ്ററില്‍ കുറിച്ചു. ‘സംഭവിക്കുന്ന ഈ മാജിക്ക് എന്താണ് രാഹുൽ ജി. മുന്‍പ് ആവശ്യപ്പെട്ടിരുന്ന കാര്യത്തെ ഇപ്പോള്‍ എതിര്‍ക്കുന്നു. രാജ്യത്തിന്റെയോ കര്‍ഷകരുടെയോ താത്പര്യത്തിനായി താങ്കള്‍ക്ക് ചെയ്യാനൊന്നുമില്ല. താങ്കള്‍ക്ക് രാഷ്‌ട്രീയം കളിച്ചേ മതിയാകൂ. താങ്കളുടെ നിര്‍ഭാഗ്യവശാല്‍ താങ്കളുടെ കാപട്യം നടക്കില്ല. രാജ്യത്തെ ജനങ്ങളും കര്‍ഷകരും താങ്കളുടെ ഇരട്ടത്താപ്പ് തിരിച്ചറിഞ്ഞിട്ടുണ്ട്’- ട്വീറ്റില്‍ പറയുന്നു.
അമേഠിയലില്‍നിന്നുള്ള എംപിയായിരിക്കെ 2015-ല്‍ ലോക്‌സഭയില്‍ നടത്തിയ പ്രസംഗത്തിന്റെ വീഡിയോയാണിത്.. ഉരുളക്കിഴങ്ങ് രണ്ടുരൂപയ്‌ക്ക് കര്‍ഷകര്‍ വില്‍ക്കുമ്പോള്‍ പത്തുരൂപയ്‌ക്ക് വില്‍ക്കുന്ന ഉരുളക്കിഴങ്ങ് ഉപ്പേരി പായ്‌ക്കറ്റിന് പിന്നിലെ മാജിക് വിശദീകരിക്കാന്‍ യുപിയിലേക്കുള്ള സന്ദര്‍ശനത്തിനിടെ ഒരു കര്‍ഷകന്‍ ആവശ്യപ്പെട്ടുവെന്ന് രാഹുല്‍ ഗാന്ധി വീഡിയോയില്‍ പറയുന്നു.
എന്താണിതിന് കാരണമെന്ന് രാഹുല്‍ ഗാന്ധി തിരക്കിയപ്പോള്‍ ഫാക്ടറി വളരെ ദൂരെയാണെന്നും കര്‍ഷകര്‍ക്ക് വിളകള്‍ അവിടെ നേരിട്ട് വില്‍ക്കാനായാല്‍ ഇടനിലക്കാരുടെ കൈകളിലേക്ക് പോകാതെ മുഴുവന്‍ പൈസയും അവര്‍ക്ക് ലഭിക്കുമെന്നും കര്‍ഷകന്‍ പറഞ്ഞതായി അദ്ദേം വീഡിയോയില്‍ പറയുന്നു. അമേഠിയിലെ ഫുഡ് പാര്‍ക്ക് പ്രോജക്ട് ഏറ്റെടുക്കാന്‍ കോണ്‍ഗ്രസിന് പ്രേരണയായതെന്ത് എന്നതിനെക്കുറിച്ചായിരുന്നു രാഹുല്‍ ഗാന്ധി വിശദീകരിച്ചത്.
സ്വകാര്യവ്യക്തിക്ക് വിളകള്‍ നേരിട്ട് വില്‍ക്കാന്‍ പുതിയ കാര്‍ഷിക നിയമം കര്‍ഷകരെ അനുവദിക്കുന്നുണ്ട്. ഈ നിയമത്തിനെതിരെ സമരം ചെയ്യുന്ന കര്‍ഷക സംഘടനകളെയാണ് കോണ്‍ഗ്രസ് ഇപ്പോള്‍ പിന്തുണയ്‌ക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: