ലണ്ടന്‍: കൊറോണ വൈറസിന്റെ രണ്ടാം വരവില്‍ ബ്രിട്ടണിലെ സ്ഥിതി അതീവ ഗുരുതരം. ജനിതക മാറ്റത്തോടെയെത്തിയ വൈറസ് ബാധ ഇന്നലെ സ്ഥിരീകരിച്ചത് 35,000ത്തില്‍ അധികം പേര്‍ക്ക്. ഇത് റെക്കോഡാണ്.
എഴുപത് ശതമാനം പ്രഹരശേഷി കൂടുതലുള്ള കൊറോണയുടെ രണ്ടാം വരവില്‍ യൂറോപ്യന്‍ രാജ്യങ്ങളെല്ലാം വലിയ ജാഗ്രതയില്‍. ഇതിനോടകം അഞ്ച് രാജ്യങ്ങളില്‍ വൈറസ് സ്ഥിരീകരിച്ചു. ഇതോടെ ഇന്ത്യ ഉള്‍പ്പെടെ നിരവധി രാജ്യങ്ങള്‍ യുകെയിലേക്ക് യാത്രാ വിലക്ക് ഏര്‍പ്പെടുത്തി. ഇന്ത്യക്ക് പുറമെ ജര്‍മനി, ഇറ്റലി, ബെല്‍ജിയം, അയര്‍ലന്‍ഡ്, തുര്‍ക്കി, കാനഡ രാജ്യങ്ങളാണ് യുകെയിലേക്കുള്ള എല്ലാ വിമാന സര്‍വീസുകളും താത്കാലികമായി നിര്‍ത്തിവച്ചത്.
പ്രധാനമന്ത്രി ബോറിസ് ജോണ്സണ് യുകെയില്‍ അടിയന്തര മന്ത്രിസഭാ യോഗം വിളിച്ചു. കൂടുതല്‍ പേരിലേക്ക് വൈറസ് പടരുന്ന സാഹചര്യത്തില്‍ കടുത്ത നടപടിയിലേക്ക് രാജ്യം നീങ്ങുമെന്നാണ് സൂചന. യുകെയുമായി അതിര്‍ത്തി പങ്കിടുന്ന ഫ്രാന്‍സ്, എല്ലാ തരത്തിലുള്ള യാത്രാ സംവിധാനങ്ങളും രണ്ട് ദിവസത്തേക്ക് നിര്‍ത്തി. ഇതോടെ ഭക്ഷണത്തിനടക്കം ഇംഗ്ലണ്ടില്‍ ക്ഷാമം ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍. ഫ്രാന്‍സില്‍ നിന്ന് റോഡ് മാര്‍ഗം വലിയ തോതില്‍ ഭക്ഷ്യവസ്തുക്കള്‍ യുകെയില്‍ എത്തിയിരുന്നു. ഫൈസര്‍ വാക്സിന്റെ വിതരണവും യുകെയില്‍ താറുമാറാകുമെന്നാണ് വിലയിരുത്തല്‍. ബെല്‍ജിയത്തില്‍ നിര്‍മ്മിക്കുന്ന ഫൈസര്‍ വാക്സിന്, സൈന്യത്തിന്റെ പ്രത്യേക ഹെലികോപ്റ്ററുകളില്‍ എത്തിക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍.
ഇതിനിടെ, യൂറോപ്പിലെ മറ്റ് രാജ്യങ്ങളിലേക്കും ജനിതക മാറ്റത്തോടെയുള്ള കൊറോണ വൈറസ് പടരുന്നതായാണ് സൂചന. ഇറ്റലി, ഡെന്മാര്ക്ക്, ബെല്‍ജിയം, നെതര്‍ലന്‍ഡ് രാജ്യങ്ങളിലും പുതിയ വൈറസ് സ്ഥിരീകരിച്ചു. സ്ഥിരീകരിച്ച കേസുകളെല്ലാം യുകെയില്‍ നിന്നെത്തിയവര്‍ക്കാണ്. യുകെയില്‍ നിന്ന് ഓസ്ട്രേലിയയിലെത്തിയ രണ്ട് പേര്‍ക്കും ഈ വൈറസ് സ്ഥിരീകരിച്ചു. പുതിയ സാഹചര്യം നിരീക്ഷിച്ചു വരികെയാണെന്ന് ഓസ്ട്രേലിയന്‍ സര്‍ക്കാര്‍ വ്യക്തമാക്കി.
ലണ്ടന്റെ ചില ഭാഗങ്ങളിലും കെന്റ്, എസക്സ്, ഹാര്‍ട്ട്ഫോഡ്ഷയര്‍ തുടങ്ങിയ ഭാഗങ്ങളിലുമാണ് പുതിയ ഇനം വ്യാപകമായി കണ്ടെത്തിയത്. തെക്കന്‍ ഇംഗ്ലണ്ടില്‍ ഇത്തരം ആയിരം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. പ്രാദേശികമായി 60 ഇടങ്ങളില്‍ ഇത് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇവയെ കണ്ടെത്താനും നിലവിലുള്ള പരിശോധന രീതി മതി. പുതിയ തരം വൈറസിനെപ്പറ്റി ബ്രിട്ടനില്‍ വിപുലമായ പഠനം ആരംഭിച്ചിട്ടുണ്ട്. രോഗബാധയുള്ള പ്രദേശങ്ങളിലെ ക്രിസ്മസ് ആഘോഷം പൂര്‍ണമായും ഒഴിവാക്കാന്‍ ബോറിസ് ജോണ്സണ് നിര്‍ദേശിച്ചു.
ഫ്രാന്‍സില്‍ പുതിയ വൈറസ് ഉടന്‍ സ്ഥിരീകരിച്ചേക്കാമെന്ന മുന്നറിയിപ്പ് ഫ്രഞ്ച് ആരോഗ്യമന്ത്രി നല്കി. മറ്റ് രാജ്യങ്ങള്‍ യുകെയിലേക്ക് യാത്രാ വിലക്ക് എര്‍പ്പെടുത്തിയതോടെ യൂറോപ്യന്‍ യൂണിയന് അടിയന്തര യോഗം വിളിച്ചു. ആഹാര സാധനങ്ങള്‍ക്ക് ക്ഷാമം നേരിട്ടേക്കാമെന്ന നിഗമനത്തിലാണ് സംഘടന. ഇതിനിടെ യുകെയിലേക്ക് യാത്രാ വിലക്ക് ഏര്‍പ്പെടുത്താത്തതിനെതിരെ സ്വീഡനില്‍ പ്രതിഷേധവുമുയരുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: