ലോകത്തിനു മുന്നില്‍ വെറുമൊരു കവിയായി ജീവിക്കുകയായിരുന്നില്ല സുഗതകുമാരി. അവര്‍ സമൂഹത്തിന്റെ നാവായി മാറി. വനത്തെ സ്‌നേഹിക്കുന്ന, സമൂഹത്തില്‍ തിരസ്‌കരിക്കപ്പെട്ടവര്‍ക്കു വേണ്ടി വാദിക്കുന്ന, അനാഥരായ കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമായി കൂടൊരുക്കുന്ന സുഗതകുമാരിയെയാണ് മലയാളി കൂടുതല്‍ ഇഷ്ടപ്പെട്ടത്. വനത്തിനായി അവര്‍ പാടി, കുഞ്ഞുങ്ങളുടെ കണ്ണീരോപ്പാന്‍ അവര്‍ കവിതയെഴുതി, സ്ത്രീകളുടെ വേദനമാറ്റാന്‍ അവര്‍ തൂലികയേന്തി…പരിത്യക്തയായ അനാഥ സ്ത്രീയെ സംരക്ഷിച്ച കവി കുലപതിയുടെ വിശിഷ്ട പാരമ്പര്യം കുറ്റിയറ്റിട്ടില്ലെന്ന് സുഗതകുമാരി നമ്മെ ഓര്‍മ്മിപ്പിച്ചു കൊണ്ടിരുന്നു…സാമൂഹ്യ ബോധമുള്ള, സാമൂഹ്യ പ്രശ്‌നങ്ങളില്‍ ഇടപെടുന്ന കവയിത്രിയെയാണ് നഷ്ടമായത്. സുഗതകുമാരിയെ പോലെ മറ്റൊരാള്‍ മലയാളത്തിലില്ല. സുഗത മാത്രം. ആ വ്യക്തി വൈശിഷ്ട്യത്തെയാണ് മലയാളി സ്‌നേഹിച്ചത്.
തോല്‍ക്കുമെന്ന് എപ്പോഴും പ്രതീക്ഷിക്കുന്ന യുദ്ധങ്ങളാണ് സുഗതടീച്ചര്‍ ഏറ്റെടുത്തത്. എന്നാല്‍ തോല്‍ക്കുന്ന യുദ്ധങ്ങളിലെ തോല്‍ക്കാത്ത പോരാളിയായി. കുന്തിപ്പുഴയ്‌ക്കു കുറുകെ അണകെട്ടി സൈരന്ധ്രി വനത്തെ അപ്പാടെ നശിപ്പിച്ചു വൈദ്യുതി ഉണ്ടാക്കാമെന്ന വികസന വാദികളുടെ മോഹത്തിനെതിരെ രാജ്യമങ്ങോളമിങ്ങോളം ഉയര്‍ന്നു കേട്ട സുഗതകുമാരിയുടെ ശബ്ദം പ്രകൃതി സംരക്ഷണത്തേ കുറിച്ചുള്ള ബോധം ജനങ്ങളില്‍ സൃഷ്ടിച്ചു. പരിസ്ഥിതി പ്രശ്‌നങ്ങളില്‍ സാംസ്‌കാരിക നായകര്‍ ഇടപെടുന്നതും അതിനുപിന്നില്‍ ഒരു സമൂഹം മുഴുവന്‍ ഒറ്റക്കെട്ടായി നിലകൊള്ളുന്നതും ആദ്യമായിരുന്നു. അവസാനവും.
അത്തരത്തിലൊന്ന് പിന്നീട് സംഭവിച്ചിട്ടില്ല. തോല്‍ക്കുന്ന യുദ്ധമാണെന്നറിഞ്ഞു കൊണ്ടാണ് സുഗതയടക്കമുള്ളവര്‍ സൈലന്റ്‌വാലിയെ നശിപ്പിക്കാനുള്ള നീക്കത്തിനെതിരെ രംഗത്തു വന്നത്. ആ സമരത്തിന് കേ രളത്തിലെ ഭൂരിപക്ഷം എഴുത്തുകാരുടെയും പിന്തുണ നേടാന്‍ അവര്‍ക്കായി. സൈലന്റ് വാലിക്കുവേണ്ടി കേരളത്തിലും പുറത്തുമുള്ള സാഹിത്യകാരെ സംഘടിപ്പിക്കുന്നതില്‍ അവര്‍ മുന്നില്‍ നിന്നു. തോല്‍ക്കുന്ന യുദ്ധത്തില്‍ ഒപ്പം കൂടാമോ എന്നായിരുന്നു സാഹിത്യകാര്‍ക്ക് അയച്ച കത്തില്‍ സുഗത ആവശ്യപ്പെട്ടത്. തോല്‍ക്കുന്ന യുദ്ധത്തില്‍ എന്നേ കൂടി ചേര്‍ക്കൂ എന്ന മറുപടി ആദ്യം അയച്ചത് വൈക്കം മുഹമ്മദ് ബഷീറാണ്. പക്ഷേ, സുഗതയും കൂട്ടരും ആ യുദ്ധം ജയിച്ചു.
കാടിനു വേണ്ടി പാടിയും ആടിയും പ്രസംഗിച്ചും അവര്‍ കാടിനെ രക്ഷിച്ചു. ഇന്നിപ്പോള്‍ സൈലന്റ് വാലി ലോകത്തിലെ തന്നെ വലിയ ജൈവമേഖലയാണ്. ആയിരക്കണക്കിനു ജീവജാലങ്ങള്‍, മരങ്ങള്‍, പക്ഷികള്‍…. സൈലന്റ്‌വാലി ദേശീയോദ്യാനമായി പ്രഖ്യാപിച്ചു. നമുക്കു സുഗതകുമാരിയോടു നന്ദി പറയാം. ഈ പച്ചപ്പ് സംരക്ഷിച്ച്, വരും തലമുറയ്‌ക്കായി നല്‍കിയതിന് സമൂഹം സുഗതകുമാരിയോട് എന്നും കടപ്പെട്ടിരിക്കും.
മറ്റൊരു യുദ്ധവും സുഗതകുമാരി വിജയിച്ചു. ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തിനു സമീപം പമ്പാനദിയെയും തണ്ണീര്‍ത്തടങ്ങളെയും ഇല്ലാതാക്കി ഒരുപറ്റം രാഷ്‌ട്രീയക്കാരുടെ പിന്തുണയോടെ സ്വകാര്യകുത്തക, എല്ലാ നിയമങ്ങളെയും കാറ്റില്‍ പറത്തി വിമാനത്താവളം നിര്‍മ്മിക്കാനൊരുങ്ങിയപ്പോള്‍ ആ മണ്ണും വെള്ളവും പച്ചപ്പും സംസ്‌കാരവും നിലനിര്‍ത്താന്‍, നമുക്കുവേണ്ടി അവര്‍ പോരാട്ടം നടത്തി. ആ പോരാട്ടവും ജയിക്കാന്‍ വേണ്ടിയുള്ളതായിരുന്നു.
കവി പാരമ്പര്യത്തിലെ വാല്മീകിയുടെ പിന്തുടര്‍ച്ചക്കാരിയാണ് സുഗതകുമാരി. രത്‌നാകരനെന്ന കാട്ടാളന്‍ വാല്മീകിയെന്ന കവിയാകുന്നത് ക്രൗഞ്ചമിഥുനങ്ങളിലൊന്നിനെ വധിച്ച വനവേടനോടുള്ള ക്രോധ ദുഃഖങ്ങളില്‍ നിന്നാണ്. സുഗതകുമാരിയുടെ കവിതകളും അന്യന്റെ ദുഃഖങ്ങളില്‍ നിന്നാണ് ഉറവയെടുക്കുന്നത്. ദുഃഖങ്ങള്‍ സമ്മാനിച്ചവരോടുള്ള വേദനയും പ്രതിഷേധവും കവിതയ്‌ക്കു കാരണങ്ങളാകുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: