തിരുവനന്തപുരം: അഭയക്കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രതികളുടെ ശിക്ഷ ഇന്ന് വിധിക്കും. തിരുവനന്തപുരം സിബിഐ കോടതി ജഡ്ജി കെ സനല്‍ കുമാറാണ് വിധി പറയുന്നത്. കൊലപാതകം, തെളിവുനശിപ്പിക്കല്‍ തുടങ്ങിയ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ തെളിഞ്ഞിരിക്കുന്നത്. പ്രതികള്‍ക്ക് വധശിക്ഷയോ ജീവപര്യന്തമോ ലഭിക്കുമെന്നാണ് സൂചന.
അഭയ കൊല്ലപ്പെട്ട് 28 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വിധി പ്രസ്താവന നടത്തുന്നത്. കേസിലെ ഒന്നാം പ്രതി ഫാ.തോമസ് കോട്ടൂരിനെതിരെ കൊലപാതകം, തെളിവു നശിപ്പിക്കല്‍, അതിക്രമിച്ചു കടക്കല്‍ എന്നീ കുറ്റങ്ങളാണ് തെളിഞ്ഞിരിക്കുന്നത്. മറ്റൊരു പ്രതിയായ സിസ്റ്റര്‍ സെഫിക്കെതിരേയും കൊലപാതകവും തെളിവു നശിപ്പിക്കലും തെളിഞ്ഞിട്ടുണ്ട്. ഇരുവരും കുറ്റക്കാരാണെന്ന് ചൊവ്വാഴ്ച കോടതി പ്രഖ്യാപിച്ചിരുന്നു. ഇരുവര്‍ക്കുമെതിരെ ജീവപര്യന്തം വരെ ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളതെന്നാണ് നിയമ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രതികളെ ചൊവ്വാഴ്ച വൈദ്യപരിശോധനക്ക് ശേഷം ജയിലേക്ക് മാറ്റി. ഇന്ന് പതിനൊന്നു മണിയോടെ പ്രതികളെ വീണ്ടും കോടതിയിലേക്ക് കൊണ്ടുവരും.
ലോക്കല്‍ പോലീസും ക്രൈംബ്രാഞ്ചും ആത്മഹത്യയെന്ന് എഴുതി തള്ളിയ കേസ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സിബിഐ കൊലപാതകമെന്ന് കണ്ടെത്തിയത്. ഒരു വര്‍ഷം മുമ്പാരംഭിച്ച വിചാരണ നടപടികള്‍ ഈ മാസം 10ന് അവസാനിച്ച ശേഷമാണ് വിധി പറയാനായി മാറ്റിയത്. അതുകൊണ്ടു തന്നെ ഇന്നത്തെ വിധി നിര്‍ണ്ണായകമാണ്. 16 വര്‍ഷത്തെ സിബിഐ അന്വേഷണ കണ്ടെത്തലുകള്‍ അംഗീകരിച്ച കോടതി വിധി പ്രസ്ഥാവനത്തിലും അഭയയ്ക്ക് നീതി നല്‍കുമെന്നാണ് പ്രതീക്ഷ.
കേസിലെ രണ്ടാം പ്രതിയായ ഫാ. ജോസ് പുതൃക്കയിലെ വേണ്ടത്ര തെളിവുകളില്ലാത്തിനാല്‍ കോടതി ഒഴിവാക്കിയിരുന്നു. ഈ ഉത്തരവിനെതിരെ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കാനും സിബിഐ തീരുമാനിച്ചിട്ടുണ്ട്. രഹസ്യമൊഴി നല്കിയ സാക്ഷികള്‍ ഉള്‍പ്പെടെ 8 പേര് കൂറുമാറിയിരുന്നു. ഒന്നാം സാക്ഷിയായ സഞ്ചു പി. മാത്യുവിനെതിരെ നിയമനടപടിയും സിബിഐ ആരംഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: