മക്കളേ,
പുത്തന്‍ പ്രതീക്ഷകളുടെ മൊട്ടുകള്‍ വിരിയിച്ച് പുതുവര്‍ഷം വന്നണയുകയാണ്. കഠിനമായ പരീക്ഷണങ്ങളിലൂടെയാണ് കഴിഞ്ഞ ഒരു വര്‍ഷം ലോകം പിന്നിട്ടത്. പോയവര്‍ഷം നമുക്കു നല്കിയ അനുഭവങ്ങളില്‍നിന്നും, പാഠങ്ങളില്‍നിന്നും കൂടുതല്‍ കരുത്താര്‍ജ്ജിച്ച് നമുക്കു പുതുവര്‍ഷത്തിലേയ്ക്കു പ്രവേശിക്കാം. ജീവിതമാകുന്ന പുസ്തകത്തിലെ പുതിയൊരു താളുപോലെയാണു പുതുവര്‍ഷം. വേണമെങ്കില്‍ സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും ശാന്തിയുടെയും വിജ്ഞാനത്തിന്റെയും കുറിപ്പുകള്‍ അതില്‍ നമുക്ക് എഴുതിച്ചേര്‍ക്കാം. അല്ലെങ്കില്‍ വിദ്വേഷത്തിന്റെയും ക്രോധത്തിന്റെയും അലസതയുടെയും കുറിപ്പുകള്‍കൊണ്ടതു നിറയ്ക്കാം. അതില്‍ എന്തെഴുതണമെന്നതു നമ്മുടെ കൈയ്യിലാണ് ഇരിക്കുന്നത്. വിവേകമാകുന്ന പേനയില്‍ പ്രയത്നമാകുന്ന മഷി നിറച്ചാവട്ടെ നമ്മള് ആ താളില്‍ എഴുതുന്നത്.
അനന്തമായ ശക്തിയും സ്നേഹവും നമ്മുടെ ഉള്ളിലുണ്ട്. എന്നാല്‍ അതു പാഴായിപ്പോകാതിരിക്കണമെങ്കില്‍ നല്ല കര്‍മ്മങ്ങളിലൂടെ അതു ലോകത്തിനു നല്‍കണം. ഒരു ഭാഷ നമുക്കു എത്ര നന്നായി അറിയാമെങ്കിലും കുറെക്കാലം ഉപയോഗിക്കാതിരുന്നാല്‍ നമ്മളതു മറന്നുപോകും. അതുപോലെയാണ് സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും കാര്യവും. കരുണാര്‍ദ്രമായ ഹൃദയമുള്ളവര്‍ മറ്റുള്ളവര്‍ക്കു സുഖവും സന്തോഷവും പകരുന്നു. അവര്‍ മറ്റുള്ളവര്‍ക്കു പ്രചോദനമായിത്തീരുന്നു. ഒപ്പം സ്വയം സന്തോഷം അനുഭവിക്കുകയും ചെയ്യുന്നു.
ഒരു ടി.വി. മത്സരപരിപാടിയില്‍ ഒരു പെണ്‍കുട്ടി വിജയിച്ചു. ഒന്നാം സമ്മാനമായി സംഘാടകര്‍ നിശ്ചയിച്ചിരുന്നത് അമേരിക്കയിലേയ്ക്കു പോകാനും അവിടെ ഒരാഴ്ച കാഴ്ചകള്‍ കണ്ട് മടങ്ങി വരാനുമുള്ള രണ്ടു ടിക്കറ്റുകളായിരുന്നു. സമ്മാനദാനച്ചടങ്ങില്‍ അവതാരിക ഈ പെണ്‍കുട്ടിയോടു ചോദിച്ചു, ‘ഒന്നാം സമ്മാനം കിട്ടിയതില്‍ ആഹ്ലാദവതിയാണല്ലോ, അല്ലേ?’ ‘അതെ’, പെണ്‍കുട്ടി പറഞ്ഞു. അവതാരിക പിന്നെയും ചോദിച്ചു, ‘ആകട്ടെ, രണ്ട് ടിക്കറ്റുകളാണല്ലോ നിങ്ങള്‍ക്കു ലഭിക്കാന്‍ പോകുന്നത്. മറ്റേ ടിക്കറ്റില്‍ ആരെയാണ് കൂടെ കൊണ്ടുപോകാന്‍ ഉദ്ദേശിക്കുന്നത്? അമ്മയെയോ അച്ഛനെയോ അതോ സഹോദരിയെയോ?’ പെണ്‍കുട്ടി കൈകൂപ്പിക്കൊണ്ടു പറഞ്ഞു, ‘ക്ഷമിക്കണം. ടിക്കറ്റുകള്‍ക്കു പകരം അതിനു തുല്യമായ തുക പണമായി നല്കുമെങ്കില് അതെനിയ്ക്കു കൂടുതല്‍ സന്തോഷമാകും.’ ‘ആകട്ടെ, എന്തുകൊണ്ടാണ് നിങ്ങള്‍ സമ്മാനമായി പണം ആവശ്യപ്പെടുന്നത്? അമേരിക്ക സന്ദര്‍ശിക്കാന്‍ ഇഷ്ടമില്ലെന്നുണ്ടോ?’ കുട്ടി പറഞ്ഞു, ‘അതല്ല, എന്റെ അമ്മ ഒരു നഴ്സ് ആണ്. കഴിഞ്ഞ ആഴ്ച എന്റെ അമ്മയോടൊപ്പം ഞാനും ആശുപത്രിയില്‍ പോയിരുന്നു. അവിടെ വച്ച് എന്റെ പ്രായത്തിലുള്ള ഒരു കുട്ടിയെ കാണാനിടയായി. കുറച്ചു നേരം സംസാരിച്ചപ്പോള്‍ തന്നെ ഞങ്ങള്‍ അടുത്ത ചങ്ങാതിമാരായി. ആ കുട്ടി അവളുടെ ഭാവിസ്വപ്നങ്ങളെപ്പറ്റി എന്നോടു വിവരിച്ചു. അക്കാര്യം എന്റെ അമ്മയോടു പറഞ്ഞപ്പോള്‍ അമ്മ വിഷമത്തോടെ പറഞ്ഞു, ‘ആ കുട്ടിയ്ക്കു മാരകമായ ക്യാന്‍സര്‍ ആണ്. അതിനു ശരിയായ ചികിത്സ നല്കാന് അച്ഛനുമമ്മയ്ക്കും കഴിവില്ല. ഏതെങ്കിലും വലിയ ആശുപത്രിയില്‍ കൊണ്ടുപോയി വിദഗ്ദ്ധചികിത്സ നല്‍കിയില്ലെങ്കില്‍ ആ കുട്ടി അധികകാലം ജീവിച്ചിരിക്കില്ല.’ ആ കുട്ടിയുടെ നിഷ്കളങ്കമായ മുഖം, ഭാവിയെക്കുറിച്ചുള്ള അവളുടെ കൊച്ചുകൊച്ചു പ്രതീക്ഷകള്‍, തന്റെ രോഗം അധികംതാമസിയാതെ മാറുമെന്ന വിശ്വാസം, ഇവയൊന്നുംതന്നെ എനിക്കു മറക്കാന്‍ കഴിയുന്നില്ല. ഈശ്വരാനുഗ്രഹമുണ്ടെങ്കില് ഭാവിയില്‍ എന്നെങ്കിലും അമേരിക്കയില്‍ പോകാന്‍ എനിക്കു കഴിഞ്ഞേക്കും. എന്നാല്‍ ഇപ്പോള്‍ ഇതിന്റെ സംഘാടകര്‍ കനിയുകയാണെങ്കില്‍ ഈ സമ്മാനത്തുകകൊണ്ട് ആ കുട്ടിക്കു മികച്ച ചികിത്സ നല്കാന് കഴിയും. മരണത്തില്‍നിന്ന് ആ കുട്ടിയെ വീണ്ടെടുക്കാന്‍ കഴിഞ്ഞാല്‍ അതായിരിക്കും എന്റെ യഥാര്‍ത്ഥ വിജയം. അതായിരിക്കും എനിയ്ക്ക് ഏറ്റവും ആഹ്ലാദം നല്കുന്ന മുഹൂര്‍ത്തം’.
ഇതുകേട്ട മത്സരത്തിന്റെ സംഘാടകര്‍ അപ്പോള്‍ തന്നെ തങ്ങള്‍ സമ്മാനത്തിന്റെ തുക കൈമാറാന്‍ തയ്യാറാണെന്ന് അറിയിച്ചു. മാത്രമല്ല ആ അഭിമുഖം കണ്ടുകൊണ്ടിരുന്ന ആയിരക്കണക്കിന് അളുകള്‍ ആ കുട്ടിയ്ക്കു സംഭാവനകള്‍ അയയ്ക്കാന്‍ തുടങ്ങി. അങ്ങനെ ഒരു വലിയതുക കിട്ടി. ആ തുകകൊണ്ട് താന്‍ പരിചയപ്പെട്ട കുട്ടിയ്ക്കു ചികിത്സ നല്‍കുക മാത്രമല്ല, മറ്റു പാവപ്പെട്ട കുട്ടികളുടെ ചികിത്സാചെലവുകള്‍ വഹിക്കാന്‍ ഉദ്ദേശിച്ചുള്ള ഒരു ഫണ്ട് രൂപീകരിക്കുവാനും ആ പെണ്‍കുട്ടിക്കു കഴിഞ്ഞു.
പുതിയ വര്‍ഷത്തില്‍ നമുക്കൊരു പ്രതിജ്ഞയെടുക്കാം. ഒരു ദിവസം മറ്റുള്ളവര്‍ക്കു സന്തോഷം നല്കുന്നതോ ആശ്വാസം നല്കുന്നതോ ആയ ഒരു പ്രവൃത്തിയെങ്കിലും ചെയ്യാതെ ഉറങ്ങാന്‍ പോവില്ല എന്ന്. വലിയ കാര്യങ്ങള്‍ ചെയ്യാന്‍ കഴിഞ്ഞില്ലെങ്കിലും സാരമില്ല. കാരുണ്യത്തോടെയുള്ള ഒരു വാക്ക്, സ്നേഹത്തോടെയുള്ള ഒരു പുഞ്ചിരി, മറ്റുള്ളവരുടെ ദുഃഖം ക്ഷമയോടെ കേള്‍ക്കാനുള്ള ഒരു മനസ്സ് അത്രയെങ്കിലും ഉണ്ടെങ്കില്‍ അതുതന്നെ ധാരാളം.
പുതുവര്‍ഷത്തില്‍ എല്ലാവരുടെയും മുഖങ്ങളില്‍ സ്നേഹത്തിന്റെ പുഞ്ചിരി വിരിയട്ടെ. നമ്മുടെ മനസ്സ് ഭയവും ആധിയും ഒഴിഞ്ഞ് പ്രശാന്തമാവട്ടെ. ഹൃദയങ്ങളില്‍ കാരുണ്യം നിറയട്ടെ. ബുദ്ധിയില്‍ വിവേകത്തിന്റെ സൂര്യന് ഉദിക്കട്ടെ. രോഗഭീഷണി ഒഴിഞ്ഞ, ശാന്തിയും സമാധാനവും നിറഞ്ഞ ഒരു ലോകമാകട്ടെ പുതുവത്സരത്തില്‍ നമ്മെ കാത്തിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: