ഗോഹട്ടി: രാജ്യത്തെ പതിനഞ്ചാമത്തെ മുലപ്പാല്‍ ബാങ്കിന് ഗോഹട്ടിയില്‍ തുടക്കം. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ ആദ്യ മുലപ്പാല്‍ ബാങ്കാണ് അസമിലെ ഗുവാഹത്തിയിലെ സത്രിബാരി ക്രിസ്ത്യന്‍ ഹോസ്പിറ്റലില്‍ ഉദ്ഘാടനം ചെയ്തത്. ആറ് മാസം മുതല്‍ ആറ് വര്‍ഷം വരെ മുലപ്പാല്‍ സംഭരിക്കാന്‍ ഈ സംവിധാനത്തിന് കഴിയും.
മുലപ്പാല്‍ നല്കാന് തയാറുള്ള അമ്മമാരില്‍ നിന്ന് പാല് സ്വീകരിച്ച് പാസ്ചറൈസ് ചെയ്യാനും സംഭരിക്കാനും ബാങ്കിന് സാധിക്കുമെന്ന് ആശുപത്രിയിലെ പീഡിയാട്രിക് & നവജാതശിശു സംരക്ഷണ വിദഗ്ധന്‍ ഡോ. ദേവാജിത് ശര്‍മ്മ പറഞ്ഞു. നവജാത ശിശുക്കള്‍ക്ക് മുലപ്പാല്‍ മാത്രമാണ് പോഷകാഹാരം. ജനിച്ച ആദ്യ മണിക്കൂറിനുള്ളില്‍ മുലപ്പാല്‍ കുട്ടിക്ക് ലഭിക്കണം. നവജാതശിശു മരണനിരക്ക് വര്‍ധിക്കാന്‍ കാരണം പലപ്പോഴും മുലപ്പാലിന്റെ ലഭ്യതയില്ലായ്മയാണ്.
ഇന്ത്യയില്‍, ആദ്യ ആഴ്ചകളില്‍ നവജാതശിശുക്കള്‍ക്ക് ആവശ്യത്തിന് പാല് ലഭിക്കാത്ത നിരവധി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. അമ്മയ്ക്ക് അസുഖമോ അല്ലെങ്കില്‍ പകര്‍ച്ചവ്യാധിയോ (കോവിഡ് -19 പോലുള്ളവ) ഉണ്ടാകാം അല്ലെങ്കില്‍ മതിയായ പാല് ഉത്പാദിപ്പിക്കാന്‍ കഴിയുന്നുണ്ടാകില്ല. അത്തരം കുഞ്ഞുങ്ങള്‍ക്ക് ഏറ്റവും നല്ല സംവിധാനമായിരിക്കും മുലപ്പാല്‍ ബാങ്കെന്നും ശര്‍മ.
ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്, ഓരോ വര്‍ഷവും 2.5 ദശലക്ഷത്തിലധികം ശിശുക്കള്‍ 2.5 കിലോഗ്രാം ഭാരത്തിലോ അതിനു താഴെയോ ആണ് ജനിക്കുന്നത്. ഇതില്‍ 96 ശതമാനവും വികസ്വര രാജ്യങ്ങളിലാണ്. കുറഞ്ഞ ജനന-ഭാരം (എല്‍ബിഡബ്ല്യു) ശിശുക്കള്‍ക്ക് റിട്ടാര്‍ഡേഷന്‍, പകര്‍ച്ചവ്യാധി, വികസന കാലതാമസം, ശൈശവാവസ്ഥയിലും കുട്ടിക്കാലത്തും മരണം എന്നിവ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ശിശുക്കള്‍ക്ക് അമ്മയുടെ സ്വന്തം പാല് നല്‍കണമെന്ന് ലോകാരോഗ്യ സംഘടന ശുപാര്‍ശ ചെയ്യുന്നുണ്ടെങ്കിലും അമ്മയുടെ പാല് ലഭ്യമല്ലെങ്കില്‍ സാധ്യമായ മാര്‍ഗത്തിലൂടെ കുട്ടിക്ക് മുലപ്പാല്‍ ലഭ്യമാക്കണമെന്നാണ് നിര്‍ദേശം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: