കൊച്ചി: സംസ്ഥാന സര്‍ക്കാരിന്റെ ജനവിരുദ്ധവും തൊഴിലാളി വിരുദ്ധവുമായ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ബി.എം.എസ് സംസ്ഥാന സമ്മേളനത്തില്‍ പ്രമേയം. കഴിഞ്ഞ നാലര വര്‍ഷക്കാലമായി കേരളം ഭരിച്ചുകൊണ്ടിരിക്കുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ നിയമസഭയെ നോക്കുകുത്തിയാക്കിക്കൊണ്ട് ജനജീവിതത്തെ നേരിട്ടു ബാധിക്കുന്ന പല വിഷയങ്ങളും ഗവര്‍ണറെക്കൊണ്ട് ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ച് തികച്ചും ജനവിരുദ്ധവും തൊഴിലാളി വിരുദ്ധവുമായ നയങ്ങള്‍ നടപ്പാക്കി വരികയാണ്.
തൊഴിലാളിവര്‍ഗ്ഗ സര്‍ക്കാര്‍ എന്നവകാശപ്പെടുന്ന ഇടതു സര്‍ക്കാര്‍ തങ്ങളെ വോട്ടു ചെയ്ത് അധികാരത്തിലേറ്റിയ ചുമട്ടുതൊഴിലാളികള്‍ അടക്കമുള്ളവരെ വഞ്ചിച്ചുകൊണ്ട് അവര്‍ കാലങ്ങളായി അനുഭവിച്ചു വരുന്ന ഒട്ടേറെ ആനുകൂല്യങ്ങള്‍ നിഷേധിക്കുകയും തൊഴില്‍ നഷ്ടപ്പെടുന്ന തരത്തില്‍ 1978-ലെ കേരള ചുമട്ടുതൊഴിലാളി നിയമം ഭേദഗതി ചെയ്തുകൊണ്ട്, 2018-ല്‍ കേരള നിക്ഷേപ പ്രോത്സാഹനം എന്ന പേരില്‍ ഓര്‍ഡിനന്‍സ് ഇറക്കുകയും തൊഴിലാളിക്കു പകരം സാങ്കേതിക പരിജ്ഞാനമുള്ളവരെക്കൊണ്ടും യന്ത്രസാമഗ്രികള്‍ കൊണ്ടും ജോലി ചെയ്യിക്കാമെന്ന് നിഷ്‌കര്‍ഷിക്കുകയും ചെയ്യുന്നു ഇതുമൂലം ഒട്ടേറെപേര്‍ക്കാണ് തൊഴില്‍ നഷ്ടം സംഭവിക്കുന്നത്. തൊഴിലാളികളേയും തൊഴിലുടമയേയും നിരന്തരം സംഘര്‍ഷത്തിലാക്കികൊണ്ട് സൃഗാലതന്ത്രമാണ് ഇക്കാര്യത്തില്‍ സര്‍ക്കാര്‍ കൈക്കൊണ്ടിട്ടുള്ളത്.
2018 ല്‍ തന്നെ കേരള ഷോപ്പ്‌സ് ആന്റ് കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് (ഭേദഗതി) ഓര്‍ഡിനന്‍സിലൂടെ സ്ത്രീ തൊഴിലാളികളെ രാത്രി 9 മണിയ്‌ക്കും രാവിലെ 6 മണിയ്‌ക്കുമിടയ്‌ക്ക് ജോലി ചെയ്യിക്കാന്‍ തൊഴിലുടമയ്‌ക്ക് അധികാരം നല്‍കുന്നു. ഗ്രാമീണവാസികളായ വനിതാതൊഴിലാളികളെ സംബന്ധിച്ച് നഗരത്തില്‍ സ്ഥിതി ചെയ്യുന്ന ഫാക്ടറികളിലും മറ്റു തൊഴില്‍ സ്ഥാപനങ്ങളിലും അസമയത്ത് സുരക്ഷിതമായി ജോലിയ്‌ക്ക് പോവുകയെന്നത് ദുഷ്‌കരമാണ്. യാതൊരു പ്രായോഗികതയും ചിന്തിക്കാതെയാണ് ഈ ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചിട്ടുള്ളത്.
കോവിഡ്-19 മൂലം ജനജീവിതം സ്തംഭിച്ച അവസരത്തില്‍ മറ്റു സംസ്ഥാന സര്‍ക്കാരുകളെല്ലാം തന്നെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും പോലീസടക്കമുള്ള കൊറോണ മുന്നണി പോരാളികള്‍ക്കും പ്രത്യേക ആനുകൂല്യങ്ങള്‍ അനുവദിച്ചപ്പോള്‍, കേരളത്തിലെ ഇടതു സര്‍ക്കാര്‍ സംസ്ഥാന ജീവനക്കാരുടെ ശമ്പളത്തില്‍നിന്ന് ഒരു മാസത്തെ വരുമാനത്തിനു തുല്യമായ സംഖ്യ 2020 ഏപ്രില്‍ മുതല്‍ 5 മാസം കൊണ്ട് പിടിച്ചു വെയ്‌ക്കുകയാണ് ചെയ്തത്. ഇതിനെതിരെ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ബി.എം.എസ്സ് സംഘടനകള്‍ ബഹു: ഹൈക്കോടതിയെ സമീപിക്കുകയും, സമ്മതമില്ലാതെ ശമ്പളം പിടിക്കരുതെന്ന് കോടതി വിധി പ്രഖ്യാപിക്കുകയും ചെയ്തു. ഇതിനെ തുടര്‍ന്ന് തികച്ചും ജനാധിപത്യ വിരുദ്ധമായി ഓര്‍ഡിനന്‍സിലൂടെ.
കോടതി വിധിയെ മറികടക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. ഇതേപോലെ പങ്കാളിത്ത പെന്‍ഷന്‍ വിഹിതം പിടിക്കുന്നതിന് 2013 ഏപ്രില്‍ 1 മുതല്‍ മുന്‍കാല നിയമ പ്രാബല്യം നല്‍കുന്നതിനായി 2020 ജൂണ്‍ 4-ന് അസാധാരണ ഗസറ്റിലൂടെ വിജ്ഞാപനം പുറപ്പെടുവിക്കുകയുണ്ടായി. പങ്കാളിത്ത പെന്‍ഷന്‍ പുന:പരിശോധിക്കാമെന്ന് വാഗ്ദാനം നല്‍കി അധികാരത്തിലേറിയ സര്‍ക്കാര്‍, ജീവനക്കാരെ തീര്‍ത്തും വഞ്ചിച്ചിരിക്കുകയാണ്.
ഏറ്റവും ഒടുവിലായി, അഭിപ്രായ സ്വാതന്ത്ര്യവും മാധ്യമ പ്രവര്‍ത്തനവും ഹനിക്കുന്ന രീതിയില്‍ 2011-ലെ കേരള പോലീസ് ആക്ട് ഭേദഗതി ചെയ്തുകൊണ്ട്, അതിലെ 118-ാം വകുപ്പില്‍ 118 എ എന്ന പുതിയ ചട്ടം – 3 വര്‍ഷം വരെ തടവു ശിക്ഷയും 10000 രൂപ പിഴയും വിവക്ഷിക്കുന്ന എഴുതിച്ചേര്‍ത്തുകൊണ്ട് 2020-ലെ കേരള പോലീസ് (ഭേദഗതി) ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കുകയുണ്ടായി. എല്ലാ വിഭാഗം ജനങ്ങളില്‍നിന്നും ശക്തമായ എതിര്‍പ്പുണ്ടായതിനെ തുടര്‍ന്ന് 2 ദിവസത്തിനകം സര്‍ക്കാര്‍ ഇതില്‍നിന്നും പിന്‍തിരിഞ്ഞെങ്കിലും ഇടതു സര്‍ക്കാരിന്റെ ജനങ്ങളോടും നിയമസഭയോടുമുള്ള അവഹേളനത്തിന് ഇത് ഉത്തമോദാഹരണമാണ്.
ഇങ്ങനെ ജനങ്ങളേയും തൊഴിലാളികളേയും വഞ്ചിച്ചുകൊണ്ട് കേരളത്തെ ഓര്‍ഡിനന്‍സ് രാജിലൂടെ ഭരിക്കുന്ന ഇടതു സര്‍ക്കാര്‍. ഇത്തരം ജനാധിപത്യവിരുദ്ധമായ നിലപാടുകളില്‍നിന്ന് പിന്‍തിരിയണമെന്ന് 2020 ഡിസംബര്‍ 26, 27 തീയ്യതികളില്‍ എറണാകുളത്ത് ചേര്‍ന്ന ബി.എം.എസ്സ് 19-ാം സംസ്ഥാന സമ്മേളനം സര്‍ക്കാരിനോട് ആവശ്യപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: