ന്യൂദല്‍ഹി: അന്തരിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേലിന്റെ ഗുജാറത്തില്‍നിന്നുള്ള രാജ്യസഭാ സീറ്റ് കോണ്‍ഗ്രസിന് നഷ്ടമാകും. 2017-ല്‍ നടന്ന കടുത്ത മത്സരത്തിനൊടുവില്‍ നിലനിര്‍ത്തിയ രാജ്യസഭാ സീറ്റാണ് കോണ്‍ഗ്രസിന് കൈമോശം വരാന്‍ പോകുന്നത്. അഞ്ചുതവണ രാജ്യസഭാംഗമായിട്ടുള്ള അഹമ്മദ് പട്ടേല്‍ കഴിഞ്ഞമാസമാണ് അന്തരിച്ചത്. അദ്ദേഹം മരിച്ച നവംബര്‍ 25ന് തന്നെ സീറ്റില്‍ ഒഴിവുവന്നതായി പ്രഖ്യാപിച്ചിരുന്നു. 2023 ഓഗസ്റ്റ് 18 വരെയായിരുന്നു അഹമ്മദ് പട്ടേലിന് കാലാവധിയുണ്ടായിരുന്നത്.
ബിജെപിയുടെ അഭയ് ഭരദ്വാജ് മരിച്ചതിനെ തുടര്‍ന്ന് ഗുജറാത്തില്‍നിന്നുതന്നെ മറ്റൊരു രാജ്യസഭാ സീറ്റിലും ഡിസംബര്‍ ഒന്നിന് ഒഴിവു വന്നിട്ടുണ്ട്. 2026 ജൂണ്‍ 21 വരെയായിരുന്നു അദ്ദേഹത്തിന്റെ കാലാവധി. ഈ സീറ്റുകള്‍ നികത്തനായി പ്രത്യേകം പ്രത്യേകം ഉപതെരഞ്ഞെടുപ്പുകള്‍ നടത്താന്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ തീരുമാനിച്ചിട്ടുണ്ട്. അങ്ങനെയെങ്കില്‍ രണ്ടു സീറ്റുകളിലും ബിജെപി വിജയിച്ചേക്കും. 182 അംഗസംസ്ഥാന നിയമസഭയില്‍ ബിജെപിക്ക് 111 എംഎല്‍എമാരുണ്ട്.
കോണ്‍ഗ്രസിനാകട്ടെ 65 പേര്‍ മാത്രം. ജയിക്കാനായി അമ്പത് ശതമാനം വോട്ടുകള്‍ വേണം, അതായത് 88 എംഎല്‍എമാരുടെ പിന്തുണ ആവശ്യമാണ്. അമിത് ഷായും സ്മൃതി ഇറാനിയും ഒഴിഞ്ഞ രാജ്യസഭാസീറ്റുകളില്‍ ഇതേ രീതിയില്‍ കഴിഞ്ഞവര്‍ഷം ബിജെപി വിജയിച്ചിരുന്നു. ഇതില്‍ ഒരു സീറ്റില്‍ വിജയിച്ചത് വിദേശകാര്യമന്ത്രി എസ് ജയശങ്കറാണ്. അദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പ് ചോദ്യം ചെയ്ത് കോണ്‍ഗ്രസ് സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്.
കോടതിയുടെ തീരുമാനം ഇതുവരെ വന്നിട്ടില്ല. ഒന്നിച്ചു തെരഞ്ഞെടുപ്പ് നടത്തിയിരുന്നുവെങ്കില്‍ ഒരു സീറ്റില്‍ ജയിക്കാന്‍ കഴിയുമായിരുന്നുവെന്ന് കോണ്‍ഗ്രസ് പറയുന്നു. രാജ്യസഭാ ഉപതെരഞ്ഞെടുപ്പുകള്‍ക്ക് പ്രത്യേകം പ്രത്യേകം വിജ്ഞാപനം നല്‍കുന്നതാണ് 2009 മുതലുള്ള തെരഞ്ഞെടുപ്പ് കമ്മിഷന്റെ രീതിയെന്ന് സര്‍ക്കാര്‍ പറയുന്നു. വര്‍ഷങ്ങളായുള്ള രീതി ഇതാണെന്നും സുപ്രീംകോടതി ഇതു ശരിവച്ചിട്ടുണ്ടെന്നും തെരഞ്ഞെടുപ്പ് കമ്മിഷന്‍ പറഞ്ഞതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. കേസ് സുപ്രീംകോടതിയുടെ പരിഗണനയിലാണെന്ന് ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കാനും കോണ്‍ഗ്രസ് ആലോചിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: