തിരുവനന്തപുരം: ശുദ്ധമായ ഭാവഗീതത്തിന്റെ മന്ദ്രസ്വരങ്ങളിലാരംഭിച്ച്, ഉത്കൃഷ്ടമായ സാമൂഹികമൂല്യങ്ങളുടെ താരസ്വരങ്ങളിലേക്കുയരുന്ന സുഗതകുമാരിയുടെ കവിത സത്യത്തെയും സൗന്ദര്യത്തെയും ഒരുപോലെ സാക്ഷാത്കരിക്കുന്നു. ജൈവസമൃദ്ധമായ സൈലന്റ്വാലിയെ സംരക്ഷിക്കുന്നതിനുള്ള ധര്‍മ്മയുദ്ധത്തില്‍ ഈ കവയിത്രി വഹിച്ച ധീരമായ പങ്ക് മനുഷ്യനും പ്രകൃതിയും തമ്മിലുണ്ടായിരിക്കേണ്ട പാരസ്പര്യത്തെ പുനര്‍നിര്‍വചിക്കുന്നു.
നിന്ദിതരും പീഡിതരുമായ സ്ത്രീകളുടെ വനരോദനം നമ്മെ കേള്‍പ്പിക്കുക മാത്രമല്ല, അവള്‍ക്കൊരു ‘അഭയസങ്കേതമൊരുക്കുകകൂടി ചെയ്ത സുഗതകുമാരി, പരിത്യക്തയായ അനാഥ സ്ത്രീയെ സംരക്ഷിച്ച കവികുലപതിയുടെ വിശിഷ്ട പാരമ്പര്യം കുറ്റിയറ്റിട്ടില്ലെന്ന് നമ്മെ ഓര്‍മ്മിപ്പിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു.
പരിസ്ഥിതി പ്രശ്നങ്ങളില്‍ സജീവമായി ഇടപെട്ട് പ്രവര്‍ത്തിക്കുകയും സാമൂഹിക അനീതികള്‍ക്കെതിരായി തൂലിക ചലിപ്പിക്കുകയും ശബ്ദമുയര്‍ത്തുകയും ചെയ്യുന്ന സാഹിത്യകാരിയാണ് സുഗതകുമാരി. സ്വാതന്ത്ര്യസമരസേനാനിയും പ്രശസ്ത കവിയുമായ ബോധേശ്വരന്റെയും തിരുവനന്തപുരം വിമന്‍സ് കോളജ് സംസ്കൃത പ്രൊഫസര്‍ ആയിരുന്ന കെ കാര്‍ത്യായനി അമ്മയുടെയും മകളായി 1934 ജനുവരി 22ന് ജനിച്ചു. തത്വശാസ്ത്രത്തില്‍ എംഎ ബിരുദം നേടിയ സുഗതകുമാരി ആധുനിക മലയാള കവികളില്‍ പ്രമുഖയാണ്.
കാല്പനിക ഭാവുകത്വത്തോട് ആഭിമുഖ്യം പുലര്‍ത്തുന്ന കാവ്യശൈലിയാണ് സുഗതകുമാരിയുടേത്. സ്ത്രീപ്രശ്നങ്ങള്‍, പാരിസ്ഥിതിക വിഷയങ്ങള്‍ എന്നിവ പ്രമേയങ്ങളാക്കിയ കവിതകള്‍ ഏറെയാണ്. സെയിലന്റ്വാലിക്കുവേണ്ടി എഴുപതുകളില്‍ പ്രക്ഷോഭരംഗത്ത് എത്തിയ ടീച്ചര്‍ പ്രകൃതിസംരക്ഷണത്തിനായി ഇന്നും പോരാടുന്നു. എന്‍ വി കൃഷ്ണവാര്യരും സുഗതകുമാരി ടീച്ചറും മുന്നില്‍ നിന്ന് നയിച്ച എഴുത്തുകാരുടെ കൂട്ടായ്മ നടത്തിയ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഫലമായി അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ഇടപെട്ട് സെയിലന്റ്വാലി ജലവൈദ്യുത പദ്ധതി ഉപേക്ഷിക്കുവാന്‍ തീരുമാനിച്ചു. അട്ടപ്പാടിയില്‍ ടീച്ചറിന്റെ നേതൃത്വത്തില്‍ നടപ്പാക്കിയ കൃഷ്ണവനം പദ്ധതിയാണ് മറ്റൊരു ശ്രദ്ധേയമായ പ്രവര്‍ത്തനം.
രാത്രിമഴ, മുത്തുച്ചിപ്പി, പാവം മാനവഹൃദയം, പാതിരാപ്പൂക്കള്‍, ഇരുള്‍ച്ചിറകുകള്‍, സ്വപ്നഭൂമി, പ്രണാമം, അമ്പലമണി, കുറിഞ്ഞിപ്പൂക്കള്‍, കൃഷ്ണകവിതകള്‍, തുലാവര്‍ഷപ്പച്ച, രാധയെവിടെ, ദേവദാസി (കവിതാസമാഹരങ്ങള്‍), വാഴത്തേന്‍, അയലത്ത് പറയുന്ന കഥകള്‍ (ബാലസാഹിത്യം), കുട്ടികളുടെ പഞ്ചതന്ത്രം, സോനയുടെ ധീരകൃത്യങ്ങള്‍ (വിവര്‍ത്തനങ്ങള്‍) എന്നിവയാണ് പ്രധാനകൃതികള്‍. സ്വപ്നഭൂമി, പ്രണാമം, കാവുതീണ്ടല്ലേ എന്നീ ലേഖനസമാഹാരങ്ങളും രചിച്ചിട്ടുണ്ട്.
1978ല്‍ രാത്രിമഴയ്ക്ക് കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ്, 1968ല്‍ പാതിരാപൂക്കള്ക്ക് കേരളസാഹിത്യ അക്കാദമി അവാര്‍ഡ്, 1984ല്‍ അമ്പലമണിക്ക് ആശാന്െ്രെപസ്, ഓടക്കുഴല്‍ അവാര്‍ഡ്, വയലാര്‍ അവാര്‍ഡ്, 1986ല്‍ പ്രകൃതി സംരക്ഷണ പ്രവര്ത്തനങ്ങള്ക്കംഗീകാരമായി ഭാരതസര്‍ക്കാരിന്റെ ‘വൃക്ഷമിത്ര’ അവാര്‍ഡ്, സാമൂഹിക സേവനത്തിനുള്ള ലക്ഷ്മി അവാര്‍ഡ്, മികച്ച സാംസ്കാരിക പ്രവര്‍ത്തകയ്ക്കുള്ള റേച്ചല്‍ തോമസ് അവാര്‍ഡ്, ജന്മാഷ്ടമി പുരസ്ക്കാരം, ഇന്ത്യയിലെ പരമോന്നത സാഹിത്യപുരസ്ക്കാരമായ ‘സരസ്വതിസമ്മാന്‍’ , സമഗ്രസംഭാവനയ്ക്കുള്ള സംസ്ഥാന ഗ്രന്ഥശാലാസംഘത്തിന്റെ ഐ വി ദാസ് പുരസ്ക്കാരം , പരിസ്ഥിതി സാഹിത്യരംഗങ്ങളിലെ സംഭാവനയ്ക്കുള്ള സഹ്യ പുരസ്ക്കാരം, സമസ്ത കേരള സാഹിത്യപരിഷത്തിന്റെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്ക്കാരം , കേരള സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ് എന്നിവ സുഗതകുമാരിക്ക് ലഭിച്ച ബഹുമതികളാണ്.
കേരള വനിതാകമ്മീഷന് അധ്യക്ഷ, ജവഹര്‍ ബാലഭവന് പ്രിന്‍സിപ്പാള്‍, കേന്ദ്രസാഹിത്യ അക്കാദമി ജനറല്‍ കൗണ്‍സില്‍ അംഗം, തളിര് മാസിക പത്രാധിപര്‍, പ്രകൃതിസംരക്ഷണ സമിതി, അഭയ എന്നീ പ്രസ്ഥാനങ്ങളുടെ സ്ഥാപക സെക്രട്ടറി, കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ പ്രസിഡന്റ്, ഫിലിം സെന്‍സര്‍ ബോര്‍ഡംഗം, സംസ്ഥാന സാമൂഹ്യക്ഷേമ ഉപദേശകസമിതി അംഗം എന്നീ പദവികള്‍ വഹിച്ചിട്ടുണ്ട്. തളിര് മാസികയുടെ പത്രാധിപ സമിതി അംഗമായും തിരുവനന്തപുരം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന അഭയ, ബോധി എന്നീ സാമൂഹിക സംഘടനകളുടെ നേതൃത്വത്തിലും പ്രവര്‍ത്തിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: