എകെ ഹരികുമാര്‍
മലയാളകവിതയില്‍ ഇപ്പോള്‍ ഒരു പുതിയ പ്രതിസന്ധി രൂപപ്പെട്ടിരിക്കുകയാണ്. ആധുനികതയുടെ ക്ഷീണം എണ്‍പതുകളുടെ ഒടുവില്‍ തുടങ്ങി, രണ്ടായിരത്തോടെ പൂര്‍ണമായി. ഇപ്പോഴും ചിലര്‍ ആധുനികതയുടെ അവശിഷ്ടഭാവുകത്വത്തെ അവതരിപ്പിക്കുന്നുണ്ടെങ്കിലും അതെല്ലാം നിര്‍ജ്ജീവമായാണ് അനുഭവപ്പെടുന്നത്. ഒറ്റക്കവിത എന്ന നിലയില്‍ ഗാഢമായ മനനത്തിനും വിചിന്തനത്തിനും ഉതകുന്ന രചനകള്‍ തീരെയില്ലെന്ന് പറയാം. എങ്ങോട്ടാണ് പോകേണ്ടതെന്ന ഒരു ശൂന്യത കവികള്‍ അഭിമുഖീകരിക്കുന്ന പോലെ തോന്നുന്നു.
ആധുനികതയും ഉത്തരാധുനികതയും പാരമ്പര്യവാദവും എല്ലാം കൂടിച്ചേര്‍ന്ന് അവ്യക്തമായി ഒഴുകുകയാണ് മലയാളത്തില്‍. അയ്യപ്പപണിക്കരുടെ കവിതകള്‍ തിരിച്ചുവരുന്നുണ്ട്. ഒ.എന്‍.വിയുടെ ‘കുഞ്ഞേടത്തി’യും മറ്റും വീണ്ടും കേള്‍ക്കാന്‍ ആളുകള്‍ ആഗ്രഹിക്കുന്നു. സുഗതകുമാരിയുടെ ‘തുലാവര്‍ഷപ്പച്ചകള്‍’ വല്ലാതെ ഗൃഹാതുരമാക്കുന്നു. അക്കിത്തത്തിന്റെ മൗനകാലം, ആ കവിയുടെ വേദാത്മകമായ പദാനുരണനങ്ങളില്‍ വായനക്കാര്‍ മോഹാലസ്യപ്പെട്ടു കഴിയുന്ന കാലമായിരുന്നല്ലോ.
ഓരോ കവിയും ഓരോ ആവിഷ്കാര നീര്‍ച്ചാലായി മാറുകയാണിന്ന്. കുറേ കവികളുടെ പേര് ചേര്‍ത്ത് ഒരു ഭാവുകത്വത്തിനു ശ്രമിക്കാന്‍ പറ്റാത്ത വിധം വിചിത്രമായ പഥങ്ങള്‍ ഉണ്ടായിരിക്കുന്നു. നവഭാവുകത്വവുമായി പരിചയമുണ്ടായാല്‍ പോരാ, അത് രസാനുഭവമാക്കണം. കവിത ഗണിതശാസ്ത്രമോ ഭാഷാശാസ്ത്രമോ അല്ല; അത് സൗന്ദര്യാനുഭവമായി മാറണം. ഈയിടെ കെ.എ. ജയശീലന്‍ കവിതയെ കവികള്‍ ഭാഷാശാസ്ത്രപരമായാണ് കാണുന്നുതെന്ന് വിശദീകരിച്ചതോര്‍ക്കുന്നു. കവിത അതിന്റെ അബോധത്തെ സൃഷ്ടിക്കുന്നത് കവിയുടെ പോലും ജ്ഞാനമണ്ഡലത്തിന് പുറത്താണെന്ന് ടി.എസ്. എലിയറ്റ് പറഞ്ഞിട്ടുണ്ട്. വാസ്തവികതയെ അറിയാനുള്ള സിദ്ധി പ്രധാനമാണ്. ‘കരുണ’യില്‍ വാസവദത്ത ഒടുവില്‍ കഴിയുന്ന ചുടലക്കാടിന്റെ വിവരണം ആശാന് നല്‍കുന്നത് കവിയുടെ ഈ നിരീക്ഷണ ബോധത്തിന് തെളിവാണ്.
പോയവര്‍ഷം വായിച്ച കവിതകളില്‍ നിന്ന് പുതിയ തലമുറയില്‍പ്പെട്ട കുറേ കവികളെയും അവരുടെ കവിതകളെയും ഓര്‍ത്തെടുക്കുകയാണിവിടെ. കെ.എ.ജയശീലന്‍ (നദീവൃത്തം, മാതൃഭൂമി ആഴ്ചപ്പതിപ്പ്, നവംബര്‍ 15), സ്റ്റെല്ലാ മാത്യു (പൂവിറുക്കും പോലെ മീന്‍പിടിക്കുന്നൊരുവന്‍, ഭാഷാപോഷിണി, നവംബര്‍), എം.ആര്. വിഷ്ണുപ്രസാദ് (ദൈവത്തിന് നിരക്കാത്ത വൈദ്യുതി, മലയാളം, നവംബര്‍ 15 ), കുഞ്ഞപ്പ പട്ടാനൂര് (ബഹുസ്വരത, പ്രഭാതരശ്മി, ഒക്ടോബര്‍), കെ.വി.സുമിത്ര (സൂര്യപ്രഭയുടെ ഇലക്കാലം, പ്രസാധകന്, ഡിസംബര്‍), അനുഭൂതി ശ്രീധരന് (ഒരു വൈശാഖക്കനവ്, കേസരി, ഡിസംബര്‍ 11), എം.എസ്. ബനേഷ് (പരിശീലനം, ഭാഷാപോഷിണി, ഡിസംബര്‍), സുറാബ് (മടങ്ങിവന്ന കവിതകള്‍, എഴുത്ത്, ഡിസംബര്‍), വിജേഷ് എടക്കുന്നി (പനി, മാധ്യമം ആഴ്ച്ചപ്പതിപ്പ്, നവംബര്‍ 9 ), രാധാകൃഷ്ണന് എടച്ചേരി (രാമകൃഷ്ണന്, എഴുത്ത്, ഡിസംബര്‍), സുധീഷ് കോട്ടേമ്പ്രം (പച്ചിലപ്പേടി, മാതൃഭൂമി ആഴ്ച്ചപ്പതിപ്പ്, നവംബര്‍ 28), എന്‍.ജി. ഉണ്ണികൃഷ്ണന് (സ്വകാര്യം, മാധ്യമം ആഴ്ചപ്പതിപ്പ് നവംബര്‍ 30), കാര്യാവില്‍ രാധാകൃഷ്ണന് (അശരീരികള്‍, അപ്രത്യക്ഷം, കേസരി, ഡിസംബര്‍ 18 ), അടുതല ജയപ്രകാശ് (അമ്ലമഴ, ഗ്രന്ഥാലോകം, നവംബര്‍), ജയപ്രകാശ് എറവ് (ചിന്തകള്‍ക്ക് കൂട്ടിരിക്കുമ്പോള്‍, കലാപൂര്‍ണ, ഡിസംബര്‍), ബിജു കാഞ്ഞങ്ങാട് (മീന്‍ചാറിലെ നാവികന്, എഴുത്ത്, നവംബര്‍), ശ്രീകല ചിങ്ങോലി ( ഒരേ തൂവല്‍, എഴുത്ത്, നവംബര്‍) തുടങ്ങിയവര്‍ ഒരു പ്രസ്ഥാനത്തിനു വേണ്ടിയല്ല എഴുതിയത്. ഒരു വനത്തിലകപ്പെട്ട് ദിക്കറിയാതെ ഉഴറുമ്പോള്‍ നമ്മള് സ്വയമൊരു വഴിയായിത്തീരും. അതുപോലെയാണ് കവനങ്ങള്‍.
കുരീപ്പുഴ ശ്രീകുമാറിന്റെ ചില സ്ഥലനാമങ്ങള്‍ (മാതൃഭൂമി ആഴ്ചപ്പതിപ്പ്,നവംബര്‍ 22 ), പി. നാരായണക്കുറുപ്പിന്റെ അമ്മൂമ്മച്ചന്തം (ആശ്രയ മാതൃനാട്, ഡിസംബര്‍), കെ.വി.ബേബിയുടെ മാതൃകാ ദമ്പതികള്‍ (മാധ്യമം ആഴ്ചപ്പതിപ്പ്, നവംബര്‍ 30 ), മങ്കൊമ്പ് ഗോപാലകൃഷ്ണന്റെ കപ്പിത്താന് (കേസരി ഓണപ്പതിപ്പ് ), എസ്. രമേശന് നായരുടെ വയലാര്‍ (പ്രഭാത രശ്മി, സെപ്റ്റംബര്‍), ശ്രീകുമാരന്‍തമ്പിയുടെ പ്രണവോത്സവം (ജന്മഭൂമി ഓണപ്പതിപ്പ്) എന്നീ കവിതകള്‍ സ്വതന്ത്രാവിഷ്കാരമായി നില്‍ക്കുകയാണ്.
രാജന് കൈലാസിന്റെ ‘മാവ് പൂക്കാത്ത കാലം’ (ഡി.സി.), ഡോ.മധു മീനച്ചിലിന്റെ ‘പാക്കനാര്‍ തോറ്റം ‘ (വേദ ബുക്സ് )എന്നീ കവിതാസമാഹാരങ്ങളാണ് പോയവര്‍ഷം എന്നെ ആകര്‍ഷിച്ചത്. രണ്ടുപേരും ആധുനികവും ഉത്തരാധുനികവുമായ ലോകത്തിന്റെ മിഥ്യകളെ മറികടന്നുകൊണ്ട് സ്വകീയമായ മിത്തുകള്‍ കണ്ടെടുക്കുകയാണ്. അത് സമകാലികമാകുമ്പോള്‍ കവിതയുടെ രസച്ചരട് മുറിയുന്നുമില്ല.
‘മാവു പൂക്കാത്ത ഒരു കാലത്ത് എങ്ങനെയാണ് കവിത പൂക്കുക’ എന്ന് രാജന് കൈലാസ് ചോദിക്കുന്നത് നിഷ്കളങ്കമായാണ്. അതില്‍, പക്ഷേ തന്റെ കാലവും കവിതയും നേരിടുന്ന പ്രശ്നങ്ങള്‍ അന്തര്‍വഹിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: