മസ്‌ക്കറ്റ് ഹോട്ടലിന്റെ 116 നമ്പര്‍ മുറി. മലയാള പത്രപ്രവര്‍ത്തന മേഖലയ്‌ക്ക് നിലയ്‌ക്കാത്ത സിംഫണി ഒരുക്കിയ ലീലാ മോനോന്‍ മടക്കയാത്രക്കൊരുങ്ങുകയാണ്. തിരുവന്തപുരത്തുനിന്ന് കൊച്ചിയിലേക്ക്. 2.30 നാണ് ട്രയിന്‍. ഒന്നരയ്‌ക്കിറങ്ങണം. ഒരു മണിക്കൊരു ഫോണ്‍. ഞാനങ്ങോട്ടു വരുന്നു. കണ്ടിട്ടേ പോകാവൂ. മറുപടി പറയും മുന്‍പ് ഫോണ്‍ വെച്ചു. സുഗതകുമാരിയായിരുന്നു മറുതലയ്‌ക്കല്‍. ‘ കാല്‍പനിക ഭാവുകത്വത്തോട് സത്യത്തെയും സൗന്ദര്യത്തെയും ഒരുപോലെ സാക്ഷാത്കരിക്കുന്നു മലയാളത്തിന്റെ പ്രിയ കവയത്രി.
പത്രപ്രവര്‍ത്തനത്തിലൂടെ നാലു പതിറ്റാണ്ടായി സ്വന്തമായ അടയാളപ്പെടുത്തലുകള്‍ നടത്തുന്ന ലീലാ മേനോന്‍, മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത പത്രാധിപരുടെ യോഗത്തില്‍ സംബന്ധിക്കാനാണ് തിരുവനന്തപുരത്തെത്തിയത്. യോഗത്തില്‍ പങ്കെടുത്ത ഇരുപതോളം പത്രാധിപര്‍മാരില്‍ ഏക വനിതയും ജന്മഭുമിയുടെ ഈ എഡിറ്ററായിരുന്നു. ഉറവിടത്തില്‍ നിന്നു തന്നെ മനുഷ്യജീവിതങ്ങളുടെ ആഴകാഴ്ചകള്‍ കണ്ടെടുക്കാനുള്ള വിശ്രമരഹിതവും സാഹസികവുമായ പത്രപ്രവര്‍ത്തക ജീവിതം. മരണം വിധിച്ച അര്‍ബുദ രോഗത്തില്‍ നിന്നും ഹൃദ്രോഗത്തില്‍ നിന്നും ഇച്ഛാശക്തി ഒന്നു കൊണ്ടു മാത്രമുള്ള ഉയര്‍ത്തെഴുന്നേല്പ്. ്. അതിരില്ലാത്ത ആത്മധൈര്യത്തിന്റേയും ആത്മവിശ്വാസത്തിന്റേയും പ്രതീകമായിമാറിയ ലീലാ മോനോന് സുഗതകുമാരിയുടെ ഫോണ്‍ വന്നപ്പോള്‍ ആകെയൊരു വെപ്രാളം. സഹായിയായി ഒപ്പമുള്ള സുഹൃത്ത് ചന്ദ്രികയോട് അത് പങ്കുവെക്കുകയും ചെയ്തു. അരമണിക്കൂറല്ലേയുള്ളു. സുഗത വന്നാല്‍ സംസാരിക്കാന്‍ പോലും സമയമില്ലല്ലോ. വരുമെന്നു പറഞ്ഞ സ്ഥിതിക്ക് കാത്തിരിക്കാതിരിക്കാന്‍ പറ്റുമോ.താമസിച്ചാല്‍ ട്രയിന്‍ പോകില്ലേ. . സുഗതക്ക് യാത്ര ചെയ്യാന്‍ പറ്റുമോ. ചേദ്യങ്ങള്‍ ഒന്നിനു പുറകെ ഒന്നായി വന്നുകൊണ്ടിരിക്കുമ്പോള്‍ മുറിയിലേക്ക് വീല്‍ചെയറില്‍ സ്‌നേഹത്തിന്റെ പകൽ മഴയായി ലീലയെത്തേടി സുഗതകുമാരിയെത്തി.
പത്രാധിപന്മാരുടെ യോഗത്തില്‍ പങ്കടുക്കുന്നതിനേക്കാള്‍ സുഗതകുമാരിയേയും കാണണം എന്നതിലായിരുന്നു ലീലാ മോനോന് താല്‍പര്യം. യോഗം തീര്‍ന്ന ഉടന്‍ സുഗത കുമാരിയുടെ വീട്ടിലെത്തി.. മാസങ്ങളായി ചികിത്സയില്‍ കഴിയുന്നതിനാല്‍ സുഗതകുമാരി പുറത്തെങ്ങും പോകില്ല എന്ന കരുതി. എന്നാല്‍ സൂഗതകുമാരി വീട്ടിലില്ല. ആറുമാസിത്തിനിടെ ആദ്യമായി വീടിനു പുറത്തിറങ്ങിയതാണ് ടീച്ചര്‍. തന്റെ കര്‍മ്മ സ്ഥലമായ അഭയയുടെ നിര്‍ണ്ണായക യോഗത്തില്‍ പങ്കെടുക്കാന്‍ അവശത മറന്ന് പോയതാണ്. മീറ്റിംഗ് കഴിഞ്ഞപ്പോളാണ് ലീലാ മേനോന്‍ എത്തിയ വിവരം അറിയുന്നത്. അപ്പോളാണ് വിളിച്ച കണ്ടിട്ടേ പോകാവൂ എന്നു പറഞ്ഞത്.
എന്നും സ്ത്രീ പക്ഷ നിലപാടുകള്‍ക്കൊപ്പം നി്ല്‍ക്കുകയും അവരുടെ അവകാശങ്ങള്‍ക്കു വേണ്ടി വാദിക്കുകയും ചെയ്യുന്ന സമരമുഖങ്ങളിലെ സഹയാത്രികരുമായ രണ്ടു പാവം സ്ത്രീ ഹൃദയങ്ങളുടെ ഗാഢബന്ധത്തിന്റെ നേര്‍ക്കാഴ്ചയായിരുന്നു പിന്നീട്. ജിഷാ വധവും ശബരിമലയിലെ സ്ത്രീ പ്രവേശനവും മയക്കുമരുന്നും വിദ്യാഭ്യാസ മുല്യച്ചുതിയും ക്്യാന്‍സറും ഐഎസിലേക്കുള്ള മലയാളി യുവാക്കളുടെ പോക്കും മതമാറ്റവും അന്യ സംസ്ഥാന തൊഴിലാളികള്‍ സൃഷ്ടിക്കുന്ന പ്രശ്നവും ആനയെഴുന്നള്ളത്തും ഒക്കെ ചര്‍ച്ചാ വിഷയങ്ങളായിപ്പോള്‍ മണിക്കൂര്‍ ഒന്നു പോയതറിഞ്ഞില്ല.
വീല്‍ച്ചെയറിലെത്തിയ പ്രിയ കൂട്ടുകാരിയെ ആശ്ളേഷിച്ചാണ് ലീലാ മേനോന്‍സ്വീകരിച്ചത്
തലേദിവസം എത്തിയിട്ടും വിളിക്കാതിരുന്നതിന്റെ പരിഭവം പ്രകടിപ്പിച്ച് സുഗതകുമാരി സംസാരത്തിന് തുടക്കമിട്ടു
ലീലാ മേനോന്‍; പത്രാധിപന്മാരുടെ യോഗത്തില്‍ പങ്കടുക്കുന്നതിനേക്കാള്‍ മുന്‍ഗണന സുഗതയെ കാണണം എന്നതിലായിരുന്നു. തലേ ദിവസം എത്തിയത് അതി്നാലാണ്. യാത്ര ട്രയിനിലായിരുന്നിട്ടും എത്തിയപ്പോള്‍ വല്ലാതെ ക്ഷീണിച്ചു. ഞാന്‍ മാസങ്ങല്‍ക്ക് ശേഷമാണ് ഇത്രയും ദൂരം യാത്ര ചെയ്യുന്നത്. എത്തിയ ഉടന്‍ കയറികിടന്നു. എഡിറ്റര്‍മാരുടെ യോഗം തീര്‍ന്ന ഉടന്‍ സുഗത കുമാരിയുടെ വീട്ടിലെത്താമെന്നു തീരുമാനിച്ചു. മാസങ്ങളായി ചികിത്സയില്‍ കഴിയുന്നതിനാല്‍ സുഗതകുമാരി പുറത്തെങ്ങും പോകില്ല എന്ന കരുതി. യോഗം എത്രമണിക്ക് തീരും എന്നറിയാന്‍ കഴിയാതിരുന്നതിനാലാണ് വിളിച്ചറിയിക്കാതിരുന്നത്.
വീട്ടിലെത്തിയപ്പോളാണ് സൂഗത വീട്ടിലില്ലന്നറിഞ്ഞത്
സുഗതകുമാരി: ലീലയെപ്പോലെ എനിക്കും ഒന്നിനു പുറകെ ഒന്നായി അസുഖങ്ങള്‍ വരുകയാണ്. രണ്ടു വര്‍ഷം മുന്‍പ് പനി പിടിച്ച് പോയി എന്നു കരുതിയതാണ്. ഇപ്പോള്‍ നട്ടെല്ലിനാണ് പ്രശ്നം. ബല്‍റ്റ് ഇട്ടിരിക്കുകയാണ്. മാസങ്ങളായി കിടപ്പുതന്നെ. ആറുമാസിത്തിനിടെ ആദ്യമായി ഞാന്‍ വീടിനു പുറത്തിറങ്ങിയതാണ് അഭയയുടെ നിര്‍ണ്ണായക യോഗത്തില്‍ പങ്കെടുക്കാനാണ് അവശത മറന്ന് പോയത്. മീറ്റിംഗ് കഴിഞ്ഞപ്പോളാണ് ലീലാ മേനോന്‍ എത്തിയ വിവരം അറിയുന്നത്. അപ്പോളാണ് വിളിച്ച കണ്ടിട്ടേ പോകാവൂ എന്നു പറയുകയായിരുന്നു. ലീലയുടെ ആരോഗ്യമൊക്കെ എങ്ങനെ. ഓഫീസില്‍ പോകാന്‍ പറ്റുമോ.
ലീലാ മേനോന്‍.: മരുന്നുകള്‍ക്കൊന്നും കുറവില്ല. യാത്രയ്‌ക്ക് ബുദ്ധിമുട്ടുണ്ടൊങ്കിലും ജന്മഭൂമിയില്‍ പോകാറുണ്ട്. കോളവും എഴുതും. വെറുതെ ഇരുന്നാല്‍ ഞാന്‍ വീണു പോയേനെ. ഇപ്പോള്‍ എനിക്ക് താങ്ങ് ജന്മഭൂമിയാണെന്നു പറയാം. ജന്മഭൂമി വായിക്കാറുണ്ടോ. കഴിഞ്ഞ ആഴ്ചയില്‍ എന്റെ പംക്തിയില്‍ സുഗതയെക്കുറിച്ച് എഴുതിയിരുന്നു.
സുഗതകുമാരി: ജന്മഭൂമി സ്ഥിരമായി വായിക്കുമായിരുന്നു. കുറച്ചു ദിവസമായി ഇപ്പോള്‍ കിട്ടുന്നില്ല. മറ്റു പത്രങ്ങളും വീട്ടില്‍ ഇടുന്നി്ല്ല. പത്രം ഇടുന്ന പയ്യന്‍ വീടിന്റെ മുറ്റത്ത് പാമ്പിനെ കണ്ടു പേടിച്ചു പോലും. പത്രം കിട്ടാന്‍ മുറ്റത്തെ ചെടികള്‍ മുറിക്കാനൊന്നും എന്നെ കിട്ടില്ല. ജന്മഭൂമിയെക്കുറിച്ച് എനിക്കൊരു പരിഭവമുണ്ട്. ആനയെഴുന്നള്ളപ്പിനെതിരെ ഞാനോരു ലേഖനം അയച്ചിട്ട് പ്രസിദ്ധീകരിച്ചില്ല. ഈ വിഷയത്തില്‍ ഞാനെഴുതിയ മുന്ന് ലേഖനങ്ങള്‍ മാതൃഭൂമി കൊടുക്കുകയും ചെയ്തു.
ലീലാ മേനോന്‍.: ക്ഷേത്രങ്ങളിലെ ഉത്സവത്തിന് ആനയെ എഴുന്നള്ളിക്കുന്നത് ഒരു നയപ്രശ്നമായതിനാലാകാം പ്രസിദ്ധീകരിക്കാതിരുന്നത്.
സുഗതകുമാരി: ജന്മഭൂമിക്ക് അങ്ങനെ ഒരു നയമുണ്ടെങ്കില്‍ തെറ്റാണെന്ന അഭിപ്രായമാണെനിക്ക്. ക്ഷേത്ര കമ്മറ്റിക്കാരല്ലല്ലോ ഹിന്ദു മതത്തിന്റെ ആധികാരിക വക്താക്കള്‍. ക്ഷേത്രങ്ങളില്‍ കരിയും വേണ്ട കരിമരുന്നും വേണ്ടെന്ന് പറഞ്ഞ ശ്രീനാരായണ ഗുരുവിന്റെ വാക്കുകള്‍ നാം മറക്കരുത്. ഹിന്ദു മതത്തിന്റെ ഒരു തത്വശാസ്ത്രത്തിലും ആനയെ എഴുന്നള്ളിപ്പിക്കണം എന്നു പറയുന്നില്ല..ആരാധനാലയങ്ങളിലെ ആനയെഴുന്നള്ളിപ്പ് അവസാനിപ്പിക്കുകതന്നെ വേണം.അടിമത്തം പോലെ പ്രാകൃതമാണ് ആന എളുന്നള്ളിപ്പെന്നും. വംശനാശഭീഷണി നേരിടുന്ന ആനകള്‍ എന്നോതുടങ്ങിയ ആചാരങ്ങളുടെ ഇരകളാകുന്നു. തികച്ചും കാട്ടുമൃഗമായ ആനയെ ഇണക്കി വിശ്വാസത്തിന്റെ ഭാഗമായി ജനക്കൂട്ടത്തിന്റെ ഇടയിലൂടെ കാലില്‍ പലവിധ ചങ്ങലകളിട്ട് മുതുകില്‍ അമിതഭാരം കയറ്റി മണിക്കൂറുകള്‍ പീഡിപ്പിക്കുന്ന ദുരാചാരം ഒഴിവാക്കണം. ഇതിനായി ജന്മഭൂമി എഴുതണം. ശബരിമലയില്‍ സ്തീകളെ പ്രവേശിപ്പിക്കുന്നതിനെക്കുറിച്ച് ജന്മഭൂമിയുടെ നിലപാടെന്താണ്
ലീലാ മേനോന്‍.: ആചാരങ്ങള്‍ കാലോചിതമായി പരിശോധിച്ച് പരിഷ്‌ക്കരിക്കണം. ബന്ധപ്പെട്ടവരുമായി ചര്‍ച്ച ചെയ്ത് അവരെ ബോധ്യപ്പെടുത്തിയിട്ടുവേണം എന്നുമാത്രം. തത്വത്തില്‍ ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കുന്നതിനോട് എതിര്‍പ്പില്ല.
സുഗതകുമാരി: ഇതിലും എനിക്ക് വ്യത്യസ്ഥ അഭിപ്രായമാണുള്ളത്.സ്ത്രീകളെ ശബരിമലയില്‍പ്രവേശിപ്പിക്കരുത്. ഹിന്ദു മതം സ്തീ വിരുദ്ധമോ ഞാന്‍ സ്ത്രീ വിരോധിയോ ആയതുകൊണ്ടല്ല ഇതു പറയുന്നത്..ഈശ്വരനെ സ്ത്രീരൂപത്തില്‍ ദര്‍ശിച്ചിട്ടുള്ള ഒരേയൊരു മതമാണ് ഹിന്ദുമതം. പ്രപഞ്ചമാതാവായി ദേവി പരാശക്തിയെ കാണുന്നു. കാലം മഹാകാളിയാണ്. ജഗദംബ എന്ന ഒറ്റവാക്കില്‍ ഇതെല്ലാം ഒതുങ്ങുന്നു.പ്രകൃതി സ്‌നേഹി ആയതുകൊണ്ടാണ് താനിത് പറയുന്നത്. ഇപ്പോള്‍ തന്നെ അവിടെ എത്തുന്ന ലക്ഷങ്ങള്‍ താങ്ങാവുന്നതിനും അപ്പുറത്താണ്. സ്ത്രീകള്‍ക്ക് കൂടി പ്രവേശനം അനുവദിച്ചാല്‍ രൂക്ഷമായ പാരിസ്ഥിതിക പ്രശ്‌നങ്ങണൈ് ശബരിമലയില്‍ ഉണ്ടാകുന്നത്. ജനത്തിരക്കുമൂലം പമ്പ മലിനനമാകുന്നതിനും കാടിന്റെ ആവാസ വ്യവസ്ഥ തകരാനും ഇടയാകും അവര്‍ പറഞ്ഞു. മറ്റു സാമൂഹ്യ പ്രശ്നങ്ങള്‍ വേറെയും വരും. ശബരിമലയില്‍നിന്ന് സ്ത്രീപീഡന വാര്‍ത്തകള്‍ വരുന്നതിനെക്കുറിച്ച് സങ്കല്‍പിക്കാന്‍ പറ്റുമോ.
ലീലാ മോനോന്‍ : സുഗത പറഞ്ഞത് ശരിയാണ്. കേരളം ഇന്ന് സ്ത്രീപീഡനങ്ങളുടെ നാടായി മാറിയിരിക്കുന്നു. പ്രബുദ്ധകേരളം സ്ത്രീകള്‍ക്ക് സുരക്ഷിതമല്ലാത്ത സംസ്ഥാനമാണെന്നാണ് കുറ്റകൃത്യകണക്കുകള്‍ തെളിയിക്കുന്നതും പഠനങ്ങള്‍ അടിവരയിടുന്നതും. കേരളം കുറ്റകൃത്യനിരക്കില്‍ യുപിയെക്കാള്‍ മുന്നിലാണ്. സ്ത്രീകള്‍ക്ക് നേരെയുള്ള കുറ്റകൃത്യങ്ങള്‍ 33.8 ശതമാനമാണ്. സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അക്രമങ്ങളും ദേശീയ ശരാശരിയുടെ ഇരട്ടിയാണ്- ഇതിന് കാരണമായി പറയുന്നത് മദ്യപാനവും മയക്കുമരുന്നുപയോഗവുമാണ്. കേരളം എന്ന പേരു കേട്ടാല്‍’ തിളയ്‌ക്കണം ചോര ഞരമ്പുകളില്‍ എന്ന് പാടിയിരുന്ന മലയാളികള്‍് ഇന്ന് അന്തര്‍മുഖരായി, അയല്‍പക്കത്തെ ദയനീയാവസ്ഥയോട് നിസ്സംഗത പുലര്‍ത്തി, തങ്ങളുടെ ജീവിതം മാത്രം ഭദ്രമാക്കുന്നതില്‍ ശ്രദ്ധിക്കുന്ന തരത്തിലേക്ക് തരംതാണു. പെരുമ്പാവൂരിലെ ജിഷയുടെ വധം തെളിയിക്കുന്നതതാണ്
സുഗതകുമാരി: ജിഷയുടെ വധത്തിന്റെ പേരില്‍ രാഷ്‌ട്രീയ നേട്ടം ഉണ്ടാക്കിയവര്‍ അധികാരത്തിലെത്തിയിട്ട് എന്തുണ്ടായി. പ്രതിയെന്നു പറഞ്ഞ അന്യ സംസ്ഥാനക്കാരനെ അറസ്റ്റ് ചെയ്തു എന്നുമാത്രം. ഐസ് ക്രിം പാര്‍ലര്‍ കേസിലെ പ്രതികളെ സംരക്ഷിക്കാനായി വാദിച്ചവരുടെ ഉപദേശം കേട്ട് ഭരിക്കുന്നവരില്‍ നിന്ന് എന്തു പ്രതീക്ഷിക്കാനാകും.
ലീലാ മോനോന്‍: പ്രതീക്ഷ തുടക്കത്തിലേ പോയി എന്നു പറയാം. മന്ത്രി സഭായോഗത്തിനു ശേഷം മുഖ്യമന്ത്രി മാധ്യമങ്ങളെ കാണേണ്ട എന്നു തീരുമാനിച്ചതുള്‍പ്പെടെ സുതാര്യമല്ലാത്ത നടപടികളാണ് സര്‍ക്കാറിന്റേത്. പത്രാധിപന്മാരുടെ യോഗത്തില്‍ ഇക്കാര്യം പലരും മുഖ്യമന്ത്രിയോട് പറഞ്ഞിട്ടും നിലാപാടില്‍ മാറ്റമില്ലന്നാണ് പറഞ്ഞത്.
സുഗതകുമാരി: യോഗത്തില്‍ മറ്റ് വിഷയങ്ങള്‍ എന്തോക്കെയായിരുന്നു.
ലീലാ മേനോന്‍: ഞാന്‍ രണ്ടു പ്രശ്‌നങ്ങളാണ് ഉന്നയിച്ചത്. മയക്കു മരുന്നിന്റെ ഉപഭോഗം കൂടുന്നതും അന്യ സംസ്ഥാനക്കാര്‍ പെരുകുന്നതുകൊണ്ടുള്ള പ്രശ്‌നങ്ങളും. മയക്കു മരുന്ന് വ്യാപകമാകുന്നതിന്റെ വിപത്തിനെക്കുറിച്ച് സര്‍ക്കാറിന് ബോധ്യമുണ്ടെന്നും ഇതിനെതിരെ ശക്തവും ഫലപ്രദവുമായ നടപടികള്‍ ഉണ്ടാകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.അന്യ സംസ്ഥാന തൊഴിലാളികളുടെ ഒഴുക്ക് നിയന്ത്രിക്കാന്‍ ഇടപെടലുണ്ടാകണം എന്നായിരുന്നു എന്റെ ആവശ്യം. അതിന് വ്യക്തമായ ഉത്തരം മുഖ്യമന്ത്രി നല്‍കിയില്ല.
സുഗതകുമാരി: നല്‍കില്ല. അവരെയും വോട്ടേഴ്‌സ് ലിസ്റ്റില്‍ പെടുത്തി സ്വന്തം പാര്‍ട്ടിക്ക് ഒപ്പം നിര്‍ത്താനാകുമോ എന്നതാണ് രാഷ്ടീയനേതാക്കള്‍ നോക്കുന്നത്. കേരളം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്‌നമായിരിക്കും അന്യസംസ്ഥാനങ്ങളില്‍നിന്നുള്ളവരുടെ ക്രമാതീതമായ കുടിയേറ്റം. സാംസ്‌ക്കാരികമായി വന്‍ ദുരന്തത്തിലേക്കാണ് ഇത് കേരളത്തെ കൊണ്ടു ചെന്നെത്തിക്കുക. നമുക്ക് സാസ്‌ക്കാരകമായി ഒരു തരത്തിലും പൊരുത്തപ്പെടാന്‍ പറ്റാത്തവരാണ് ഇവിടെ ജോലിക്കായി എത്തുന്നത്.വിദ്യാഭ്യാസ നിലവാരം കുറഞ്ഞവര്‍ മാത്രമല്ല ക്രിമനല്‍ പശ്ചാത്തലമുള്ളവരുമാണ് ഇവരില്‍ അധികവും. അവര്‍ ഇവിടെ വീടും വെച്ച് ഇവിടെനിന്ന് കല്യാണവും കഴിച്ച് ഇവിടുത്തുകാരായി മാറും. നമ്മുടെ പാവം പെണ്‍കുട്ടികളെ വളച്ചെടുക്കാന്‍ അവര്‍ക്ക് പ്രയാസമൊന്നും കാണില്ല. ഭീകരസംഘടനയായ ഐ എസില്‍ ചേരാന്‍ വരെ നമ്മുടെ കുട്ടികളെ സ്വാധീനിച്ച് കൊണ്ടുപോകാന്‍ കഴിയുന്നു
ലീലാ മേനോന്‍: മുഖ്യമന്ത്രിയുടെ യോഗത്തില്‍ അക്കാര്യവും ഉയര്‍ന്നു വന്നിരുന്നു. കേരളത്തില്‍ നിന്ന് ചെറുപ്പക്കാര്‍ ഐ എസില്‍ ചേരാന്‍ പോയി എന്ന വാര്‍ത്ത റിപ്പോര്‍ട്ടു ചെയ്യുന്നത് സൂക്ഷിച്ചു വേണമെന്നായിരുന്നു മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം. മലയാളികള്‍ക്ക് ഭീകരബന്ധമുണ്ടെന്ന വാര്‍ത്ത പരന്നാല്‍ ഗള്‍ഫ് രാജ്യങ്ങളിലെ മലയാളികളുടെ ജോലിയെ പ്രതികൂലമായി ബാധിക്കുംപോലും
സുഗതകുമാരി: ഇതുതന്നെയാണ് ഇവിടുത്തെ പ്രശ്‌നം. സത്യം പറയാന്‍ പേടിയാണ്. ഭീകരപ്രവര്‍ത്തനത്തെ പ്രോത്സാഹിപ്പിച്ച സംസ്ഥാന സര്‍ക്കാരുകളാണ് ഇപ്പോഴത്തെ അവസ്ഥക്ക് കാരണം. പ്രണയക്കുരുക്കില്‍പ്പെടുത്തി പെണ്‍കുട്ടികളെ മതംമാറ്റി ഭീകരപ്രവര്‍ത്തനത്തിന് ഇരയാക്കുന്നവരെയും സംഘടനകളെയും നിയമത്തിന് മുന്നിലെത്തിക്കണം. ഇതിന് മതവുമായോ വിശ്വാസവുമായ ബന്ധിപ്പിക്കരുത്. കാസര്‍കോട്,മലപ്പുറം ജില്ലകളില്‍ സ്‌ക്കൂളുകളില്‍ കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് മലയാളം അധ്യാപകരുടെ ഒഴിവു വന്നപ്പോള്‍ നിയമിച്ചത് അറബി അധ്യാപകരെയാണ്. മലയാളം എഴുതാന്‍ പോലും അറിയാത്ത അറബി മാത്രം അറിയാവുന്നയാളുകളെയാണ് നിയമിച്ചത്്. വിദ്യാഭ്യാസമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമായിരുന്നു നിയമനമെന്നാണറിയാന്‍ കഴിഞ്ഞത്. പ്രതിപക്ഷത്തിനും ഇക്കാര്യത്തില്‍ പ്രശ്‌നമില്ല. ഇത്തരം ചെറിയ ചെറിയ വിഷയങ്ങളിലെ വിട്ടുവീഴ്ചകളാണ് മഹാദുരന്തത്തിലേക്ക് എത്തിക്കുന്നത്.
ലീലാ മേനോന്‍: സ്ത്രീ സുരക്ഷിതത്വം സ്ത്രീകളുടെ കൈയില്‍തന്നെയാണ്.സ്ത്രീകള്‍ സ്വയം പ്രതിരോധ ശേഷിയും പ്രതികരണശേഷിയുമുള്ളവരാകണം. പെണ്‍കുട്ടികള്‍ വളര്‍ന്നുവരുന്നത് വിവാഹത്തിന് വേണ്ടിയാണ് എന്ന ചിന്തയും മാറണം.മാതാപിതാക്കള്‍ തങ്ങളുടെ മക്കള്‍ക്ക് മാതൃകയാകണം. കുട്ടികളുടെ സ്വഭാവ രൂപീകരണത്തിന് മാതാപിതാക്കള്‍ക്ക് നിര്‍ണായക സ്വാധീനമാണുള്ളത്, മാതാപിതാക്കളുടെ സംസാരവും പ്രവൃത്തികളും അനുകരിച്ചാണ് കുട്ടികള്‍ വളരുന്നത്. ‘മാതൃദേവോഭവ’ എന്ന സങ്കല്‍പ്പം ഇന്നത്തെ തലമുറക്ക് അന്യമായിരിക്കുന്നു. ഇന്നത്തെ കുട്ടികള്‍ അമ്മമാരെ വെറുമൊരു സ്ത്രീ മാത്രമായി കാണുന്നു. വിശിഷ്യാ പുരുഷന്മാര്‍ സ്ത്രീകളെ ശരീരം മാത്രമായി കാണുന്നു. സ്ത്രീപീഡനങ്ങള്‍ വര്‍ധിച്ചുവരുന്നതിന് പല കാരണങ്ങളുണ്ട്. അവയില്‍ പ്രധാനപ്പെട്ട ഒന്ന് ഇന്നത്തെ പെണ്‍കുട്ടികളുടേയും സ്ത്രീകളുടേയും വസ്ത്രധാരണ രീതിയാണ്. ഇന്റര്‍നെറ്റ് പോലുള്ള ആധുനിക വിവരസാങ്കേതിക വിദ്യയും മൊബെയില്‍ ഫോണുകളും ഇന്ന് ദുരുപയോഗം ചെയ്യപ്പെടുന്നതാണ് മറ്റൊരു കാരണം. ഉപഭോഗ സംസ്‌കാരവും പെണ്‍കുട്ടികളെ വഴിതെറ്റിക്കുന്ന ഒന്നാണ്.
സുഗതകുമാരി: മയക്കുമരുന്നിന്റെ വിപണനകേന്ദ്രമായി മാറിയിരിക്കുകയാണ് കേരളം. ഇതുമൂലം മാനസികരോഗവും വിഭ്രാന്തിയും കൂടിക്കൂടി വരുന്നു. ഇത് ആക്രമണങ്ങളിലേക്കും കൊലപാതകങ്ങളിലേക്കും ചെന്നെത്തുകയാണ്.വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച് മയക്കുമരുന്ന് മാഫിയ വ്യാപകമാണ്. നഗരങ്ങളിലെ വിദ്യാലയങ്ങളാണ് പ്രധാന വിപണന കേന്ദ്രങ്ങള്‍. ഗ്രാമീണ വിദ്യാലയങ്ങളിലും മയക്കുമരുന്ന് മാഫിയ പിടിമുറുക്കിയിട്ടുണ്ട്. കഞ്ചാവ്, പാന്‍ പരാഗ് എന്നിവക്ക് പുറമേ കൃത്രിമ ലഹരി വസ്തുക്കളും ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ വരെ വ്യാപകമാണ്. മയക്കുമരുന്ന് നിയന്ത്രിച്ചില്ലെങ്കില്‍ കേരളം ഭ്രാന്താലയമാകും.
കുത്തികുത്തിയുള്ള ചുമ സംസാരം തുടരാന്‍ സുഗതകുമാരിയെ അതിനുവദിച്ചില്ല. പിന്നീട് വീണ്ടും രോഗത്തെക്കുറിച്ചും മരുന്നുകളെക്കുറിച്ചുമായി ചര്‍ച്ച. താന്‍ കളിച്ച് നല്ലതെന്നു ബോധ്യപ്പെട്ട് രണ്ട മരുന്നുകളുടെ പേരുകള്‍ ലീലാ മേനോന്‍ പറഞ്ഞും. അതില്‍ ഒന്ന് സുഗതകുമാരി ഇപ്പോള്‍ കഴിക്കുന്നുണ്ട്. ഇനി മറ്റേതുംകൂടി നോക്കാം എന്നു പറഞ്ഞ് സുഗതകുമാരി വാച്ചിലേക്ക് നോക്കി, രണ്ടു കഴിഞ്ഞു. ട്രയില്‍ പോകുമോ. വേഗം ഇറങ്ങിക്കോ. രണ്ടു വീല്‍ചെയറുകളിലായി ഇരുവരും മുറി വിട്ടു. ശരീരം നീങ്ങാന്‍ വീല്‍ചെയറിന്റെ സഹായം വേണമെങ്കിലും സാമുഹ്യപ്രശ്‌നങ്ങളില്‍ ശരവേഗത്തിലിടപെടുന്ന സമശീര്‍ഷരായ സമാനചിന്താഗതിക്കാരായ ഇരുവരും വീണ്ടും കാണാം എന്നു പറഞ്ഞ് പിരിഞ്ഞു.
ശുദ്ധമായ ഭാവഗീതത്തിന്റെ മന്ത്രസ്വരങ്ങളിലാരംഭിച്ച്, ഉത്കൃഷ്ടമായ സാമൂഹികമൂല്യങ്ങളുടെ താരസ്വരങ്ങളിലേക്കുയരുന്ന കവിതകളിലൂടെ സത്യത്തെയും സൗന്ദര്യത്തെയും ഒരുപോലെ സാക്ഷാത്കരിക്കുന്ന സുഗതകുമാരിയും മലയാളത്തിലെ ആദ്യ വനിതാ പത്രപ്രവര്‍ത്തകയും ഏക പത്രാധിപയും ആയ ലീലാ മേനോനും തമ്മിലുള്ള ബന്ധം തുടങ്ങുന്നത് ജര്‍മ്മനിയില്‍ വെച്ചാണെന്നു കേള്‍ക്കുമ്പോള്‍ ആശ്ചര്യം തോന്നയേക്കാം. 1984ല്‍ ജര്‍മ്മനിയില്‍ നടത്ത ലോക മലയാളി സംഗമത്തില്‍ പങ്കെടുക്കാന്‍ പ്രേം നസീര്‍ ഉള്‍പ്പെടെ കേരളത്തില്‍ നിന്നുള്ള സംഘത്തില്‍ ഇരുവരും ഉണ്ടായിരുന്നു. പരസ്പരം കാണുന്നതവിടെ വെച്ച്്. ഉദ്ഘാനവേദില്‍ അച്ഛന്‍ ബോധേശ്വരന്റെ കവിത ചൊല്ലിയ സുഗതകുമാരിയെ ലീലാ മേനോന്‍ അഭിന്ദിക്കുമ്പോള്‍ അത് അനുകരണീയവും അഗാധവുമായ ആത്മബന്ധത്തിന്റെ തുടക്കാമായി. ബോധേശ്വരന്റെ ആഗ്രഹപ്രകാരം സുഗതകുമാരി ജര്‍മ്മന്‍ മതിലില്‍ കൈകള്‍ അമര്‍ത്തി ജര്‍മ്മനി ഒന്നാകട്ടേയെന്നും ജര്‍മ്മനിക്കാരുടെ ദുഖം മാറ്റി അവര്‍ക്ക് നല്ലത് വരട്ടെ എന്നു പ്രാര്‍ത്ഥിച്ചശേഷം ബര്‍ലില്‍ മതിലിന്റെ ഒരു കഷണം എടുത്ത സുഗതകുമാരിയുടെ. അന്നത്തെ മുഖം ഇപ്പോഴും തന്റെ മനസ്സില്‍ അതേപോലെയുണ്ടെന്ന്്് ലീലാമേനോന്‍ ആത്മകഥയായ നിലയ്‌ക്കാത്ത സിംഫണിയില്‍ പറയുന്നുന്നുണ്ട്. നിന്ദിതരും പീഡിതരുമായ സ്ത്രീകളുടെ വനരോദനം നമ്മെ കേള്‍പ്പിക്കുക മാത്രമല്ല, അവള്‍ക്കൊരു ‘അഭയ സങ്കേതമൊരുക്കുകകൂടി ചെയ്ത സുഗതകുമാരി , ക്യാന്‍സര്‍ പിടിപെട്ട്് മരണവക്കില്‍ തിരുവന്തപുരം ആര്‍സിസിയില്‍ കിടന്ന തനിക്ക് ഭക്ഷണവും മരുന്നു നല്‍കി കൂട്ടിരുന്ന കാര്യം പറയുമ്പോള്‍ ലീലാ മേനോന്റെ കണ്ണുകളില്‍ അശ്രു പൊഴിയും.
തന്റെ പ്രിയ കൂട്ടുകാരിയെ സൂഗതകുമാരി വിശേഷിപ്പിക്കുന്നത്് വെയിലത്തും മഴയത്തും വാടാത്ത ലീലാ മജ്ഞരി എന്നാണ്. മനുഷ്യമുഖമുള്ള വാര്‍ത്താ പ്രകാശന ശൈലിയാണ് ലീലയിടേത്. കാരുണ്യത്തിന്റെ ധര്‍മ്മസ്പര്‍ശവും ധര്‍മ്മബോധത്തിന്റെ ധീരതയും അവിടെ നാം കേള്‍ക്കുന്നു. ആ ഭാഷ ലളിതവും തെളിഞ്ഞതുമാണ്. ആധുനികതയുടെ സങ്കീര്‍ണ്ണതയൊന്നും അതിനില്ല. സാഹിത്യ ഭാഷയുടെ ധ്വനികളും ചമല്‍ക്കാരങ്ങളൊന്നും അതിലില്ല. എന്നാല്‍ അതിനപ്പുറവും ചിലതുണ്ട്്. സ്ത്രീ പ്രശ്‌നങ്ങളിലേക്ക് ലീലാ മേനോന്‍ ആഴ്ന്നിറങ്ങുന്നു. തികഞ്ഞ സ്ത്രീ പക്ഷവാദിയായി വാദിക്കുന്നു, പരിഹാരം തേടുന്നു. ലീല ഒട്ടേറെ ദുരിതങ്ങള്‍ അനുഭവിച്ചവളാണ്. മാനസികവും ശാരീരികവുമായ കഠിന വ്യഥകള്‍ അവളെത്തേടിയെത്തി. അതീവ ദുര്‍ഘടമായ ജീവിതയാത്രയില്‍ നേരിടേണ്ടിവന്ന ക്‌ളേശങ്ങളെക്കുറിച്ച് അവര്‍ മൗനം പാലിക്കുന്നു. ഒന്നിലും മനം മടുക്കാതെ , തളര്‍ന്നു പോകാതെ, ഭംഗിയുള്ള സാരിയുടുത്ത്, വിലിയ ചുവന്ന പൊട്ടും തൊട്ട്്് ലീലാ മേനോന്‍ നമുക്കിടയില്‍ ചിരിച്ചുകൊണ്ട് നിവിര്‍ന്നു നില്‍ക്കുന്നു. അത്ഭുതാദരങ്ങളോടെ ഞാനെന്റെ ഏറെക്കാലത്തെ കൂട്ടുകാരിയെ നോക്കിക്കാണുന്നു എന്നാണ് സുഗതകുമാരി പറയുന്നത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: