കണ്ണൂര്‍: വികസന ചര്‍ച്ചയ്‌ക്കെന്ന പേരില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ കണ്ണൂരില്‍ എത്തുമ്പോള്‍ ഒരുപാട് ചോദ്യങ്ങള്‍ ബാക്കി നില്‍ക്കുന്നു. മുഖ്യമന്ത്രിയായ ശേഷം പല ഘട്ടങ്ങളിലായി കണ്ണൂരിലെത്തി പ്രഖ്യാപിച്ച വികസന പദ്ധതികള്‍ എന്തായിയെന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം നല്‍കാന്‍ മുഖ്യമന്ത്രിക്ക് ഈ സന്ദര്‍ശനത്തിലും സാധിക്കില്ലെന്നുറപ്പാണ്.
ഭരണം അവസാനിക്കാന്‍ ഏതാനും മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ മുന്‍ പ്രഖ്യാപനങ്ങളില്‍ മിക്കവയും ഇപ്പോഴും കടലാസില്‍ മാത്രമായി കിടക്കുകയാണ്. മുഖ്യമന്ത്രിയുടെ സ്വന്തം ജില്ല കൂടിയായ കണ്ണൂരിന് എടുത്തുപറയാന്‍തക്ക ഒരു പദ്ധതി പോലും കഴിഞ്ഞ നാലര വര്‍ഷക്കാലത്തിനുള്ളില്‍ നടപ്പായിട്ടില്ല.
നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് ജില്ലകളിലെ പുതിയ വികസന സാധ്യതകളെ കുറിച്ചും പദ്ധതികളെ കുറിച്ചും ചര്‍ച്ചചെയ്യാനെന്ന പേരില്‍ സംസ്ഥാനത്തെ മുഴുവന്‍ ജില്ലകളിലും പര്യടനം നടത്താനും പ്രമുഖരുമായി കൂടിക്കാഴ്ച നടത്താനും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രിയുടെ സന്ദര്‍ശനം.
2016ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് സിപിഎം സംസ്ഥാന സെക്രട്ടറിയായിരിക്കുമ്പോഴും എല്‍ഡിഎഫ് മന്ത്രിസഭ രണ്ട് വര്‍ഷം പിന്നിട്ട വേളയില്‍ 2018ലും ഇത്തരത്തില്‍ വികസന ചര്‍ച്ചയുമായി പിണറായി ജില്ലയിലെത്തിയിരുന്നു. ലക്ഷങ്ങള്‍ ചെലവഴിച്ച് നടത്തിയ കൂടിക്കാഴ്‌ച്ചകളില്‍ വികസന സ്വപ്‌നങ്ങള്‍ വാരിവിതറിയാണ് അദ്ദേഹം മടങ്ങിയത്. എന്നാല്‍ കണ്ണൂരിനെ സംബന്ധിച്ച് അന്ന് നടത്തിയ വികസന പദ്ധതികളുടെ പ്രഖ്യാപനങ്ങളെല്ലാം അഞ്ച് വര്‍ഷത്തെ ഭരണത്തിന്റെ അവസാന മാസങ്ങളിലും കടലാസിലുറങ്ങുകയാണ്. സിപിഎം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കൂടിക്കാഴ്ചയില്‍ അന്ന് വിവിധ പദ്ധതികളെ കുറിച്ച് പ്രഖ്യാപനം നടത്തിയിരുന്നു.
കഴിഞ്ഞ സര്‍ക്കാരുകള്‍ തുടങ്ങിവെച്ച കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഉദ്ഘാടനം നടത്തി എന്നതൊഴിച്ചാല്‍ മറ്റൊരു പുതിയ പദ്ധതിയും ജില്ലയില്‍ യാഥാര്‍ത്ഥ്യമായിട്ടില്ല. കണ്ണൂര്‍ നഗരത്തിന്റെ കാലങ്ങളായുള്ള ശാപമായ ഗതാഗതകുരുക്ക് പരിഹരിക്കാന്‍ കഴിഞ്ഞകാല സര്‍ക്കാരുകളെ അനുകരിച്ച് ഫ്‌ളൈഓവര്‍, അണ്ടര്‍ബ്രിഡ്ജ് എന്നിവ സംബന്ധിച്ച് പ്രഖ്യാപനങ്ങള്‍ ഉണ്ടായി. എന്നാല്‍ കഴിഞ്ഞ അഞ്ചുവര്‍ഷക്കാലമായി ഇതിന്റെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് ഒരടിപോലും മുന്നോട്ടു പോയിട്ടില്ലെന്നതാണ് യാഥാര്‍ത്ഥ്യം.
കണ്ണൂര്‍ വിമാനത്താവള ഉദ്ഘാടനത്തിന് മുമ്പ് പ്രഖ്യാപിച്ച കണ്ണൂര്‍ നഗരത്തെ വിമാനത്താവളവുമായി ബന്ധിപ്പിക്കുന്ന നാലുവരിപാത പദ്ധതിയും പ്രഖ്യാപനത്തിലൊതുങ്ങി. വിമാനത്താവളത്തിന്റെ റണ്‍വേ വികസനവും അതുമായി ബന്ധപ്പെട്ട് സ്ഥലം ഏറ്റെടുത്തവരുടെ പുനരധിവാസവും അവര്‍ക്ക് നല്‍കേണ്ട നഷ്ടപരിഹാര വിതരണവും വര്‍ഷങ്ങളായി അനിശ്ചിതമായി നീളുകയാണ്.
238 കോടി രൂപയുടെ സിറ്റി ഇംപ്രൂവ്‌മെന്റ് പ്രോജക്ട്, തോട്ടടയിലെ ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക്, വ്യാപാര-വാണിജ്യ മേഖലയ്‌ക്ക് മുതല്‍ക്കൂട്ടാവുന്ന അഴീക്കലില്‍ പുതിയ തുറമുഖം യാഥാര്‍ത്ഥ്യമാക്കുമെന്ന പ്രഖ്യാപനം ഇതുമായി ബന്ധപ്പെട്ട റെയില്‍-റോഡ് കണക്റ്റിവിറ്റി, ആയിക്കര മാപ്പിലബേ ഹാര്‍ബറിന്റെ വികസന പദ്ധതികള്‍, നഗരത്തിലെ കാലപഴക്കം ചെന്ന സര്‍ക്കാര്‍ കെട്ടിടങ്ങളുടെ ദുരവസ്ഥയ്‌ക്ക് പരിഹാരം കാണല്‍, ആറളംഫാം നിവാസികളുടെ നീറുന്ന നിരവധി പ്രശ്‌നങ്ങള്‍ക്കുളള പരിഹാരം തുടങ്ങി നിരവധി പ്രഖ്യാപിത പദ്ധതികളാണ് ജില്ലയിലിന്നും നടപ്പിലാകാതെ കിടക്കുന്നത്.
സ്വന്തം ജില്ലയിലെ വികസനവുമായി ബന്ധപ്പെട്ട് ഫലപ്രദമായ ഒരിടപെടലും കഴിഞ്ഞ അഞ്ച് വര്‍ഷക്കാലം നടത്താത്ത മുഖ്യമന്ത്രി വീണ്ടും വിവിധ മേഖലകളിലെ 150 ഓളം പ്രമുഖരെ വിളിച്ചുകൂട്ടി വികസന പദ്ധതി ചര്‍ച്ച ചെയ്യാനെത്തുന്നത് അക്ഷരാര്‍ത്ഥത്തില്‍ പ്രഹസനമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: