കൊച്ചി: സ്വര്‍ണക്കടത്തുകേസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇഡി) അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ചു. കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവങ്കര്‍ അറസ്റ്റിലായി 60 ദിവസം തികയാനിരിക്കെ, സ്വാഭാവിക ജാമ്യം ലഭിക്കുന്നത് തടയനാണ് ഇഡി എറണാകുളം പ്രിന്‍സിപ്പില്‍ സെഷന്‍സ് കോടതിയില്‍ കുറ്റപത്രം നല്‍കിയത്. ആയിരത്തിലധികം പേജുകളുള്ള കുറ്റപത്രമാണ് ഇഡി നല്‍കിയിരിക്കുന്നത്.
ശിവശങ്കര്‍ അറസ്റ്റിലായി അടുത്തയാഴ്ചയാണ് അറുപത് ദിവസം തികയുന്നത്. 60 ദിവസത്തിനകം കുറ്റപത്രം നല്‍കിയില്ലെങ്കില്‍ സ്വാഭാവിക ജാമ്യം തേടി പ്രതിചേര്‍ക്കപ്പെട്ട വ്യക്തിക്ക് കോടതിയെ സമീപിക്കാം. എം ശിവശങ്കര്‍ ഇങ്ങനെയൊരു നിയമസാധ്യത ഉപയോഗിച്ച് ജാമ്യം നേടി പുറത്തുപോയാല്‍ അത് അന്വേഷണത്തെ ബാധിക്കുമെന്ന് ഇഡി കരുതുന്നു. ഈ സാഹചര്യത്തിലാണ് അനുബന്ധ കുറ്റപത്രം ഇന്ന് നല്‍കിയത്.
സ്വപ്ന സുരേഷ്, സരിത്ത്, സന്ദീപ് എന്നിവര്‍ക്കെതിരെ ഇഡി ആദ്യമൊരു കുറ്റപത്രം നല്‍കിയിരുന്നു. ഇതിനുശേഷമാണ് ശിവശങ്കര്‍ അറസ്റ്റിലായത്. കള്ളപ്പണം വെളുപ്പിക്കലില്‍ ശിവശങ്കര്‍ പങ്കാളിയായി എന്ന് അറസ്റ്റിന് പിന്നാലെ അന്വേഷണ ഏജന്‍സി കോടതിയെ അറിയിച്ചിരുന്നു. ബുദ്ധികേന്ദ്രം ശിവശങ്കറാണെന്നും ഇഡി ആരോപിക്കുന്നു. കുറ്റകൃത്യത്തിലൂടെ ലഭിച്ച പണം സൂക്ഷിക്കാനായി സ്വപ്നയെ ശിവശങ്കര്‍ ഉപയോഗിച്ചുവെന്നു കണ്ടെത്തിയതായും ഇഡി കോടതിയിൽ പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: