പീരുമേട്: വാഗമണ്ണില്‍ കഴിഞ്ഞ ദിവസം പോലീസ് കണ്ടെത്തിയ നിശാപാര്‍ട്ടിയ്‌ക്ക് പിന്നാലെ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങളും ആക്ഷേപങ്ങളും. സ്ഥലത്തെ റിസോര്‍ട്ടുകള്‍ കേന്ദ്രീകരിച്ച് അനാശ്വാസ്യവും ലഹരി ഉപയോഗവും വ്യാപകമെന്ന് പരാതി.
ഇത്തരത്തിലുള്ള മോശം വിവരങ്ങള്‍ പുറത്ത് വരുന്നതോടെ മാന്യമായി ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരും ഇതില്‍ അകപ്പെടുകയാണ്. ഒറ്റപ്പെട്ട സ്ഥലവും മൊട്ടക്കുന്നുകളുമായതിനാല്‍ സ്ഥലത്ത് സെക്‌സ് റാക്കറ്റും മദ്യമയക്ക് മരുന്ന് മാഫിയയും പിടിമുറിക്കുന്നതായാണ് പുറത്ത് വരുന്ന വിവരങ്ങള്‍.
വാഗമണ്‍ മേഖലയിലെ 12 കിലോ മീറ്ററിലായി 500ല്‍ അധികം റിസോര്‍ട്ടുകളുള്ളതായാണ് അനൗദ്യോഗിക കണക്ക്. ഇതില്‍ നൂറെണ്ണത്തിന് മാത്രമാണ് ഏലപ്പാറ പഞ്ചായത്തിന്റെ ലൈസന്‍സ് ഉള്ളത്. അവശേഷിക്കുന്നവയെല്ലാം അനധികൃതമായാണ് പ്രവര്‍ത്തിക്കുന്നത്. സമീപത്തായി പീരുമേട് പഞ്ചായത്തിലും ഇത്രയും തന്നെ റിസോര്‍ട്ടുകളുണ്ട്.
ഇവയിലധികവും നിര്‍മ്മിച്ച ശേഷം ഉടമ ലീസിന് നല്‍കുകയാണ് പതിവ്. ഇത്തരത്തിലെടുക്കുന്നവര്‍ പണം ഉണ്ടാക്കാനായി എന്ത് മാര്‍ഗവും സ്വീകരിക്കാന്‍ തയ്യാറാകും. കൂണ് പോലെ റിസോര്‍ട്ടുകള്‍ പൊന്തുമ്പോൾപോലും ഇവരെല്ലാം എങ്ങനെ ഇവിടെ പിടിച്ച് നില്‍ക്കുന്നുവെന്ന ചോദ്യവുമായി നാട്ടുകാരും രംഗത്തുണ്ട്.
കോട്ടയത്ത് നിന്നും മൂലമറ്റത്ത് നിന്നും കട്ടപ്പന ഭാഗത്ത് നിന്നും സ്ഥലത്തേക്ക് എത്താനാകും. ഇതിനാല്‍ തന്നെ ജില്ലയ്‌ക്ക് വെളിയില്‍ നിന്നുള്ളവരാണ് അധികവും ഇവിടെ എത്തുന്നത്. രാത്രിയായാല്‍ ആളുകള്‍ പുറത്തിറങ്ങാത്തതും കോടമഞ്ഞുമാണ് സ്ഥലം അനാശ്വാസത്തിന്റെയും ലഹരി ഉപയോഗത്തിന്റെയും കേന്ദ്രമാകാന്‍ കാരണം.
മിക്ക റിസോര്‍ട്ടുകളും ഒറ്റപ്പെട്ടയിടങ്ങളിലാകും നിര്‍മ്മിച്ചിരിക്കുക. ഇവിടങ്ങളില്‍ ആഴ്ചകളോളം സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ വന്ന് താമസിക്കുന്നതായി പ്രദേശവാസികളും പറയുന്നു.
സംഭവത്തെ തുടര്‍ന്ന് ശക്തമായ പരിശോധന നടത്താന്‍ തയ്യാറെടുക്കുകയാണ് ജില്ലയിലെ പോലീസ്-എക്‌സൈസ് വിഭാഗങ്ങള്‍. മുമ്പും സമാനമായി നിരവധി മയക്ക് മരുന്ന് കേസുകള്‍ വാഗമണ്ണില്‍ പിടികൂടിയിട്ടുണ്ട്. റിസോര്‍ട്ടുകളുടെ രേഖകള്‍ അടക്കം പരിശോധിക്കാന്‍ റവന്യൂ വകുപ്പും മിന്നല്‍ പരിശോധനക്ക് തയ്യാറെടുക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: