ഇടുക്കി: കൊറോണയും ലോക്ക് ഡൗണിനും ശേഷം ജില്ലയിലെ ടൂറിസം മേഖലയ്‌ക്ക് പുത്തന്‍ ഉണര്‍വേകി ക്രിസ്തുമസ്-ന്യൂ ഇയര്‍ അവധിക്കാലം. ധനുമാസ തണുപ്പ് തേടി കഴിഞ്ഞ ഞായാറാഴ്ച മുതല്‍ ജില്ലയിലേക്ക് വലിയ തോതില്‍ സഞ്ചാരികളെത്തുന്നുണ്ട്. ഇടുക്കിയില്‍ അത്ര പ്രശസ്തമല്ലാത്ത ടൂറിസം സെന്ററുകളിലും നിരവധി പേര്‍ എത്തുന്നുണ്ട്.
തെക്കിന്റെ കാശ്മീരായ മൂന്നാര്‍, ശീതക്കാല പച്ചക്കറി കൃഷിയുടെ നാടായ വട്ടവട, മഴനിഴല്‍ പ്രദേശമായ മറയൂര്‍, ശീതക്കാല പഴങ്ങളുടെ നാടായ കാന്തല്ലൂര്‍ മേഖലകള്‍ക്ക് പുറമെ തേക്കടി, ഇടുക്കി ഡാം, പൊന്മുടി ഡാം, കുണ്ടള ഡാം, മാട്ടുപ്പെട്ടി ഡാം, മലങ്കര ഡാം, ഇടുക്കി ഹില്‍വ്യൂ പാര്‍ക്ക്, ഇരവികുളം ദേശീയോദ്ധ്യാനം, ശ്രീനാരായണ പുരം വെള്ളച്ചാട്ടം, കാല്‍വരി മൗണ്ട്, വാഗമണ്‍, പരുന്തുംപാറ, പാഞ്ചാലിമേട്, തൊമ്മന്‍കുത്ത്, നാടുകാണി പവലിയന്‍, തുടങ്ങിയ ജില്ലയിലെ പ്രശസ്തമായ സ്ഥലങ്ങളിലെല്ലാം നൂറ് കണക്കിന് പേരാണ് ദിവസവും എത്തുന്നത്. അതേ സമയം അത്ര പ്രശസ്തമല്ലാത്ത സ്ഥലങ്ങളിലും വലിയ തോതില്‍ സഞ്ചാരികളെത്തുന്നുണ്ട്.
തേക്കടിയില്‍ എല്ലാ ബോട്ടുകളും നിലവില്‍ സര്‍വ്വീസ് നടത്തുന്നുണ്ട്. കഴിഞ്ഞ ദിവസം മുതല്‍ ഇടുക്കി ഡാമും തൊമ്മന്‍കുത്ത് വെള്ളച്ചാട്ടവും സഞ്ചാരികള്‍ക്കായി തുറന്നിരുന്നു. ഇരവികുളം ദേശീയോദ്ധ്യാനത്തില്‍ ഇന്നലെ 1491 പേരെത്തി. കഴിഞ്ഞ ഞായാറാഴ്ച 2177 ആളുകളെത്തിയിരുന്നു. നിലവിലെ സാഹചര്യത്തില്‍ ഒരു ദിവസം പരമാവധി പ്രവേശിപ്പിക്കാന്‍ ആകുക 2900 പേരെയാണ്.
അവധിയായതിനാല്‍ ഇന്നും അടുത്ത രണ്ട് ദിവസവും കൂടുതല്‍ പേരെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അസി. വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ജോബ് ജെ. നര്യംപറമ്പില്‍ പറഞ്ഞു. പുതുവര്‍ഷം കൂടി അടുത്തെത്തി നില്‍ക്കെ ജനുവരി ആദ്യ വാരം വരെ തിരക്ക് നീണ്ട് നില്‍ക്കും. മൂന്നാറിലും ജില്ലയിലെ മറ്റിടങ്ങളിലും കഴിഞ്ഞ കുറച്ച് ദിവസമായി തണുപ്പ് കൂടിയിട്ടുണ്ട്. ഉത്തരേന്ത്യയില്‍ നിന്നുള്ള ശൈത്യക്കാറ്റ് കേരളത്തിലേക്ക് എത്തിയതാണ് ഇതിന് കാരണം.
ഇതോടെ ജില്ലയാകെ ധനുമാസ കുളിരില്‍ അലിയുകയാണ്. പുലര്‍ച്ചയും വൈകുന്നേരങ്ങളിലും ഹൈറേഞ്ച് മേഖലയില്‍ കോട അനുഭവപ്പെടുന്നതും പുറത്ത് നിന്നെത്തുന്ന സഞ്ചാരികളുടെ മനം കുളിര്‍പ്പിക്കുകയാണ്. അതേ സമയം കൊറോണയുടെ പശ്ചാത്തലത്തില്‍ മുന്‍കരുതല്‍ നടപടികള്‍ ശക്തമാക്കണമെന്ന ആവശ്യവും ശക്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: