കോട്ടയം: സിസ്റ്റര്‍ അഭയക്കൊലക്കേസില്‍ സത്യം ജയിച്ചെന്ന് സിബിഐ മുന്‍ ഡിവൈഎസ്പിവര്ഗീസ് പി. തോമസ്. പ്രതികള്‍ കുറ്റക്കാരാണെന്ന വിധിയോട് കണ്ണീരോടെയാണ് അദ്ദേഹം പ്രതികരിച്ചത്.സത്യം ജയിച്ചു. വിധിയില്‍ സംതൃപ്തിയുണ്ട്. ഞാനതിന് കൊടുത്തത് വലിയ വിലയാണ്, എനിക്ക് സര്‍വീസില്‍ 10 വര്‍ഷം കൂടിയുണ്ടായിരുന്നു. എനിക്കൊപ്പമുണ്ടായിരുന്നവര്‍ ഡിഐജി വരെയായി. സത്യസന്ധമായി ജോലി ചെയ്യാന്‍ കഴിയില്ലെന്നായതോടെയാണ് രാജിവച്ചത്. മേലുദ്യോഗസ്ഥരാണെങ്കിലും തെറ്റു പറഞ്ഞാല്‍ അനുസരിക്കാന്‍ മനസ്സുണ്ടായിരുന്നില്ല. രാജിവയ്ക്കരുതെന്നും എവിടേക്കു വേണമെങ്കിലും സ്ഥലംമാറ്റം നല്‍കാമെന്നും ഉന്നത ഉദ്യോഗസ്ഥന് പറഞ്ഞിരുന്നു. തെറ്റു ചെയ്യാത്ത ഞാന്‍ സ്ഥലം മാറ്റം വാങ്ങിയിരുന്നെങ്കില്‍ ജനങ്ങള്‍ തെറ്റിദ്ധരിക്കുമായിരുന്നു.അതിനാല്‍ ഞാന്‍ രാജിവച്ചു, അദ്ദേഹം പറഞ്ഞു. സ്വാധീനങ്ങള്‍ക്ക് ഞാന്‍ വഴങ്ങിയില്ല. വ്യക്തമായ തെളിവുകളുള്ള കേസായിരുന്നു ഇത്, അദ്ദേഹം പറഞ്ഞു.
അഭയക്കൊലക്കേസ് അന്വേഷിച്ച സിബിഐ സംഘത്തിന് നേതൃത്വം നല്‍കിയത് വര്‍ഗീസ് പി. തോമസായിരുന്നു. അഭയ ആത്മഹത്യ ചെയ്തതല്ല, അത് അരുംകൊലയാണെന്ന് കണ്ടെത്തിയത് അദ്ദേഹമായിരുന്നു. എന്നാല്‍, അന്വേഷണം പ്രതികളിലേക്ക് നീങ്ങും മുന്‍പ്, നിര്‍ണായക സമയത്ത് അദ്ദേഹം, സിബിഐ കൊച്ചി യൂണിറ്റ് എസ്പി ത്യാഗരാജന്റെ സമ്മര്‍ദം താങ്ങാന്‍ വയ്യാതെ രാജിവയ്ക്കുകയായിരുന്നു. കേസ് ആത്മഹത്യയായി ചിത്രീകരിക്കാനും അന്വേഷണം അവസാനിപ്പിക്കാനുമുള്ള രാഷ്ട്രീയ സമ്മര്‍ദം മുറുകിയതോടെ സത്യസന്ധനായ അദ്ദേഹം രാജിവച്ച് ഒഴിഞ്ഞു.
തുടര്‍ന്ന് എറണാകുളം പ്രസ് ക്ലബില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പൊട്ടിക്കരഞ്ഞുകൊണ്ടാണ് ത്യാഗരാജനെതിരെ ആഞ്ഞടിച്ചത്. സത്യം മൂടിവയ്ക്കാന്‍ കടുത്ത സമ്മര്‍ദമാണെന്നും ഇനി ഇത് താങ്ങാനാകില്ലെന്നും പറഞ്ഞ് അദ്ദേഹം സര്‍വീസില്‍ 10 വര്‍ഷം കൂടി ബാക്കി നില്‍ക്കെ രാജി നല്‍കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: