രാജ്യത്തിന്റെ മുഴുവന്‍, ഒരു പക്ഷേ ലോകത്തിന്റെ പോലും ശ്രദ്ധയാകര്‍ഷിച്ച സിസ്റ്റര്‍ അഭയ കൊലക്കേസില്‍ നീണ്ട ഇരുപത്തെട്ട് വര്‍ഷങ്ങള്‍ക്കുശേഷം നീതി നടപ്പായിരിക്കുന്നു. കേസിലെ പ്രതികളായ ഫാദര്‍ തോമസ് കോട്ടൂര്‍, സിസ്റ്റര്‍ സെഫി എന്നിവര്‍ കുറ്റക്കാരാണെന്ന് സിബിഐ കോടതി കണ്ടെത്തിയതോടെ ചരിത്രത്തിലിടം നേടിയ, സമാനതകളില്ലാത്തതും സംഭവ ബഹുലവുമായ കുറ്റാന്വേഷണം യുക്തിസഹമായ പരിസമാപ്തിയിലെത്തിയിരിക്കുകയാണ്. മേല്‍ക്കോടതികളെ സമീപിക്കാന്‍ പ്രതികള്‍ക്ക് അവകാശമുണ്ടെങ്കിലും വിചാരണക്കോടതിയുടെ ഈ വിധി നീതി ബോധമുള്ള മനുഷ്യരുടെ മനസ്സില്‍നിന്ന് ഒരിക്കലും മാഞ്ഞുപോകില്ല. കന്യാസ്ത്രീയും വിദ്യാര്‍ഥിയുമായിരുന്ന സിസ്റ്റര്‍ അഭയ കോട്ടയം പയസ് ടെന്ത് കോണ്‍വെന്റില്‍ മരിച്ചത് സമാനമായ മറ്റ് പല സംഭവങ്ങളെയും പോലെ ആത്മഹത്യയായി മാറേണ്ടതായിരുന്നു. എന്നാല്‍, സത്യസന്ധരായ ചില സാധാരണ മനുഷ്യരും അന്വേഷണ ഉദ്യോഗസ്ഥരും മാധ്യമങ്ങളും സമൂഹ മനഃസാക്ഷിയും ഒത്തൊരുമിച്ചപ്പോള്‍ നീതി നടപ്പായിരിക്കുന്നു. ആദ്യം ആത്മഹത്യയും പിന്നീട് ദുരൂഹ മരണവും അവസാനം കൊലപാതകവുമായി മാറിയ അഭയ കേസിന്റെ നാള്‍വഴി ഒരേ സമയം കുറ്റാന്വേഷണത്തിന്റെ അഭികാമ്യവും അഭിശക്തവുമായ സംഭവങ്ങള്‍ നിറഞ്ഞതാണ്.
അഭയയുടേത് വളരെ ദാരുണമായ കൊലപാതകമായിരുന്നു. ഒരു പാവപ്പെട്ട വീട്ടിലെ അംഗം. ആരോപണ വിധേയരും പ്രതികളുമായവര്‍ വമ്പന്മാരും സമ്പന്നരും സ്വാധീന ശക്തിയുമുള്ളവരാകയാല് കേസ് തേഞ്ഞുമാഞ്ഞു പോകാനായിരുന്നു എല്ലാ സാധ്യതകളും. ഇവിടെയാണ് വെറും ആറാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള ജോമോന് പുത്തന്‍പുരയ്ക്കല്‍ എന്ന മനുഷ്യന് നീതിക്കു വേണ്ടിയുള്ള പോരാട്ടവുമായി ഇറങ്ങിത്തിരിച്ചത്. സത്യസന്ധതയുടെ കരുത്തില്‍ ഒറ്റയാള്‍പ്പോരാട്ടവുമായി ജോമോന് നിലയുറപ്പിച്ചപ്പോള്‍ കേസ് അട്ടിമറിക്കാന്‍ നടത്തിയ എല്ലാ ശ്രമങ്ങളും പരാജയപ്പെടുകയായിരുന്നു. ഒരു ഘട്ടത്തില്‍ അഭയയുടെ കുടുംബം പോലും തള്ളിപ്പറഞ്ഞപ്പോഴും, ജീവന് അപായപ്പെടുമെന്നു വന്നപ്പോഴും ആത്മധൈര്യത്തോടെ മുന്നോട്ടുപോയ ഇദ്ദേഹത്തിന്റെ നന്മയെ എത്ര പ്രശംസിച്ചാലും മതിയാകില്ല. സംഭവ ദിവസം കോണ്‍വെന്റില്‍ മോഷണത്തിനെത്തിയ അടയ്ക്കാ രാജു എന്നയാളുടെ മൊഴിയാണ് പ്രതികളെ കണ്ടെത്താന്‍ നിര്‍ണായകമായത്. ജീവിതം വഴിമുട്ടി നില്ക്കുന്ന, ദരിദ്രനായ ഈ മനുഷ്യന് ലക്ഷങ്ങള്‍ വാഗ്ദാനം ചെയ്യപ്പെട്ടിട്ടും പ്രലോഭനത്തില്‍ വീഴാതെ തന്റെ മൊഴിയില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു. അഭയ തനിക്ക് സ്വന്തം മകളെപ്പോലെയാണെന്നും, അഭയയുടെ ഘാതകര്‍ ശിക്ഷിക്കപ്പെടേണ്ടത് മറ്റൊരു പെണ്‍കുട്ടിക്കും ഈ ഗതി വരാതിരിക്കാന്‍ ആവശ്യമാണെന്നും പറയുന്ന ഇങ്ങനെയൊരാളെ അത്യപൂര്‍വമായേ കണ്ടുമുട്ടുകയുള്ളൂ.
അന്വേഷണം അട്ടിമറിക്കാന്‍ സംഭവം നടന്ന അടുത്ത നിമിഷം മുതല്‍ ശ്രമം നടന്നു. അഭയയുടെ മൃതദേഹം കിണറ്റില്‍ കൊണ്ടുപോയിട്ടത് ഇതിനായിരുന്നു. കേസ് അന്വേഷിച്ച പോലീസും ക്രൈംബ്രാഞ്ചും കുറ്റവാളികളെ രക്ഷപ്പെടുത്താനാണ് ശ്രമിച്ചത്. കേസിന്റെ എഫ്ഐആര്‍ തയാറാക്കിയ പോലീസുകാരന് പിന്നീട് ദുരൂഹ സാഹചര്യത്തില്‍ ആത്മഹത്യ ചെയ്തു. അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിച്ചതിന് കെ.ടി. മൈക്കിള്‍ എന്ന പോലീസുദ്യോഗസ്ഥന് കോടതി ആറ് മാസം തടവുശിക്ഷ വിധിക്കുകപോലുമുണ്ടായി. അഭയയുടേത് കൊലപാതകമാണെന്ന് ആദ്യമായി കണ്ടെത്തിയ വര്‍ഗീസ് പി. തോമസ് എന്ന സിബിഐ ഉദ്യോഗസ്ഥന് മേലുദ്യോഗസ്ഥരില്‍നിന്നുള്ള പീഡനംകൊണ്ടും, പ്രതികള്‍ക്കൊപ്പം നില്ക്കുന്നവരുടെ സമ്മര്‍ദംകൊണ്ടും ഉദ്യോഗത്തില്നിന്നുതന്നെ സ്വയം വിരമിക്കേണ്ടി വന്നു. കേസ് അവസാനിപ്പിക്കാന്‍ സിബിഐ മൂന്നു പ്രാവശ്യം ശ്രമിച്ചെങ്കിലും അതിന് കീഴടങ്ങാതിരുന്ന മജിസ്ട്രേട്ടുമാര്‍ നമ്മുടെ നീതിപീഠങ്ങളില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസത്തിന്റെ തിളങ്ങുന്ന പ്രതീകങ്ങളാണ്. നീതിപീഠത്തിന്റെ സമ്മര്‍ദത്തെത്തുടര്‍ന്ന് അഭയയുടേത് കൊലപാതകമാണെന്ന സത്യം സമ്മതിക്കേണ്ടി വന്നപ്പോഴും തെളിവില്ലാത്തതിനാല്‍ പ്രതികളെ പിടി കൂടാനാകില്ലെന്നാണ് സിബിഐ പറഞ്ഞത്. ഈ അവസ്ഥയില്‍നിന്ന് പ്രതികളെ ശിക്ഷിക്കുന്നതിലേക്ക് കാര്യങ്ങളെത്തിച്ചതില്‍ നന്ദകുമാരന് നായര്‍ എന്ന സിബിഐ ഉദ്യോഗസ്ഥന് പ്രകടിപ്പിച്ച മികവും ധൈര്യവും അത്യന്തം ശ്ലാഘനീയമാണ്. എല്ലാ പ്രതിബന്ധങ്ങളെയും മറികടന്ന് ഒടുവില്‍ അഭയയുടെ ആത്മാവിന് നീതി ലഭിച്ചിരിക്കുന്നു. ഇനിയൊരിക്കലും അഭയമാര്‍ ഉണ്ടാകാതിരിക്കാന്‍ നീതിപീഠത്തിന്റെ ഈ വിധി ഒരു താക്കീതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: