കൊല്‍ക്കത്ത: കേന്ദ്രമന്ത്രി അമിത് ഷായുടെ രണ്ടു ദിവസത്തെ സന്ദര്‍ശനത്തോടെ ബിജെപി അനുകൂല തരംഗം ഇരമ്പുന്ന ബംഗാളില്‍ മുഖ്യമന്ത്രി മമത ബാനര്‍ജി കൂടുതല്‍ പ്രതിസന്ധിയില്‍. കഴിഞ്ഞ ദിവസത്തെ മന്ത്രിസഭാ യോഗത്തില്‍ നിന്ന് നാലു മന്ത്രിമാര്‍ വിട്ടുനിന്നതിനെക്കുറിച്ച് വലിയ ചര്‍ച്ചകള്‍ തുടരുന്നു. കരുത്തനായ നേതാവും മുന്‍ മന്ത്രിയുമായ സുവേന്ദു അധികാരിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ആഴ്ച തൃണമൂല്‍, സിപിഎം, കോണ്‍ഗ്രസ് എംഎല്‍എമാരും നേതാക്കളും ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെയാണ് നാലു മന്ത്രിമാരുടെ നീക്കം.
റജിബ് ബാനര്‍ജി, രബീന്ദ്രനാഥ് ഘോഷ്, ഗൗതം ദേബ്, ചന്ദ്രാനന്ദ് സിന്‍ഹ എന്നീ മന്ത്രിമാരാണ് കൊല്‍ക്കത്തയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍നിന്നു വിട്ടുനിന്നത്. വനം മന്ത്രി റജിബ് ബാനര്‍ജിയുടെ അസാന്നിധ്യം ഏറെ പ്രധാനമാണെന്നാണ് റിപ്പോര്‍ട്ട്. തൃണമൂല്‍ നേതൃത്വവുമായി ഇടഞ്ഞു നില്ക്കുന്ന റജിബ് തന്റെ വിയോജിപ്പുകള്‍ നേരത്തേ മമത ബാനര്‍ജിയെ അറിയിച്ചിരുന്നു. ഡോംജുര്‍ എംഎല്‍എയായ റജിബ് കഴിഞ്ഞ നവംബറില്‍ കൊല്‍ക്കത്തയില്‍ തൃണമൂല്‍ സംഘടിപ്പിച്ച യോഗത്തില്‍ സംസാരിക്കവെ മുതിര്‍ന്ന നേതാക്കളുടെ സാന്നിധ്യത്തില്‍ പാര്‍ട്ടിയിലെ കുടുംബാധിപത്യത്തെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.
മമത ബാനര്‍ജിയുടെ അനന്തരവന് അഭിഷേക് ബാനര്‍ജിയെ ലക്ഷ്യമിട്ടായിരുന്നു വിമര്‍ശനം. കഴിഞ്ഞ ദിവസങ്ങളില്‍ റജിബിനെ അനുനയിപ്പിക്കാന്‍ മമത ബാനര്‍ജി ശ്രമം നടത്തിയിരുന്നു. തൃണമൂലിന്റെ തെരഞ്ഞെടുപ്പ് ആസൂത്രകന്‍ പ്രശാന്ത് കിഷോറും റജിബുമായി സംസാരിച്ചിരുന്നു.
എന്നാല്‍ അതെല്ലാം കഴിഞ്ഞും മന്ത്രിസഭാ യോഗത്തില്‍ പങ്കെടുക്കാതിരുന്നതോടെ റജിബ് തൃണമൂല്‍ വിടുമെന്ന് ഉറപ്പായെന്നാണ് റിപ്പോര്‍ട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: