തിരുവനന്തപുരം: കോവിഡ് ബാധിതയായി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്ന കവയിത്രി സുഗതകുമാരി ടീച്ചര്‍ (86) അന്തരിച്ചു. ഇന്നു രാവിലെ 10.52നായിരുന്നു അന്ത്യം. ശ്വസനപ്രക്രിയ പൂര്‍ണമായും വെന്റിലേറ്റര്‍ സഹായത്തിലായിരുന്നു. ഹൃദയത്തിന്റെ പ്രവര്‍ത്തനത്തിനും തകരാര്‍ സംഭവിച്ചിരുന്നു. മരുന്നുകളോട് തൃപ്തികരമായി പ്രതികരിക്കുന്നില്ലായിരുന്നു.
വിദഗ്ധ ഡോക്ടര്‍മാരുടെ സംഘത്തിന്റെ സൂക്ഷ്മ നിരീക്ഷണത്തിലായിരുന്നു സുഗതകുമാരി ടീച്ചര്‍. തിങ്കളാഴ്ചയാണ് സുഗതകുമാരിയെ തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയില്‍ നിന്നും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കോവിഡ് സ്ഥിരീകരിച്ച സുഗതകുമാരി ടീച്ചര്‍ ആശുപത്രിയിലെത്തുമ്പോള്‍ ബ്രോങ്കോ ന്യുമോണിയയെ തുടര്‍ന്നുള്ള ശ്വാസതടസമാണ് പ്രധാന പ്രശ്നമായി ഉണ്ടായിരുന്നത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ചയുടന്‍ വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം പരിശോധിക്കുകയും തീവ്രപരിചരണത്തില്‍ വെന്റിലേറ്ററിലേയ്ക്ക് മാറ്റുകയും ചെയ്തിരുന്നു.
നിലപാടുകള്‍ കൊണ്ട് എക്കാലവും തലയുയര്‍ത്തി നിന്ന് പെണ്‍കരുത്തിന്റെ പ്രതീകമായിരുന്നു ടീച്ചര്‍. സമഗ്ര സംഭാവനകള്‍ക്ക് നല്കുന്ന എഴുത്തച്ഛന് പുരസ്കാരം, സരസ്വതി സമ്മാന്‍ കേരള, കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരങ്ങള്‍, ആശാന് പ്രൈസ്, ഓടക്കുഴല്‍ പുരസ്കാരം, വയലാര്‍ അവാര്‍ഡ്, വള്ളത്തോള്‍ അവാര്‍ഡ് ലളിതാംബിക അന്തര്‍ജ്ജനം അവാര്‍ഡ്, പ്രകൃതിസംരക്ഷണ യത്നങ്ങള്‍ക്കുള്ള കേന്ദ്രസര്‍ക്കാരിന്റെ ആദ്യത്തെ ഇന്ദിരാ പ്രിയദര്‍ശിനി വൃക്ഷമിത്ര അവാര്‍ഡ് എന്നിങ്ങനെ എണ്ണമറ്റ അംഗീകാരങ്ങള്‍. 2006ല്‍ രാജ്യം പത്മശ്രീ നല്കി ആദരിച്ചു.
1996ല്‍ സംസ്ഥാന വനിതാ കമ്മീഷന്റെ ആദ്യ അധ്യക്ഷയാകാനുളള നിയോഗവും സുഗതകുമാരിക്കായിരുന്നു. അഭയഗ്രാമം, അത്താണി, എന്നിങ്ങനെ സമൂഹത്തിന് തണലൊരുക്കിയ സ്ഥാപനങ്ങളുടെ അമരക്കാരിയായിരുന്നു.. മനോനില തെറ്റിയവര്‍ക്കും ആരുമില്ലാത്തവര്‍ക്കും അസുഖങ്ങളാല്‍ തകര്‍ന്നുപോയവര്‍ക്കുമെല്ലാം താങ്ങായി സുഗതകുമാരി നിലകൊണ്ടു. കര്‍മ്മഭൂമി പൊതുപ്രവര്‍ത്തനമെങ്കിലും രാഷ്ട്രീയത്തിലേക്കുളള ക്ഷണം എല്ലാകാലത്തും അവര്‍ നിരസിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: