ഇടുക്കി: വണ്ടന്മേടിനടുത്ത് ചിറ്റാംപാറയിലെ സ്വകാര്യ എസ്റ്റേറ്റില്‍ ഇതര സംസ്ഥാന തൊഴിലാളി വെടിയേറ്റ് മരിച്ചു. ഝാര്‍ഖണ്ഡ് സ്വദേശി മനോജ് ഗുര്മുവാണ് കൊല്ലപ്പെട്ടത്. വെടിവച്ച എസ്റ്റേറ്റ് ഉടമയെയും മാനേജരെയും വണ്ടന്മേട് പോലീസ് അറസ്റ്റ് ചെയ്തു. ഇവര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസ് രജിസ്റ്റര്‍ ചെയ്തു.
എസ്റ്റേറ്റിലെ തടി മോഷ്ടിക്കാന്‍ എത്തിയവര്‍ക്ക് നേരെ വെടി ഉതിര്‍ക്കുകയായിരുന്നു എന്നാണ് ഇവര്‍ പോലീസിന് നല്കിയ മൊഴി. വണ്ടന്മേട് ചക്കുപള്ളത്തെ ഏലത്തോട്ടത്തിലാണ് വെടിവയ്പുണ്ടായത്. പൊന്‍കുന്നം സ്വദേശി സോണിയുടെ ഉടമസ്ഥതയുള്ള എസ്റ്റേറ്റാണിത്. രാത്രിയിലായിരുന്നു സംഭവം. മരിച്ച മനോജ് ഗുര്മുവിനെ കട്ടപ്പനയിലെ ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. തുടര്‍ന്ന് പോലീസിനെ വിവരം അറിയിക്കുകയും എസ്റ്റേറ്റ് ഉടമ സോണിയെയും മാനേജര്‍ അനൂപിനെയും കസ്റ്റഡിയില്‍ എടുക്കുകയുമായിരുന്നു.
വ്യാപകമായി തടി മോഷണം പോകുന്നതിനാല്‍ ഇരുവരും ചേര്‍ന്ന് രാത്രി എസ്റ്റേറ്റില്‍ കാവലിരിക്കുകയായിരുന്നു. ഈ സമയം തോട്ടത്തില്‍ അതിക്രമിച്ചുകയറി തടി മോഷ്ടിക്കാന്‍ ശ്രമിച്ച മനോജ് അടങ്ങുന്ന സംഘത്തിന് നേരെ ഇരുവരും വെടി ഉതിര്‍ക്കുകയായിരുന്നു. വെടിവയ്ക്കാന്‍ ഉപയോഗിച്ച തോക്ക് പോലീസ് കണ്ടെടുത്തു. പിടിയിലാവരുടെ മൊഴി പോലീസ് പൂര്‍ണമായും വിശ്വാസത്തില്‍ എടുത്തിട്ടില്ല. നായാട്ടിനിടെ അബദ്ധത്തില്‍ മനോജിന് വെടിയേല്ക്കുയിരുന്നു എന്ന ആരോപണവും പോലീസ് പരിശോധിക്കുന്നുണ്ട്. ഇത് കണ്ടെത്തുന്നതിനായി കൊല്ലപ്പെട്ട മനോജിന്റെ കൂടെയുണ്ടായിരുന്നവരെ പോലീസ് ചോദ്യം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: