ജമ്മുകശ്മീരിലെ ജില്ലാ വികസന സമിതിയിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ ഫലം രാജ്യത്തിനു നല്കുന്ന സന്ദേശം സുവ്യക്തമാണ്. കശ്മീര്‍ ജനതയെ ഭാരതത്തില്‍നിന്ന് അന്യവല്‍ക്കരിക്കുന്ന അനുച്ഛേദം 370 റദ്ദാക്കിയ നരേന്ദ്ര മോദി സര്‍ക്കാരിന്റെ ചരിത്രപരമായ നടപടി ദേശീയോദ്ഗ്രഥനത്തെ ഊട്ടിയുറപ്പിക്കുന്ന ശരിയായ ദിശയിലുള്ള ഒന്നായിരുന്നു. തെരഞ്ഞെടുപ്പില്‍ പങ്കെടുക്കാന്‍ ജനങ്ങള്‍ പ്രകടിപ്പിച്ച ഉത്സാഹം കശ്മീരിലെ രാഷ്ട്രീയ കാലാവസ്ഥ പാടെ മാറിയതിന്റെ തെളിവാണ്. ഭീകരവാദികളുടെ ഭീഷണികൊണ്ടും മറ്റു കാരണങ്ങളാലും മുന്‍കാലങ്ങളിലെ പല തെരഞ്ഞെടുപ്പുകളിലും മതിയായ ജനപങ്കാളിത്തം ഉണ്ടായിരുന്നില്ല. ജില്ലാ വികസന സമിതികളിലേക്കുള്ള തെരഞ്ഞെടുപ്പ് ഇക്കാര്യത്തില്‍ പുതിയ ചരിത്രം കുറിച്ചിരിക്കുകയാണ്. നാമമാത്രമായി പോളിങ് നടന്നിരുന്ന താഴ്വരയില് ഇക്കുറി കടുത്ത ശൈത്യത്തെ അവഗണിച്ചും അത്യുത്സാഹത്തോടെയാണ് ജനങ്ങള്‍ വോട്ടുരേഖപ്പെടുത്താനെത്തിയത്. ക്രിക്കറ്റ് മത്സരത്തില്‍ ഭാരതം പാക്കിസ്ഥാനോട് തോറ്റാല്‍ ആഹ്ലാദപ്രകടനം നടത്തിയിരുന്ന തെരുവുകളിലാണ് ജനങ്ങള്‍ വരിനിന്ന് രാഷ്ട്രത്തോടുള്ള കൂറു പ്രഖ്യാപിച്ചത്. കശ്മീരിലെ തെരഞ്ഞെടുപ്പുകളെ പ്രഹസനങ്ങളായി ചിത്രീകരിച്ചിരുന്നവര്ക്ക് ഇത്തവണ അതിനുള്ള അവസരം ലഭിച്ചില്ല. തെരഞ്ഞെടുപ്പില്‍ വിജയിച്ചവര്‍ ഇത് ആദ്യമായി ഭാരത ഭരണഘടനയില്‍ തൊട്ട് സത്യപ്രതിജ്ഞ ചെയ്യുന്നു എന്നത് സുപ്രധാനമാണ്. അനുച്ഛേദം 370 റദ്ദാക്കുന്നതിനു മുന്‍പ് ജമ്മുകശ്മീര്‍ ഭരണഘടനയുടെ അടിസ്ഥാനത്തിലായിരുന്നു സത്യപ്രതിജ്ഞ.
ജില്ലാ വികസന സമിതി തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ഏറ്റവും വലിയ ഒറ്റകക്ഷിയാവാന്‍ കഴിഞ്ഞത് വിഘടനവാദികള്‍ക്കുള്ള മുന്നറിയിപ്പാണ്. ജമ്മുവിലും കശ്മീരിലുമായി മത്സരിച്ച് 74 ബിജെപി സ്ഥാനാര്‍ത്ഥികളാണ് ജയിച്ചത്. ബിജെപിയുടെ എതിരാളികളായ നാഷണല്‍ കോണ്‍ഫറന്‍സ്, പിഡിപി, കോണ്‍ഗ്രസ്സ് എന്നീ പാര്‍ട്ടികളുടെ ഗുപ്കര്‍ സഖ്യത്തിന് മൊത്തമായി ലഭിച്ച വോട്ടിനെക്കാളധികം വോട്ട് പാര്‍ട്ടിക്ക് നേടാനായത് വലിയ മുന്നേറ്റമാണ്. നാഷണല്‍ കോണ്‍ഫറന്‍സ്, പിഡിപി, കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികള്‍ യഥാക്രമം 2.82 ലക്ഷം, 56000, 1.39 ലക്ഷം വോട്ടുകള്‍ നേടിയപ്പോള്‍ ബിജെപിക്ക് 4.87 ലക്ഷം വോട്ടു ലഭിച്ചത് ജനങ്ങള്‍ നല്കിയ വ്യക്തമായ സന്ദേശമാണ്. സംസ്ഥാനത്തെ ജനങ്ങള്‍ സമാധാനവും പുരോഗതിയുമാണ് ആഗ്രഹിക്കുന്നത്. വരുംതലമുറകളുടെ ഭാവി സുരക്ഷിതമാവണമെന്ന് അവര്‍ ആഗ്രഹിക്കുന്നു. ദേശീയ പാര്‍ട്ടിയായ ബിജെപിയില്‍ ജനങ്ങള്‍ അര്‍പ്പിക്കുന്ന വിശ്വാസം അരക്കിട്ടുറപ്പിക്കുന്നതാണ് ഈ ജനവിധി. ഗുപ്കര്‍ സഖ്യത്തിനു കിട്ടിയ സീറ്റുകള്‍ ഒരുമിച്ച് ചേര്‍ത്ത് അവര്‍ ബിജെപിയെ മറികടന്നുവെന്ന് ചില മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നത് ജനവിധിയുടെ യഥാര്‍ത്ഥ സ്വഭാവം മറച്ചുപിടിക്കുന്നതിനാണ്. ജമ്മുവില്‍ വ്യക്തമായ ആധിപത്യം നേടിയ ബിജെപിക്ക് ചരിത്രത്തിലാദ്യമായി താഴ്വരയില് നിന്ന് സീറ്റുകള്‍ നേടാനായത് ഇക്കൂട്ടര്‍ക്കുള്ള മറുപടിയാണ്. നിരവധി സ്വതന്ത്രസ്ഥാനാര്‍ത്ഥികള്‍ ബിജെപി പിന്തുണയോടെ ജയിക്കുകയും ചെയ്തു. കശ്മീരില്‍ മുഴുവന്‍ സ്വാധീനമുള്ള പാര്‍ട്ടിയായി ബിജെപി മാറിയിരിക്കുന്നു എന്നതാണ് ഇപ്പോഴത്തെ ജനവിധിയുടെ മറ്റൊരു സവിശേഷത.
ദേശീയധാരയിലേക്കുള്ള മാറ്റം കശ്മീരിന് സാധ്യമല്ലെന്നായിരുന്നു പലരുടെയും വിധിയെഴുത്ത്. വിഘടനവാദത്തിന് വളംവയ്ക്കുന്ന ഈ സമീപനം അംഗീകരിക്കാന്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ തയ്യാറായില്ല. അനുച്ഛേദം 370 റദ്ദാക്കിയപ്പോള്‍ ജനാധിപത്യം തകരും, കശ്മീര്‍ വിട്ടുപോകും എന്നൊക്കെ മുറവിളി കൂട്ടിയവര്‍ പോലും ഇന്ന് ആ തീരുമാനത്തിന്റെ ഗുണഫലം അനുഭവിക്കുകയാണ്. കശ്മീരിന്റെ പതാക തിരിച്ചു നല്‍കിയില്ലെങ്കില്‍ ദേശീയ പതാക ഉയര്‍ത്തില്ലെന്നു പറഞ്ഞവര്‍ക്കും നിലപാടുകള്‍ മാറ്റേണ്ടിവന്നു. ഭീകരവാദികളെ അതിശക്തമായി അടിച്ചമര്‍ത്തുന്നതിനൊപ്പം അടിത്തട്ടില്‍നിന്നുതന്നെ ജനാധിപത്യത്തെ ശക്തിപ്പെടുത്താനുമാണ് കശ്മീരില്‍ മോദി സര്‍ക്കാര്‍ ശ്രമിച്ചത്. അത് വന്‍തോതില്‍ വിജയം കണ്ടിരിക്കുന്നു എന്നാണ് ജില്ലാ വികസന സമിതി തെരഞ്ഞെടുപ്പ് ഫലം കാണിക്കുന്നത്. മതത്തിന്റെ പേരില്‍ വിഘടനവാദം വളര്‍ത്താന്‍ ശ്രമിക്കുന്ന പാക്കിസ്ഥാനും ഈ ജനവിധി ഒരു മുന്നറിയിപ്പാണ്. വലിയ ആത്മവിശ്വാസമാണ് ഇത് ജനങ്ങള്‍ക്കു നല്‍കുന്നത്. ഏറ്റവും ഉചിതമായ സമയത്ത് നിയമസഭാ തെരഞ്ഞെടുപ്പ് നടത്താനുള്ള അന്തരീക്ഷത്തിലേക്കാണ് സ്ഥിതിഗതികള്‍ പുരോഗമിക്കുന്നത്. അതുകൂടി കഴിയുന്നതോടെ ‘നയാകശ്മീര്‍’ പിറവിയെടുക്കും. കശ്യപമഹര്‍ഷിയുടെ ഇരിപ്പിടമായ പൈതൃക ഭൂമിയില്‍ ഒരിക്കല്‍ക്കൂടി സംസ്കാരത്തിന്റെയും ആത്മീയതയുടെയും ദേശാഭിമാനത്തിന്റെയും സുഗന്ധം പരക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: