ന്യൂദല്‍ഹി : ബജറ്റ് സമ്മേളനം ചേരാനിരിക്കേ സംസ്ഥാനത്ത് പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചു ചേര്‍ക്കേണ്ടതില്ല. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നടപടിയെ സ്വാഗതം ചെയ്യുന്നുവെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്. കാര്‍ഷിക നിയമത്തിനെതിരെ പ്രമേയം പാസാക്കാനുള്ള പിണറായി സര്‍ക്കാരിന്റെ നീക്കത്തിന് ഗവര്‍ണര്‍ അനുമതി നിഷേധിച്ചത് ശരിയായ നടപടിയാണെന്നും മുരളീധരന് അറിയിച്ചു.
ജനുവരി 8 ന് ബജറ്റ് സമ്മേളനം ചേരാനിരിക്കെ അടിയന്തിര സമ്മേളനം ചേരേണ്ടതില്ലെന്നായിരുന്നു പ്രമേയത്തിന് അനുമതി തേടിക്കൊണ്ടുള്ള സംസ്ഥാന സര്‍ക്കാര്‍ നടപടിക്കെതിരെ ഗവര്‍ണറിന്റെ തീരുമാനം.
എന്നാല്‍ പ്രത്യേക സമ്മേളനം ചേരേണ്ട അടിയന്തര സാഹചര്യം സംസ്ഥാനത്തില്ലെന്ന ഗവര്‍ണറുടെ വിലയിരുത്തല്‍ തീര്‍ത്തും ശരിയാണ്. ഇതിലൂടെ ഭരണപക്ഷം ലക്ഷ്യമിടുന്നത് ഫെഡറല്‍ തത്വങ്ങളുടെ ലംഘനമാണ്. പ്രതിപക്ഷത്തിരിക്കുന്ന സംസ്ഥാന കോണ്‍ഗ്രസും ഇതിന് പിന്തുണ നല്‍കുകയാണെന്നും കേന്ദ്രമന്ത്രി കുറ്റപ്പെടുത്തി.
എന്ത് ചര്‍ച്ച ചെയ്യണമെന്ന് തീരുമാനിക്കുന്നത് മന്ത്രിസഭയാണെന്നുള്ള കോണ്‍ഗ്രസ്സിന്റെ പ്രസ്താവന വഴി തങ്ങള്‍ പ്രതിപക്ഷത്താണോ അതോ ഭരണകക്ഷിയുടെ ഭാഗമാണോയെന്ന് നേതൃത്വം വ്യക്തമാക്കണം. നിയമസഭയെ രാഷ്ട്രീയക്കളിക്കുള്ള വേദിയാക്കാനുള്ള നീക്കമാണ് സര്‍ക്കാര്‍ നടത്തുന്നത്. പ്രതിപക്ഷം ഇതിനെ പിന്തുണയ്ക്കുന്നുണ്ട്.
ജനങ്ങളുടെ നികുതിപ്പണം രാഷ്ട്രീയ നേട്ടത്തിന് ദുരുപയോഗിക്കാന്‍ അനുവദിക്കില്ലെന്ന ഗവര്‍ണറുടെ നിലപാട് ശ്ലാഘനീയമാണ്. ഈ തീരുമാനമെടുത്ത ഗവര്‍ണറെ അഭിനന്ദിക്കുന്നു. ഇതിനെതിരെ വിമര്‍ശനം ഉയര്‍ത്തുന്നവരുടെ രാഷ്ട്രീയ താത്പര്യം ജനങ്ങള്‍ തിരിച്ചറിയുമെന്നും മുരളീധരന് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: