ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാരുമായി ഇനി ചര്‍ച്ചയ്ക്കില്ലെന്ന നിലപാടുപേക്ഷിച്ച് ചര്‍ച്ചയ്ക്ക് തയാറായി കര്‍ഷക സംഘടനകള്‍. ചൊവ്വാഴ്ച രാവിലെ 11 മണിക്ക് വിജ്ഞാന് ഭവനിലാണ് ചര്‍ച്ച. ദല്‍ഹി അതിര്‍ത്തികളില്‍ സമരം ചെയ്യുന്ന നാല്‍പ്പതോളം കര്‍ഷക സംഘടനകളുടെ സംയുക്ത സമിതിയാണ് വീണ്ടും ചര്‍ച്ചയ്ക്ക് സന്നദ്ധത അറിയിച്ചത്.
സമരം ചര്‍ച്ചകളിലൂടെ അവസാനിപ്പിക്കണമെന്ന് സുപ്രീംകോടതി കര്‍ഷക സംഘടനകള്‍ക്ക് നിര്‍ദേശം നല്‍കിയതിന് പിന്നാലെ അടുത്ത ഘട്ട ചര്‍ച്ചയ്ക്കുള്ള ക്ഷണം കേന്ദ്രസര്‍ക്കാര്‍ സമര രംഗത്തുള്ള കര്‍ഷക സംഘടനകള്‍ക്ക് കൈമാറിയിരുന്നു. എന്നാല്‍ ഇനി കേന്ദ്രവുമായി യാതൊരു ചര്‍ച്ചയ്ക്കുമില്ലെന്ന നിലപാടിലായിരുന്നു സമരക്കാര്‍. എന്നാല്‍ അനന്തമായി നീളുന്ന സമരം കര്‍ഷക സംഘടനകളെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. സമരം അവസാനിപ്പിക്കാന്‍ ചര്‍ച്ചയല്ലാതെ മറ്റു വഴികളില്ലെന്ന തിരിച്ചറിവിലാണ് നിര്‍ത്തിവെച്ച ചര്‍ച്ചകള്‍ പുനരാരംഭിക്കാന്‍ സംയുക്ത കിസാന്‍ മോര്‍ച്ച തയാറായത്.
കര്‍ഷകരുടെ എല്ലാ പ്രശ്നങ്ങളും ചര്‍ച്ച ചെയ്യാന്‍ തയാറാണെന്നും ഏതു വിഷയവും കര്‍ഷകര്‍ക്ക് കേന്ദ്ര സര്‍ക്കാരിനോട് ഉന്നയിക്കാമെന്നും കേന്ദ്ര കൃഷിമന്ത്രാലയ ജോയിന്റ് സെക്രട്ടറി വിവേക് അഗര്‍വാള്‍ കര്‍ഷക സംഘടനകള്‍ക്കയച്ച കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. അതിനിടെ ദല്‍ഹി അതിര്‍ത്തികള്‍ ഉപരോധിച്ചുകൊണ്ടുള്ള സമരത്തില്‍ മാറ്റം വരുത്താനുള്ള തീരുമാനത്തിലേക്ക് കര്‍ഷകസംഘടനകള്‍ എത്തിച്ചേര്‍ന്നതായും സൂചനയുണ്ട്.
സിംഗു, തിക്രി അതിര്‍ത്തികളില്‍ നിന്ന് ഡിസംബര്‍ 30ന് കുണ്ട്ലി-മനേസര്‍പല്‍വാല്‍ ഹൈവേയിലേക്ക് ട്രാക്ടര്‍ മാര്‍ച്ച് നടത്താനുള്ള തീരുമാനം ഇതിന്റെ ഭാഗമാണ്. ആഴ്ചകളായി ദല്‍ഹി അതിര്‍ത്തികള്‍ തടഞ്ഞിട്ടും രാജ്യതലസ്ഥാനത്തേക്കുള്ള ചരക്കു നീക്കത്തെ ബാധിക്കാത്തതും ഭക്ഷ്യ ക്ഷാമം ഉണ്ടാവാത്തതും കര്‍ഷക സംഘടനകള്‍ പ്രതിരോധത്തിലാവാന്‍ കാരണമായി. പഞ്ചാബ്, ഹരിയാന വഴിയുള്ള ചരക്കു നീക്കം പൂര്‍ണമായി നിലച്ചപ്പോള്‍ യുപി അടക്കമുള്ള സംസ്ഥാനങ്ങളില്‍ നിന്ന് ദല്‍ഹിയിലേക്ക് കൂടുതല്‍ ചരക്ക് വാഹനങ്ങള്‍ എത്തിയതാണ് കര്‍ഷക സംഘടനകളുടെ കണക്ക് കൂട്ടലുകള്‍ തെറ്റിച്ചത്. ഭക്ഷ്യ ക്ഷാമം വഴി കേന്ദ്രസര്‍ക്കാരിനെ പ്രതിരോധത്തിലാക്കാനാവുമെന്നായിരുന്നു സമരക്കാരുടെ കണക്കുകൂട്ടല്‍. കുണ്ട്ലി-മനേസര്‍പല്‍വാല്‍ ഹൈവേയിലേക്ക് സമരക്കാര്‍ പൂര്‍ണമായും മാറുകയാണെങ്കില്‍ സിംഗു, തിക്രി ഹൈവേകള്‍ തുറക്കാനും സാധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: