തൃശൂര്‍: ജില്ലയില്‍ വ്യവസായ-കാര്‍ഷിക മേഖല തകര്‍ച്ചയില്‍. മുഖ്യമന്ത്രി പിണറായി വിജയന് കേരള പര്യടനം നടത്തുമ്പോള്‍ കര്‍ഷകരും വ്യവസായ സ്ഥാപനങ്ങളും കടുത്ത പ്രതിസന്ധിയെയാണ് നേരിടുന്നത്. കോവിഡിനെ തുടര്‍ന്ന് ജില്ലയില്‍ എന്‍ടിസിയുടെ കീഴിലുള്ള അളഗപ്പ ടെക്സ്റ്റൈല്‍സ്, പുല്ലഴി കേരള ലക്ഷ്മി മില്‍ എന്നിവ ഭാഗീകമായേ പ്രവര്‍ത്തിക്കുന്നുള്ളൂ. അളഗപ്പയില്‍ 1000-ലേറെ തൊഴിലാളികളും ലക്ഷ്മി മില്ലില്‍ 865 തൊഴിലാളികളും പണിയെടുക്കുന്നുണ്ട്. ഒരു വര്‍ഷത്തോളമായി ഇരു മില്ലുകളിലും ഉല്‍പ്പാദനം വളരെ കുറവാണ്. അസംസ്കൃത വസ്തുക്കളുടെ ക്ഷാമമാണ് മില്ലുകള്‍ നേരിടുന്ന പ്രധാന പ്രതിസന്ധി. ആവശ്യത്തിന് പഞ്ഞി ലഭിക്കുന്നില്ല. ഉത്തരേന്ത്യയില്‍ നിന്നാണ് കേരളത്തിലേക്ക് പ്രധാനമായും പഞ്ഞി വരുന്നത്. മാസങ്ങളായി വളരെ കുറച്ച് ലോഡേ വരുന്നുള്ളൂ.
പഞ്ഞിയുടെ ലഭ്യത കുറവിനെ കൂടാതെ കനത്ത വൈദ്യുതി ബില്ലും മില്ലുകളുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിക്കുന്നു. ലക്ഷക്കണക്കിന് രൂപയുടെ വൈദ്യുതി ബില്ലാണ് ഓരോ മാസവും അടയ്ക്കേണ്ടി വരുന്നത്. പല മാസങ്ങളിലും വൈദ്യുതി ബില്‍ കുടിശികയാകാറുണ്ട്. സീതാറാം മില്‍, വിരുപ്പാക്ക സ്പിന്നിങ് മില്‍ എന്നിവിടങ്ങളിലും മാസങ്ങലായി ഉല്പാദനം കുറവാണ്. ബദലിക്കാരുള്‍പ്പെടെ 20000-ഓളം തൊഴിലാളികള്‍ രണ്ടു മില്ലുകളിലുമായി ജോലി ചെയ്യുന്നുണ്ട്. ആഴ്ചയില്‍ രണ്ടോ, മൂന്നോ ദിവസമാണ് തൊഴിലാളികള്‍ക്ക് പണിയുള്ളൂ. അസംസ്കൃത വസ്തുക്കള്‍ ലഭിക്കാത്തതിനാല്‍ പേരാമ്പ്ര അപ്പോളോ ടയേഴ്സ് മാസങ്ങളായി ഉല്‍പ്പാദനം കുറച്ചു. മില്ലുകള്‍ നേരിടുന്ന പ്രതിസന്ധി പരിഹരിക്കാനും വ്യവസായ വളര്‍ച്ചയ്ക്കായും എല്‍ഡിഎഫ് സര്‍ക്കാര്‍ യാതൊന്നും ചെയ്യുന്നില്ലെന്ന് തൊഴിലാളികള്‍ പറയുന്നു.
കാര്‍ഷിക മേഖലയിലെ സ്ഥിതിയും വിഭിന്നമല്ല. വിളകളുടെ ഉല്‍പ്പാദനക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനും വിളകളുടെ വിലത്തകര്‍ച്ച തടയുന്നതിനും വിപണി ഉറപ്പ് വരുത്തുന്നതിനും സംസ്ഥാന സര്‍ക്കാര്‍ പദ്ധതികള്‍ നടപ്പിലാക്കിയിട്ടില്ലെന്ന് കര്‍ഷകര്‍ ചൂണ്ടിക്കാട്ടുന്നു. പ്രകൃതിക്ഷോഭം, വന്യജീവികളുടെ ആക്രമണം എന്നിവ മൂലമൂണ്ടാകുന്ന കൃഷിനാശത്തിന് നഷ്ടപരിഹാരം നല്കുന്ന വിള ഇന്‍ഷൂറന്‍സ് പദ്ധതി സംസ്ഥാന സര്‍ക്കാര്‍ പ്രായോഗികമാക്കാത്തതിനാല് പദ്ധതിയുടെ ഗുണം കര്‍ഷര്‍ക്ക് ലഭിച്ചിട്ടില്ല. കാര്‍ഷിക മേഖലയിലെ സര്‍ക്കാരിന്റെ വിഹിതം തുടര്‍ച്ചയായി കുറയുന്ന സാഹചര്യം ഉണ്ടായി.
നാളികേരം, പച്ചക്കറി, വാഴ, നെല്ല് എന്നിവയുടെ വിള വിസ്തൃതി വര്‍ദ്ധിപ്പിക്കുന്നതിനും ഉല്പാദനം, ഉല്‍പ്പാദനക്ഷമത എന്നിവ വര്‍ദ്ധിപ്പിക്കുന്നതിനും പ്രത്യേകം പദ്ധതികള്‍ നടപ്പിലാക്കിയിട്ടില്ല. വിത്ത്-തൈ വിതരണം മുതല്‍ വിളവെടുപ്പ് വരെയുള്ള വിവിധ കാര്‍ഷിക പ്രവൃത്തികള്‍ക്ക് ധനസഹായം നല്‍കുന്നില്ല. നെല്ല്, പച്ചക്കറി, പഴവര്‍ഗങ്ങള്‍ എന്നിവയുടെ വിളവെടുപ്പ്, സംഭരണം, വിതരണം എന്നീ കാര്യങ്ങളില്‍ കര്‍ഷകര്‍ നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ സര്‍ക്കാര്‍ ഇടപെടല്‍ നടത്തുന്നുന്നില്ലെന്നും കര്‍ഷകര്‍ പറയുന്നു.
നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയുടെ പര്യടനം ജില്ലയില്‍ 29നാണ് നടക്കുക. സംസ്ഥാനത്തെ വിഭവ വിനിമയവും വികസന ആശയങ്ങളും പര്യടനത്തിലൂടെ പങ്കുവയ്ക്കും. ജില്ലകളിലെ പ്രമുഖരുമായി മുഖ്യമന്ത്രി സംസാരിക്കും. ചര്‍ച്ചകളിലെ നിര്‍ദേശങ്ങള്‍ തിരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ ഉള്‍ക്കൊള്ളിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: