കോഴിക്കോട്: ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് നാളെ കോഴിക്കോട്ടെത്തും. കേസരി വാരികയുടെ ആസ്ഥാന മന്ദിരത്തിന്റെയും മാധ്യമ പഠന ഗവേഷണ കേന്ദ്രത്തിന്റേയും ഉദ്ഘാടനം നിര്‍വഹിക്കാനാണ് അദ്ദേഹം കോഴിക്കോട്ടെത്തുന്നതെന്ന് കേസരി മാനേജിങ് ട്രസ്റ്റി അഡ്വ.പി.കെ. ശ്രീകുമാര്‍, മുഖ്യപത്രാധിപര്‍ ഡോ.എന്‍.ആര്. മധു, ഡെപ്യൂട്ടി എഡിറ്റര്‍ സി.എം. രാമചന്ദ്രന് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
29ന് രാവിലെ 10 മണിക്ക് കേസരി ആസ്ഥാന മന്ദിരത്തിലെ പരമേശ്വരം ഹാളിലാണ് ഉദ്ഘാടനചടങ്ങ് നടക്കുക. സ്വാഗതസംഘം അധ്യക്ഷന്‍ പി.ആര്. നാഥന് ചടങ്ങില്‍ അധ്യക്ഷനാകും. കൊളത്തൂര്‍ അദൈ്വതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി, ആര്‍എസ്എസ് മുന്‍ അഖിലഭാരതീയ ബൗദ്ധിക് ശിക്ഷണ്‍ പ്രമുഖ് ആര്. ഹരി എന്നിവര്‍ അനുഗ്രഹ പ്രഭാഷണവും മുതിര്‍ന്ന മാധ്യമപ്രവര്ത്തകന് എം. കേശവമേനോന് ആശംസാ പ്രസംഗവും നടത്തും.
കുരുക്ഷേത്രപ്രകാശന്‍, കേസരി പബ്ലിക്കേഷന്‍സ് എന്നിവ പ്രസിദ്ധീകരിക്കുന്ന ഏഴ് പുസ്തകങ്ങളുടെ പ്രകാശനം ഡോ. മോഹന്‍ ഭാഗവത് നിര്‍വ്വഹിക്കും. തുടര്‍ന്ന് സംഗീത സംവിധായകനും ഗാനരചയിതാവുമായ കൈതപ്രം രചിച്ച ഗീതം സിനിമാ പിന്നണി ഗായകന് ദീപാങ്കുരന് ആലപിക്കും. ഗീതത്തിനുശേഷം ഡോ. മോഹന്‍ ഭാഗവത് ഉദ്ഘാടന ഭാഷണം നടത്തും. കേസരി മുഖ്യപത്രാധിപര്‍ ഡോ.എന്‍.ആര്. മധു, ഹിന്ദുസ്ഥാന്‍ പ്രകാശന് ട്രസ്റ്റ് മാനേജര്‍ അഡ്വ.പി.കെ. ശ്രീകുമാര്‍, കെ. സര്‍ജിത്ത്ലാല്‍ എന്നിവര്‍ സംസാരിക്കും. വയലിന് കച്ചേരി, ഞെരളത്ത് ഹരിഗോവിന്ദന് അവതരിപ്പിക്കുന്ന സോപാന സംഗീതം, സരസ്വതീ പൂജ, സമാദരണം എന്നിവയും നടക്കും. മിസോറം ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ള, കേന്ദ്രമന്ത്രി വി. മുരളീധരന്, ഒ. രാജഗോപാല്‍ എംഎല്‍എ തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരാകും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടക്കുന്ന ഉദ്ഘാടനചടങ്ങിലേക്ക് പാസ് മുഖാന്തിരമാണ് പ്രവേശനം.
വി.എം. കൊറാത്തിന്റെ പേരിലാണ് പത്രപ്രവര്‍ത്തന പഠന കേന്ദ്രം ആരംഭിക്കുന്നത്. 30 പേര്‍ക്കാണ് കോഴ്സിലേക്ക് പ്രകാശനം നല്‍കുകയെന്നും ഡോ.എന്‍.ആര്. മധു അറിയിച്ചു. 60 സെന്റ് സ്ഥലത്ത് അഞ്ച് നിലകളിലായി വിപുലമായ സൗകര്യങ്ങളോടെയാണ് കേസരി വാരികയുടെ മാധ്യമപഠന ഗവേഷണ കേന്ദ്രം നിര്‍മ്മിച്ചത്. കേസരി കാര്യാലയം, പത്രപ്രവര്‍ത്തന പഠന കേന്ദ്രം, റിസര്‍ച്ച് ലൈബ്രറി, ഡിജിറ്റല്‍ ലൈബ്രറി, ഡിജിറ്റല്‍ ആര്‍ക്കേവ്, മിനി തിയേറ്റര്‍, കണ്വെന്ഷന് ഹാളുകള്‍, പബ്ലിക്കേഷന്‍ വിഭാഗം, ബുക്ക് സ്റ്റാള്‍, ജന്മഭൂമി ഓഫീസ്, ഭാരതീയ വിചാരകേന്ദ്രം, തപസ്യ തുടങ്ങിയ സാംസ്കാരിക സംഘടനകളുടെ ഓഫീസ്, ഷോപ്പിങ് സെന്റര്‍ എന്നിവയും ഇവിടെ പ്രവര്‍ത്തനമാരംഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: