കാസര്‍ഗോഡ്: കാഞ്ഞങ്ങാട് കൊല്ലപ്പെട്ട ഔഫ് അബ്ദുറഹ്മാന് ഡിവൈഎഫ്ഐക്കാരനല്ലെന്നും സുന്നി പ്രവര്‍ത്തകനാണെന്നും എസ്എസ്എഫ് മുന്‍ സംസ്ഥാന സെക്രട്ടറി മുഹമ്മദലി കിനാലൂര്‍. ഔഫ് ഒരിക്കലും സിപിഎമ്മിലോ ഡിവൈഎഫ്ഐയിലോ പ്രവര്‍ത്തിച്ചിട്ടില്ല. മരണാനന്തരം അദേഹത്തെ സി.പി.എം ആക്കിയ ബുദ്ധി ഏത് പാര്‍ട്ടി നേതാവിന്റേതാണ് എന്നറിയില്ലെന്നും മുഹമ്മദലി കിനാലൂര്‍ ഫേസ്ബുക്കില്‍ കുറിച്ചു.
പോസ്റ്റിന്റെ പൂര്‍ണരൂപം
‘പറയാതിരുന്നാല്‍ അനീതിയാകും, ആ മയ്യിത്തിനോടും ഔഫിനെ സ്നേഹിക്കുന്നവരോടുമുള്ള അനീതി. മരിച്ചവര്‍ക്കും അവകാശമുണ്ട്. അത് വകവെച്ചു കൊടുക്കേണ്ടത് ജീവിച്ചിരിക്കുന്നവരാണ്. കാസറഗോഡ് കൊല്ലപ്പെട്ട സുന്നി പ്രവര്ത്തകന്, അതേ, സുന്നി പ്രവര്ത്തകന് മാത്രമായ ഔഫിന് മരണാനന്തരമുള്ള അവകാശങ്ങളില്‍ ചിലത് നിഷേധിക്കപ്പെട്ടു. നൂറു ചുകപ്പന്‍ അഭിവാദ്യങ്ങള്‍ക്ക് നടുവില്‍ ചുവപ്പ് കൊടി നെഞ്ചിലേറ്റു വാങ്ങി കിടക്കേണ്ടവനായിരുന്നില്ല ഔഫ്.
അവന് സുന്നി പ്രവര്ത്തകന് മാത്രമായിരുന്നു. ചോരച്ചാലുകള്‍ നീന്തിക്കടന്ന പ്രസ്ഥാനത്തിലെ കണ്ണി ആയിരുന്നില്ല, സഹനസമരത്തിന്റെ ഉജ്ജ്വലമായ പാരമ്പര്യമുള്ള സുന്നി പ്രസ്ഥാനത്തിന്റെ പ്രവര്ത്തകന് ആയിരുന്നു. അവനെ മരണാനന്തരം സിപിഎം ആക്കിയ ബുദ്ധി ഏത് പാര്‍ട്ടി നേതാവിന്റേതാണ് എന്നറിയില്ല. മയ്യിത്തുകള്‍ക്ക് മെമ്പര്‍ഷിപ് നല്കുന്ന ലോകത്തിലെ ആദ്യത്തെ പാര്‍ട്ടി എന്ന ‘ബഹുമതി’ ഡിവൈഎഫ്ഐക്കും സി പി എമ്മിനുമിരിക്കട്ടെ. സഖാക്കളേ, ‘ഞങ്ങള്‍’ക്കൊപ്പമുണ്ട് എന്ന് നിങ്ങള്‍ പ്രഖ്യാപിക്കേണ്ടത് ഇങ്ങനെയല്ല. ഇത് അതിക്രമമാണ്. മയ്യിത്തിനോട് കാട്ടിയ അതിക്രമം. മാപ്പില്ലാത്ത പാതകം. മരിച്ചവര്‍ക്കും അവകാശമുണ്ട്, അതുപക്ഷെ മരണാനന്തരം പാര്‍ട്ടി അംഗത്വം നല്കലോ പാര്‍ട്ടി പതാക പുതപ്പിക്കലോ അല്ല.
സഖാക്കളേ,കൊല്ലപ്പെട്ടവര്‍ക്കൊപ്പം നില്‍ക്കാനുള്ള നിങ്ങളുടെ സന്നദ്ധതയെ അഭിവാദ്യം ചെയ്യുന്നു. കൊലയാളി ലീഗിനെതിരായ നിങ്ങളുടെ അമര്‍ഷത്തെ അംഗീകരിക്കുന്നു. കൊല്ലപ്പെട്ട സുന്നിപ്രവര്‍ത്തകന്‍ ഔഫിനോട് നിങ്ങള്‍ കാണിച്ച നെറികേടിനെ (ക്ഷമിക്കുക, ആ വാക്ക് ഉപയോഗിക്കേണ്ടിവന്നതില്‍) ശക്തമായി അപലപിക്കുകയും ചെയ്യുന്നു. ദയവായി പാര്‍ട്ടി രക്തസാക്ഷികളുടെ പട്ടികയില്‍ പേര് ചേര്‍ത്ത് ഔഫിനെ ഇനിയും ഇനിയും അപമാനിക്കരുത്. ഇതൊരപേക്ഷയാണ്. ഔഫ് ജീവിതം സമര്‍പ്പിച്ചു പ്രവര്‍ത്തിച്ച അതേ സുന്നിസംഘടനയില്‍ അഭിമാനത്തോടെ പ്രവര്‍ത്തിക്കുന്ന ഒരു സഹപ്രവര്‍ത്തകന്റെ അപേക്ഷ.
സംഘര്‍ഷത്തിനിടെയാണ് പഴയ കടപ്പുറം പള്ളിക്ക് സമീപത്തെ കുഞ്ഞൂബ്ദുള്ള ദാരിമിആയിഷ ദമ്പതികളുടെ മകന് അബ്ദുള്‍റഹ്മാന്‍ എന്ന ഔഫ് (28) കൊല്ലപ്പെട്ടത്. എന്നാല്‍ കൊല്ലപ്പെട്ടത് ഡിവൈഎഫ്ഐക്കാരനാണെന്ന അവകാശവാദവുമായി സിപിഎം രംഗത്ത് വരുകയായിരുന്നു. ഔഫ് എസ്വൈഎസ് പ്രവര്‍ത്തകനാണെന്നാണ് വീട്ടുകാരും നാട്ടുകാരും പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: