കോട്ടയം: അഭയകൊലക്കേസ് അട്ടിമറിച്ചത് ജസ്റ്റിസ് (റിട്ട.) സിറിയക് ജോസഫെന്ന് എറണാകുളം മുന്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് വി.ടി. രഘുനാഥന്. ഒരു ചാനലിനു നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം അദ്ദേഹം പറഞ്ഞത്.
അഭയക്കേസില്‍ സംഭവം നടന്ന സ്ഥലം പരിശോധിക്കാനുള്ള തന്റെ തീരുമാനം തടയാന്‍ ശ്രമിച്ചു, സുപ്രധാന ഫയലുകള്‍ എടുത്തു കൊണ്ടുപോയി, ഒടുവില്‍ തന്നെ സ്ഥലം മാറ്റി, അദ്ദേഹം പറഞ്ഞു. പിന്നീട് ഹൈക്കോടതി ജഡ്ജിയായ, അന്നത്തെ ഹൈക്കോടതി രജിസ്ട്രാര്‍ എ.വി. രാമകൃഷ്ണ പിള്ളയാണ് സ്ഥല പരിശോധന ഒഴിവാക്കാന്‍ നിര്‍ദ്ദേശിച്ചത്, രഘുനാഥന് പറഞ്ഞു. ഹൈക്കോടതി ജഡ്ജി പറഞ്ഞതു പ്രകാരമാണ് വിളിക്കുന്നതെന്നും രാമകൃഷ്ണ പിള്ള പറഞ്ഞു.
അഭയക്കേസില്‍ സിബിഐ റിപ്പോര്‍ട്ട് പരിഗണിച്ച ജഡ്ജിയായിരുന്നു രഘുനാഥന്. അഭയ കിടന്നിരുന്ന മുറി, അഭയ വെള്ളമെടുക്കാന്‍ പോയിയെന്നു പറയുന്ന ഫ്രിഡ്ജ്, വാതില്‍, അവിടെ നിന്ന് കിണറിലേക്കുള്ള വഴി, ദൂരം ഇതൊക്കെ വിലയിരുത്തി ഇന്ന കാര്യങ്ങള്‍ നോക്കണമെന്ന് സിബിഐയോട് നിര്‍ദ്ദേശിക്കുകയായിരുന്നു ലക്ഷ്യം. അതിനുള്ള തീരുമാനമാണ് എടുത്തത്. അടുത്ത ദിവസം രാവിലെ കോടതിയില്‍ എത്തിയപ്പോള്‍ മറ്റു സ്റ്റാഫ് പറഞ്ഞു, സാറിനെ രജിസ്ട്രാര്‍ നിന്തരം വിളിച്ചിരുന്നു. തിരിച്ചുവിളിച്ചപ്പോള്‍ ചോദിച്ചു, ഇന്നലെ നിങ്ങള്‍ ഓര്‍ഡറിട്ട’സ്ഥലപരിശോധനയ്ക്ക് പോയോയെന്ന്. ഇല്ലെന്നു പറഞ്ഞപ്പോള്‍, പോകരുത് എന്നായിരുന്നു മറുപടി. എന്റെ ഒരു ജുഡീഷ്യല്‍ ഉത്തരവ് എങ്ങനെ ഞാന്‍ റദ്ദാക്കുമെന്നു തിരിച്ചു ചോദിച്ചു. അപ്പോള്‍ അദ്ദേഹം പറഞ്ഞു, അതൊരു ജഡ്ജിയുടെ നിര്‍ദ്ദേശമാണെന്ന്. ആരാണെന്ന് ഞാന്‍ ചോദിച്ചില്ല. എന്റെ ഉത്തരവു പ്രകാരം സ്ഥല പരിേശാധനയ്ക്ക് പോകണ്ടായെന്ന് പറയുകയാണെങ്കില്‍ എനിക്ക് രേഖാമൂലം നിര്‍ദ്ദേശം ലഭിക്കണമെന്നു പറഞ്ഞു.
നിര്‍ബന്ധമാണോയെന്ന് ചോദിച്ചു. അതെയെന്ന് മറുപടി നല്കി. പിന്നെ ജോലി തുടങ്ങി. ഉച്ചയ്ക്ക് ലഞ്ച് ബ്രേക്കിന് ചെന്നപ്പോള്‍ ഹൈക്കോടതിയില്‍ നിന്ന് ഒരു പ്രത്യേക മെസഞ്ചര്‍ വന്ന് അഭയക്കേസുമായി ബന്ധപ്പെട്ട ഫയലുകള്‍ എടുത്തുകൊണ്ടുപോയിയെന്നു മറ്റുള്ളവര്‍ പറഞ്ഞു. സുപ്പീരിയര്‍ ഓഫീസറല്ലേ എടുത്തു കൊണ്ടുപോയത്. നമുക്കൊന്നും പറയാനില്ലല്ലോ. തന്നെ രജിസ്ട്രാര്‍ വിളിച്ച് സ്ഥലപരിശോധനയ്ക്ക് പോകരുതെന്ന് പറയിപ്പിച്ചതും മറ്റും ജസ്റ്റിസ് സിറിയക് ജോസഫ് ആണെന്ന് പിന്നീട് മാധ്യമങ്ങളിലൂടെയും മറ്റും അറിഞ്ഞു.
എനിക്ക് നേരിട്ടറിയില്ല. സിറിയക് ജോസഫ് ആണെന്നാണ് അറിഞ്ഞത്. കേസ് തന്റെ മുന്നിലെത്തുമ്പോള്‍ അടയ്ക്ക രാജുവിന്റെ പേര് അതിലുണ്ടായിരുന്നില്ല. അന്വേഷണം അവസാനിപ്പിക്കാന്‍ നിര്‍ദ്ദേശിച്ച് സിബിഐ നല്കിയ മൂന്നാം റഫര്‍ റിപ്പോര്‍ട്ടില്‍ അടയ്ക്കാ രാജുയെന്ന സാക്ഷി പോലും ഇല്ലായിരുന്നു. ഒരു സാക്ഷി പോലും ഇല്ലാത്ത റിപ്പോര്‍ട്ടാണ് സിബിഐ നല്‍കിയിരുന്നത്. പിന്നീട് നന്ദകുമാരന് നായരുടെ നേതൃത്വത്തില്‍ വന്ന സംഘമാണ് നിര്‍ണ്ണായക സാക്ഷിയായി അടയ്ക്ക രാജു ഇടംപിടിക്കുന്നത്.
കേസ് അട്ടിമറിക്കാന്‍ ഒരു ഹൈക്കോടതി ജഡ്ജിയാണ് ശ്രമിച്ചത്. സ്ഥലപരിശോധനയ്ക്കുള്ള തീരുമാനം റദ്ദാക്കാന്‍ എ.വി. രാമകൃഷ്ണ പിള്ള ആവശ്യപ്പെട്ടത് ഈ ജഡ്ജിയുടെ നിര്‍ദ്ദേശ പ്രകാരമാണ്. സ്ഥലപരിശോധനാ തീരുമാനം തന്നെ ഹൈക്കോടതി പിന്നീട് റദ്ദാക്കി. ഈ സംഭവം നടന്ന ശേഷം തന്നെ സ്ഥലം മാറ്റിയതായും രഘുനാഥന് വെളിപ്പെടുത്തി. പിന്നെ മൂന്നു മാസത്തോളം എറണാകുളം സിജെഎം പോസ്റ്റ് ഒഴിഞ്ഞുകിടന്നു. എന്റെ ഉത്തരവുള്ളതിനാല്‍ മറ്റാരെങ്കിലും വന്നാല്‍ അവര്‍ക്കു പോകാം. അതിനാല്‍ ഉത്തരവ് റദ്ദാക്കും വരെ ആ പോസ്റ്റ് നികത്തിയിട്ടില്ല.
അഭയക്കേസ് അട്ടിമറിച്ചത് ജസ്റ്റിസ് സിറിയക് ജോസഫാണെന്ന് ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ ജോമോന് പുത്തന്‍ പുരയ്ക്കല്‍ പലതവണ ആരോപിച്ചിരുന്നു. 94ല്‍ ഹൈക്കോടതി ജഡ്ജിയായ അദ്ദേഹം ഉത്തരാഖണ്ഡ്, കര്‍ണാടക ഹൈക്കോടതികളില്‍ ചീഫ് ജസ്റ്റിസായും 2008 ജൂലൈ മുതല്‍ 2012 ജനുവരി 27വരെ സുപ്രീംകോടതി ജഡ്ജിയായും പ്രവര്‍ത്തിച്ചു.
നാര്‍ക്കോ അനാലിസിസ് ലാബ് സന്ദര്‍ശിച്ചത് വിവാദമായിരുന്നു
അഭയക്കേസ് പ്രതികളുടെ നാര്‍കോ അനാലിസിസ് നടത്തുന്ന സമയത്ത് ബെംഗളൂരുവിലെ ഫോറന്‍സിക് സയന്‍സ് ലാബ് ജസ്റ്റിസ് സിറിയക് ജോസഫ് സന്ദര്‍ശിച്ചതും ഇതിന്റെ വീഡിയോ ടേപ്പുകള്‍ കണ്ടതും അന്ന് വലിയ വിവാദമായിരുന്നു. ഇക്കാര്യം 2009 ആഗസ്റ്റ് 10ന് സിബിഐ ഹൈക്കോടതിയില്‍ ബോധിപ്പിക്കുകയും ചെയ്തിരുന്നു. 2008 മെയ് 23നാണ് എത്തി ടേപ്പുകള്‍ കണ്ടതെന്ന് പരിശോധനയ്ക്ക് മേല്‍നോട്ടം വഹിച്ച ഡോ. മാലിനി വ്യക്തമാക്കിയിട്ടുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: