തൊടുപുഴ: വാഗമണ്‍ ലഹരിമരുന്ന് കേസില്‍ അറസ്റ്റിലായവര്‍ സംസ്ഥാനത്ത് പത്തിലധികം ഇടങ്ങളില്‍ നിശാപാര്‍ട്ടി നടത്തിയെന്ന് പോലീസ്. മോഡലുകളും സീരിയല്‍ താരങ്ങളും പതിവായി എത്തിയിരുന്നു.
പിടിയിലായ സല്‍മാനും നബീലും ചേര്‍ന്ന് ടെലഗ്രാമിലെ ഗ്രൂപ്പ് വഴിയാണ് എല്ലാം ആസൂത്രണം ചെയ്തിരുന്നത്. അറസ്റ്റിലായ പ്രതികളെ പോലീസ് കസ്റ്റഡിയില്‍ വാങ്ങി വീണ്ടും ചോദ്യം ചെയ്യും. ഐടി പ്രൊഫഷണലുകള്‍, ഡോക്ടര്‍മാര്‍, മോഡലുകള്‍ തുടങ്ങി വിവിധ മേഖലകളിലുള്ളവരെ ഒന്നിച്ച് കൂട്ടിയായിരുന്നു നിശാപാര്‍ട്ടികള്‍ നടത്തിയിരുന്നത്.
കേസില്‍ അറസ്റ്റിലായ മലപ്പുറം സ്വദേശി നബീല്‍, കോഴിക്കോട് സ്വദേശി സല്മാന് എന്നിവരായിരുന്നു ഇതിന് പിന്നില്‍. തൊടുപുഴ സ്വദേശിയായ പ്രതി അജ്മലാണ് സംഘത്തിന് ബെംഗളൂരുവില്‍ നിന്ന് ലഹരിമരുന്ന് എത്തിച്ച് നല്‍കിയിരുന്നത്. പാര്‍ട്ടികളിലേക്ക് പെണ്‍കുട്ടികളെ കൊണ്ടുവന്നിരുന്നതിന് പിന്നില്‍ അറസ്റ്റിലായ കൊച്ചി സ്വദേശിയായ മോഡല്‍ ബ്രിസ്റ്റി ബിശ്വാസാണെന്നും പോലീസ് കണ്ടെത്തി. പ്രതികള്‍ക്ക് അന്തര്‍ സംസ്ഥാന ലഹരിമരുന്ന് റാക്കറ്റ് സംഘങ്ങളുമായി ബന്ധമുണ്ടായിരുന്നോയെന്ന് പോലീസ് പരിശോധിക്കുന്നുണ്ട്.
ബെംഗളൂരുവില്‍ നിന്ന് ആരാണ് ലഹരിമരുന്ന് ഇവര്‍ക്ക് നല്‍കിയിരുന്നതെന്നും കണ്ടെത്തണം. ഇതിനായി പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്യും. വാഗമണിലെ നിശാപാര്‍ട്ടിയില്‍ പങ്കെടുത്ത മറ്റ് 49 പേരുടെ വൈദ്യപരിശോധന ഫലത്തില്‍ ലഹരിമരുന്നിന്റെ അംശം കണ്ടെത്തിയാല്‍ ഇവരെയും കേസില്‍ പ്രതികളാക്കും. രണ്ട് ദിവസത്തിനുള്ളില്‍ വൈദ്യപരിശോധന ഫലം ലഭിക്കുമെന്നാണ് സൂചന. വാഗമണിലെ റിസോര്‍ട്ട് ഉടമ ഷാജി കുറ്റിക്കാടന്‍ ലഹരിമരുന്ന് സംഘവുമായി ബന്ധമുണ്ടോയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: