ന്യൂദല്‍ഹി: മണ്ണിനും മാനവിക മൂല്യങ്ങള്‍ക്കുമായി സന്ധി ഇല്ലാത്ത സമരങ്ങളാണ് നയിച്ച നിരാലംബരായ ജനങ്ങള്‍ക്കൊപ്പം നടന്ന കവയിത്രിയാണ് സുഗതകുമാരി ടീച്ചറെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്. പ്രകൃതിയോട് ചേര്‍ന്ന് നിന്ന മനുഷ്യജീവിതങ്ങളായിരുന്നു സുഗതകുമാരി കവിതയുടെ കാതല്‍. പാതിരാപ്പൂക്കള്‍, അമ്പലമണി, പ്രണാമം, രാത്രിമഴ, പാവം മാനവഹൃദയം തുടങ്ങി ഓരോ സുഗതകുമാരികൃതികളും സ്നേഹത്തിന്റെയും അനുകമ്പയുടെയും മൂല്യങ്ങളും പവിത്രതയും ഓര്മ്മപെടുത്തുന്നതായും മുരളീധരന് വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു.
ഭഗവാന് കൃഷ്ണന്റെ സ്നേഹഭാവങ്ങള്‍ വിവരിക്കുന്ന കൃഷ്ണ കവിതകളും, രാധയെവിടെയുമെല്ലാം മലയാളികള്‍ക്ക് മറക്കാന്‍ കഴിയില്ല. മനുഷ്യനും പ്രകൃതിയും ഒന്നാണെന്ന് പഠിപ്പിച്ച കവയിത്രി പ്രകൃതി ചൂഷണങ്ങള്‍ക്കെതിരെ മുന്‍നിരയില്‍ നിന്ന് പോരാടി. അട്ടപ്പാടിയിലെ ആദിവാസികള്‍ക്കൊപ്പവും, സൈലന്‍ഡ് വാലിയും ആറന്മുള വിമാനത്താവള പദ്ധതിക്കെതിരെ നടന്ന പ്രക്ഷോഭങ്ങളിലും പ്രകൃതിക്കായി പോരാടാന്‍ ടീച്ചര്‍ മുന്‍നിരയിലുണ്ടായിരുന്നതായും മുരളീധരന് പറഞ്ഞു.
വിശ്വാസത്തെ മുറുകെ പിടിച്ച് ഹൈന്ദവ സമൂഹം നടത്തിയ ശബരിമല പ്രക്ഷോഭത്തിലും തന്റെ നിലപാട് ഉയര്‍ത്തി പറയാന്‍ ടീച്ചര്‍ക്ക് കഴിഞ്ഞു. സത്യത്തിനും ധര്‍മ്മത്തിനും വേണ്ടി നിലകൊള്ളുമ്പോഴും നിലപാടുകളില്‍ വിട്ടുവീഴ്ച ചെയ്യാത്തത് ഇതര കവികളില്‍ നിന്ന് ടീച്ചറെ വ്യത്യസ്തയാക്കുന്നു. അഭയയിലൂടെ ആലംബഹീനരായ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും മാതൃസ്നേഹത്തിന്റെ തണലൊരുക്കിയ അമ്മയായിരുന്നു സുഗത കുമാരിയെന്ന് അദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: