തൃശൂര്‍: സിം കാര്‍ഡിന്റെ ഡ്യൂപ്ലിക്കേറ്റ് ഉപയോഗിച്ച് ബാങ്ക് അക്കൗണ്ടില്‍ നിന്ന് 20 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. സാഹിത്യകാരി സാറാ ജോസഫിന്റെ മരുമകന്‍ പി.കെ ശ്രീനിവാസന്റെ കാനറാ ബാങ്കിലെ അക്കൗണ്ടില്‍ നിന്നാണ് 20,25,000 രൂപ സംഘം തട്ടിയെടുത്തത്. ബിഎസ്എന്‍എല്‍ സിം കാര്‍ഡിന്റെ ഡ്യൂപ്ലിക്കേറ്റ് എടുത്തായിരുന്നു തട്ടിപ്പ്.
ഡ്യൂപ്ലിക്കേറ്റ് സിം കാര്‍ഡില്‍ വന്ന ഒടിപി ഉപയോഗിച്ചാണ് അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിച്ചത്. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സംഭവം. കണ്‍സ്ട്രക്ഷന്‍ സ്ഥാപനം നടത്തുന്ന ശ്രീനിവാസന്‍ ജിഎസ്ടി ഇടപാടുകള്‍ക്കായി പണം ട്രാന്‍സ്ഫര്‍ ചെയ്യാന്‍ നോക്കിയപ്പോഴാണ് 20 ലക്ഷത്തിലധികം രൂപയുണ്ടായിരുന്ന അക്കൗണ്ടില്‍ നിന്ന് മുഴുവന്‍ തുകയും പിന്‍വലിച്ചതായി അറിയുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ശ്രീനിവാസന്‍ സൈബര്‍ സെല്ലില്‍ പരാതി നല്‍കി.
തളിപറമ്പിലായിരുന്ന ശ്രീനിവാസന്റെ ബിഎസ്എന്‍എല്‍ നമ്പര്‍ ബ്ലോക്ക് ആയതിനെ തുടര്‍ന്ന് ഇന്‍കമിങ് -ഔട്ട് ഗോയിങ് കോളുകള്‍ പോയിരുന്നില്ല. ഈ സിമ്മിന്റെ ഡ്യൂപ്ലിക്കേറ്റ് ആലുവ ബിഎസ്എന്‍എല്‍ ഓഫീസില്‍ നിന്ന് തട്ടിപ്പു സംഘം വാങ്ങിയിട്ടുള്ളതായി സൈബര്‍ സെല്‍ നടത്തിയ അന്വേഷത്തില്‍ വ്യക്തമായിട്ടുണ്ട്. ശ്രീനിവാസന്റെ ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പില്‍ ഫോട്ടോ മാറ്റി മറ്റൊരാളുടെ ഫോട്ടോ വെച്ച ശേഷമാണ് ഡ്യൂപ്ലിക്കേറ്റ് സിം കാര്‍ഡിന് അപേക്ഷ നല്‍കിയത്. തുടര്‍ന്ന് ശ്രീനിവാസന്റെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് രണ്ടു തവണയായി നാലു ട്രാന്‍സാക്ഷനുകളിലൂടെ പണം തട്ടിയെടുക്കുകയായിരുന്നു. ഉത്തരേന്ത്യക്കാരനായ ഒരാളുടെ പേരിലേക്കാണ് പണം പോയിട്ടുള്ളത്. എന്നാല്‍ ഇത് വ്യാജ പേരും അക്കൗണ്ടുമാണെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.
ഇത്തരം തട്ടിപ്പു സംഭവങ്ങളില്‍ വ്യാജ പേരും അക്കൗണ്ടുമാണ് ഇവര്‍ ഉപയോഗിക്കാറുള്ളത്. അതിനിടെ സംഭവത്തില്‍ ബാങ്കിന്റെ നടപടികളെ വിമര്‍ശിച്ച് സാറാ ജോസഫ് രംഗത്തെത്തി. ബാങ്ക് അധികൃതരില്‍ നിന്നു നിഷേധാത്മക സമീപനമാണുണ്ടായതെന്നും ബാങ്ക് അറിയാതെ ഒന്നും സംഭവിക്കില്ലെന്നും അവര്‍ പറഞ്ഞു. ബാങ്ക് അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായത് തണുത്ത പ്രതികരണമാണെന്നും പണം പിന്‍വലിക്കപ്പെട്ട വിവരം മെസേജായി ലഭിച്ചില്ലെന്നും ശ്രീനിവാസന്‍ വ്യക്തമാക്കി. 20 വര്‍ഷത്തിലേറേയായി അക്കൗണ്ടുള്ള ബാങ്കാണിതെന്നും ഇത്തരമൊരു അനുഭവം ആദ്യമാണെന്നും ശ്രീനിവാസന്‍ പറഞ്ഞു. സാറാ ജോസഫിന്റെ മകളും എഴുത്തുകാരിയുമായ സംഗീതയുടെ ഭര്‍ത്താവാണ് പ്രമുഖ ആര്‍ക്കിടെക്റ്റായ ശ്രീനിവാസന്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: