ന്യൂദല്‍ഹി: രാജ്യത്തെ ശുചിത്വം വര്‍ധിപ്പിക്കാനും മികച്ച പൊതു ശൗചാലയ സൗകര്യങ്ങള്‍ വികസിപ്പിന്നതിന്റെ വിവശേഖരതിനായി ആപ്പുമായി കേന്ദ്ര സര്‍ക്കാര്‍. ‘സ്വച്ഛത അഭിയാന്’ മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കി സാമൂഹ്യനീതിശാക്തീകരണ മന്ത്രി തവര്ച്ചന്ത് ഗെലോട്ട്. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും സൗജന്യമായി ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.
വിസര്‍ജ്യങ്ങള്‍ മനുഷ്യ സഹായത്തോടെ നീക്കം ചെയ്യേണ്ടി വരുന്ന ശൗചാലയങ്ങള്‍ സംബന്ധിച്ച കൃത്യമായ വിവരങ്ങള്‍ ഇല്ലാത്തപക്ഷം ഗവണ്മെന്റ് ഇതര സംഘടനകള്‍, സാമൂഹിക സംഘടനകള്‍, പൊതുജനങ്ങള്‍ എന്നിവരുടെ സഹായത്തോടെ വിവരശേഖരണം നടത്താന്‍ ഭരണകൂടം പദ്ധതിയിട്ടിരുന്നു. ഇത് ലക്ഷ്യമിട്ടാണ് ‘സ്വച്ഛത അഭിയാന്’ മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കിയത്തെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
ഇത്തരം ശൗചാലയങ്ങളുടെ സാന്നിധ്യവും, സെപ്റ്റിക് ടാങ്കുകളും ഓവുചാലുകളും മനുഷ്യര്‍ വൃത്തിയാക്കുന്ന സാഹചര്യങ്ങളും ഒഴിവാക്കാന്‍ പുതിയ മൊബൈല്‍ ആപ്ലിക്കേഷന്‍ സഹായകരമാകുമെന്ന് ഗെലോട്ട് ചടങ്ങില്‍ പറഞ്ഞു. ഇത്തരം ശൗചാലയങ്ങള്‍ മാറ്റി പുതിയ സംവിധാനങ്ങള്‍ സ്ഥാപിക്കാനും, സെപ്റ്റിക് ടാങ്കുകളും ഓവുചാലുകളും വൃത്തിയാക്കുന്ന ജോലികളില്‍ ഏര്‍പ്പെട്ടിരിക്കുന്നവരെ കൂടുതല്‍ മികച്ച ജീവിത സാഹചര്യങ്ങളിലേക്ക് പുനരധിവസിപ്പിക്കാനും, അവര്‍ക്ക് മികച്ച ജീവിത നിലവാരം ഉറപ്പാക്കാനും ആപ്ലിക്കേഷന്റെ പ്രവര്‍തനത്തിലൂടെ സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സാമൂഹിക നീതിശാക്തീകരണ സഹമന്ത്രിമാരായ രാംദാസ് അഥാവലെ, കൃഷന് പാല് ഗുര്‍ജ്ജര്‍ തുടങ്ങിയവരും ചടങ്ങില്‍ സന്നിഹിതരായി.
രാജ്യത്തെ എല്ലാ ജനങ്ങളും പുതിയ മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിക്കാന്‍ സന്നദ്ധരാകണമെന്നും ഇത്തരം ശൗചാലയങ്ങളോ, സെപ്റ്റിക് ടാങ്കുകളും ഓവുചാലുകളും മനുഷ്യര്‍ വൃത്തിയാക്കുന്ന സാഹചര്യങ്ങളോ ശ്രദ്ധയില്‍പ്പെട്ടാല്‍ അത് സംബന്ധിച്ച വിവരങ്ങള്‍ ആപ്ലിക്കേഷനില്‍ നല്കാന് തയ്യാറാകണമെന്നും കേന്ദ്ര മന്ത്രി അഭ്യര്‍ത്ഥിച്ചു. 2011ലെ സെന്‍സസ് പ്രകാരം രാജ്യത്ത്, മനുഷ്യ സഹായത്താല്‍ വിസര്‍ജ്യങ്ങള്‍ നീക്കം ചെയ്യേണ്ടി വരുന്ന 26 ലക്ഷത്തോളം ശൗചാലയങ്ങള്‍ ഉണ്ട് എന്ന് കേന്ദ്ര മന്ത്രി ചൂണ്ടിക്കാട്ടി. ഇവയുടെ സാന്നിധ്യം ആണ് ഇത്തരം ജോലിക്കായി പൗരന്മാരെ പ്രേരിപ്പിക്കുന്നതെന്നും മന്ത്രി ഓര്‍മിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: